കീടനാശിനി പ്രയോഗത്തെ തുടർന്ന് മരണം: കാവുംഭാഗത്തെ കട അടച്ചുപൂട്ടി

SHARE

തിരുവല്ല ∙ അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ പാടത്ത് കീടനാശിനി പ്രയോഗത്തെ തുടർ‌ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി 2 പേർ മരിച്ച സംഭവത്തിൽ കാവുംഭാഗം അഴിയിടത്തുചിറയിലെ കീടനാശിനി കട കൃഷി വകുപ്പ് ഡയറക്റുടെ ഉത്തരവ് പ്രകാരം അടച്ചുപൂട്ടി സീൽ ചെയ്തു. നെല്ലിനു തളിക്കാൻ കീടനാശിനി വാങ്ങിയതെന്നു സംശയിക്കുന്ന കാവുംഭാഗം അഴിയിടത്തുചിറയിലെ ഇലഞ്ഞിമൂട്ടിൽ ഏജൻസീസ് ആണ് അടച്ചുപൂട്ടിയത്.

പാടശേഖരം ഉടമയുടെ പക്കൽ നിന്നു ലഭിച്ച ബില്ലിലാണ് മരുന്നുവാങ്ങിയ കട സംബന്ധിച്ച് സൂചനയുള്ളത്. എന്നാൽ പാടത്തു തെളിച്ച മുഴുവൻ കീടനാശിനികളും ഇവിടെ നിന്നാണോയെന്ന് വ്യക്തമല്ല. പല കീടനാശിനികളും കൂട്ടിയുള്ള പ്രയോഗമാണ് പാടത്തു നടത്തിയതെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം. ഇതിൽ മിശ്രിതമായി ഏതോ പെ‍ാടിയും ഉപയോഗിച്ചിട്ടുണ്ട്. അഴിയിടത്തുചിറയിലെ കടയ്ക്ക് ഫാക്ടിന്റെ രാസവളം എജൻസിയുണ്ട്. എന്നാൽ കീടനാശിനി വിൽക്കാൻ അനുമതിയുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യവും പരിശോധിച്ചുവരികയാണ്.

മരിച്ച കർഷക തെ‍ാഴിലാളികളുടെ സംസ്കാരം നടത്തി. കഴുപ്പിൽ കോളനിയിൽ സനൽകുമാറി (42)ന്റെ മൃതദേഹം വീട്ടുവളപ്പിലും വേങ്ങൽ ആലംതുരുത്തി മാങ്കളത്തിൽ മത്തായി ഈശോ (തങ്കച്ചൻ–68)യുടെ മൃതദേഹം വേങ്ങൽ സെന്റ് ജോർജ് ഒ‍ാർ‌ത്തഡോക്സ് പള്ളി സെമിത്തേരിയിലുമാണ് സംസ്കരിച്ചത്.

ദേഹാസ്വാസ്ഥ്യമുണ്ടായി ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വേങ്ങൽ ആലംതുരത്തി സ്വദേശികളായ സുനിൽ, ശ്രീക്കുട്ടൻ, ഉണ്ണിക്കൃഷ്ണൻ, പ്രഭാകരൻ എന്നിവർ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. ഇന്ന് രാവിലെ 8ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മരിച്ച സനൽകുമാറിന്റെയും മത്തായി ഈശോയുടെയും വീടുകൾ സന്ദർശിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA