യുവ മാസ്റ്റർമൈൻഡ്: ശാസ്ത്രം കൈപിടിച്ച ജീവിതം

yuva-mastermind
SHARE

കൊച്ചി∙ ശാസ്ത്ര-സാങ്കേതികവിദ്യയിലെ മികവുറ്റ ആശയങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കിയ മലയാള മനോരമ-ഐബിഎസ് മാസ്റ്റർമൈൻഡ്  സീസൺ 9 ഗ്രാൻഡ് ഫിനാലെ ശാസ്ത്രപ്രദർശനത്തിൽ ഇന്നലെ അണിനിരന്നതു കൗതുകകരവും നിത്യജീവിതത്തിൽ സഹായകവുമായ 59 പ്രോജക്ടുകൾ. ഇവയിൽ പലതും വ്യാവസായികമായി ഉയർന്ന മൂല്യമുള്ള പ്രോജക്ടുകളായിരുന്നു. പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡിന്റെ മുഖ്യപ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതികസഹായം നൽകുന്നു. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ– ഡിസ്ക്) മാസ്റ്റർമൈൻഡുമായി സഹകരിക്കുന്നു.

ഷൂ പറയും പോകേണ്ട വഴി

കാഴ്ചശക്തിയില്ലാത്തവർക്കു വേണ്ടിയുള്ള പ്രത്യേക ഹാപ്റ്റിക് ഷൂ കൗതുകമായി. മുൻപിൽ സെൻസറുകൾ ഘടിപ്പിച്ച നിലയിലുള്ള ഈ ഷൂ, നടക്കുന്ന വഴിയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ മൊബൈൽ ഫോൺ വഴി ധരിച്ചയാളെ വിവരമറിയിക്കും.

ഇതു കൂടാതെ ആംഗ്യഭാഷ പരിഭാഷപ്പെടുത്തി സംസാരമാക്കുന്ന കയ്യുറ,  അത്ര നിരപ്പല്ലാത്ത വഴികളിൽ ഓടിക്കാവുന്ന വീൽച്ചെയർ  വോക്കിങ് സംവിധാനം, പടികൾ കയറാൻ സഹായിക്കുന്ന  വോക്കർ, പൂർണമായും തളർച്ച ബാധിച്ചവർക്കുള്ള മൊബിലിറ്റി അസിസ്റ്റന്റ്, നാവു കൊണ്ടു നിയന്ത്രിക്കുന്ന വീൽച്ചെയർ, നാപ്കിനുകൾ മാറേണ്ട സമയത്ത് അതറിയിക്കുന്ന ലൈസ എന്ന സംവിധാനം, ശ്വാസനാളത്തിൽ അന്യവസ്തുക്കൾ കുടുങ്ങിയാൽ പുറത്തെടുക്കാനുള്ള  ഇൻസ്റ്റ-വോക് തുടങ്ങി ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ കൈത്താങ്ങാകാവുന്ന ഒട്ടേറെ കണ്ടുപിടിത്തങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. 

പാമ്പിനെ പിടിക്കും മോപ്! 

പ്രളയശേഷം വീടുവൃത്തിയാക്കുമ്പോൾ ഇഴജന്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാനും പരിഹാരനടപടി സ്വീകരിക്കാനും അവസരമൊരുക്കുന്ന സ്മാർട് മോപ്!  തറ വൃത്തിയാക്കുന്ന മോപ്പിനു മുകളിൽ തെർമോഗ്രാഫിക് ക്യാമറ ഘടിപ്പിച്ചതാണ് വിദ്യാർഥികൾ അവതരിപ്പിച്ച ഈ ഉപകരണം.

scms
എറണാകുളം എസ്‍സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ടീം സ്മാർട് മോപ്പുമായി

ബ്ലേഡില്ലാതെ പ്രവർത്തിക്കുന്ന വൈപ്പർ, കടൽവെള്ളത്തെ പ്രത്യേകരീതിയിൽ ബാഷ്പീകരണത്തിലൂടെ ശുദ്ധജലമാക്കുന്ന കൺവെർട്ടർ, മലിനജലം ശുദ്ധീകരിച്ചു ഹെർബൽ ശുദ്ധജലമാക്കുന്ന ബയോ ടാബ്‌ലറ്റ്, പേരയിലകൾ ഉപയോഗിച്ചു തയാറാക്കിയ ബയോഫിൽറ്റർ തുടങ്ങി നിത്യജീവിതത്തിൽ പ്രയോജനകരമായ ഒട്ടേറെ ആശയങ്ങളും മാസ്റ്റർമൈൻഡിലെത്തി. ‌‌‌‌‌

പ്രളയത്തെ മറികടക്കും സ്ട്രെച്ചർ 

പ്രളയം കേരളത്തെ ആക്രമിച്ച കാലം. രക്ഷാപ്രവർത്തകർക്കു പ്രധാനവെല്ലുവിളിയായതു പരുക്കേറ്റവരെ സ്‌ട്രെച്ചറിൽ ആശുപത്രിയിൽ എത്തിക്കുന്നതിലായിരുന്നു. പ്രത്യേകിച്ചും, ഭാരമുള്ളവരെ സ്‌ട്രെച്ചറിൽ വെള്ളത്തിലൂടെ താങ്ങിയെടുത്തു നടത്താൻ ഏറെ പണിപ്പെടേണ്ടിവന്നു. ഈ കാഴ്ചയാണ് ആംഫിബിയസ് സ്‌ട്രെച്ചർ എന്ന ആശയത്തിലേക്കു തലശേരി നഴ്‌സിങ് കോളജ് വിദ്യാർഥികളെ നയിച്ചത്.

thalassery-nursing-college
ആംഫിബിയസ് സ്‌ട്രെച്ചറുമായി തലശേരി നഴ്‌സിങ് കോളജ് ടീം.

അലുമിനിയം പാനലുകളിൽ ഘടിപ്പിച്ച എയർപാഡുകളിൽ വായു നിറച്ചാണു സ്‌ട്രെച്ചർ രൂപപ്പെടുത്തുന്നത്. ഇതിനായി ചെറിയ ഹാൻഡ് പമ്പുണ്ട്. തൂക്കം കൂടിയ രോഗിയെ സുരക്ഷിതമായി വെള്ളപ്പൊക്കം കടത്തി രക്ഷിക്കാൻ ഒരാൾക്കോ രണ്ടുപേർക്കോ സാധിക്കും.വെള്ളത്തിന്റെ ഒഴുക്കുമൂലം രോഗി മറിയാതെയിരിക്കാൻ പ്രത്യേക സ്ട്രാപ്പുകളും സ്‌ട്രെച്ചറിലുണ്ട്.

കാൻസർ ചികിൽസയ്ക്ക് കാന്തിക നാനോദ്രാവകം

കാൻസർ ചികിൽസയിൽ പുതിയ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ടാർഗറ്റഡ് ഡ്രഗ് ഡെലിവറി ചികിൽസയിൽ ശ്രദ്ധേയമായ ഗവേഷണവുമായി തൃശൂർ വിമല കോളജ് സംഘം മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് പ്രദർശനത്തിലെത്തിയത്. ഇലകളിൽ നിന്നു നിർമിക്കുന്ന പ്രത്യേക കാന്തിക നാനോത്തരികൾ , നാനോദ്രാവകമാക്കി മാറ്റിയാണ് ഇവരുടെ ഗവേഷണം. ഈ കാന്തിക നാനോദ്രാവകം, കാൻസർ രോഗം നിർണയിക്കാനും, രോഗസ്ഥലത്തേക്കു മരുന്ന് എത്തിക്കുന്നതിലും ചികിൽസയിലും ഉപയോഗിക്കാം.

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉന്നമിട്ടുള്ള ശക്തിയേറിയ മരുന്നുകൾ, ആരോഗ്യകരമായ കോശങ്ങളെയും നശിപ്പിക്കാറുണ്ട്.ഇതിനു തടയിടാനാണു ടാർഗറ്റഡ് ഡ്രഗ് ഡെലിവറി ആവിഷ്‌കരിച്ചത്. രോഗബാധിതമായ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അവയിലേക്കു മരുന്നെത്തിക്കുന്ന രീതി. ഇതുമൂലം ആരോഗ്യകരമായ കോശങ്ങൾ നശിക്കില്ല.ഇപ്രകാരം മരുന്നനെ വഹിച്ചുകൊണ്ടുപോകുന്ന ജോലിയാണ് ഈ നാനോദ്രാവകങ്ങൾ നിർവഹിക്കുന്നത്.

നേരത്തെയും പല നാനോദ്രാവകങ്ങൾ ഇതിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ശരീരത്തിന് ഒരു കുഴപ്പവുമില്ലാത്തതാണു തങ്ങൾ വികസിപ്പിച്ച നാനോദ്രാവകമെന്നു ഇവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA