‘സേർച്ച് മെമ്മോ നൽകി, ജനറൽ ഡയറിയിലും എഴുതി’; റെയ്ഡിൽ ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്

Chaithra
SHARE

തിരുവനന്തപുരം∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന സംബന്ധിച്ച് കോടതിക്ക് എസ്പി സേർച്ച് മെമ്മോറാണ്ടം നൽകിയിരുന്നതായി എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനറൽ ഡയറിയിലും രേഖപ്പെടുത്തിയതിനാൽ ചട്ടലംഘനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടാണു മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്കു കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പാർട്ടി ഓഫിസിൽ ഒളിവിലുള്ളതായി ഇയാളുടെ ഫോൺ ചോർത്തി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ്, ഡിസിപിയുടെ അധികച്ചുമതല വഹിച്ചിരുന്ന വനിതാ സെൽ എസ്പി ചൈത്ര 24നു രാത്രി പരിശോധനയ്ക്കു പോയത്. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് സിഐ ഒപ്പമുണ്ടായിരുന്നു. ചിലർ വിവരം ചോർത്തിയതോടെ പ്രതി കടന്നുകളഞ്ഞെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

പോക്സോ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷനിൽ കാണാൻ സമ്മതിച്ചില്ലെന്ന തർക്കത്തിനു പിന്നാലെയാണു കല്ലേറുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട വിഷയമായതിനാൽ റിപ്പോർട്ട് ഡിജിപി പരിശോധിച്ച ശേഷം അദ്ദേഹത്തെ അറിയിക്കും. യുവ വനിതാ ഓഫിസർക്കെതിരെ പൊലീസ് മേധാവി നൽകുന്ന ശുപാ‍ർശയും നിർണായകമാണ്. പ്രതികൂല റിപ്പോർട്ട് നൽകിയാൽ അതു യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു ചില സഹപ്രവർത്തകർ ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. പരിശോധനയുടെ അടുത്ത ദിവസം തന്നെ അധികച്ചുമതല ഒഴിവാക്കി ചൈത്രയെ വനിതാ സെല്ലിലേക്കു മടക്കിയിരുന്നു.

‘തുടർന്നുള്ള സംഭവത്തിൽ ജനൽച്ചില്ല് പൊട്ടി’

തിരുവനന്തപുരം∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ റെയ്ഡിന്റെ പശ്ചാത്തലം നിയമസഭയിൽ വിവരിക്കവെ, പൊലീസ് സ്റ്റേഷനു നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ കല്ലേറ് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിക്കാതെ വിഴുങ്ങി. 

സ്റ്റേഷനിലുണ്ടായിരുന്ന ‘പ്രതിയെ കാണാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്നു സ്റ്റേഷനു മുന്നിൽ കൂടുതൽ പേർ തടിച്ചുകൂടുകയും തുടർന്നുണ്ടായ സംഭവത്തിൽ സ്റ്റേഷനിലെ ജനൽച്ചില്ലുകൾ പൊട്ടി 2000 രൂപ നാശനഷ്ടമുണ്ടായതുമായി കണക്കാക്കുന്നു’ എന്നാണു സഭയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതി ജില്ലാ കമ്മിറ്റി ഓഫിസിലാണെന്നു പ്രതിയുടെ അമ്മ വെളിപ്പെടുത്തിയെന്ന എസ്പി ചൈത്രയുടെ വിശദീകരണവും മുഖ്യമന്ത്രി ഖണ്ഡിച്ചു. താൻ അങ്ങനെ പറഞ്ഞതായി മാധ്യമങ്ങളിൽ വന്നതു ശരിയല്ലെന്നാണ് അവർ എഴുതി നൽകിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു സഭയിൽ സബ്മിഷൻ ഉന്നയിച്ചത്. പോക്സോ കേസ് പ്രതിയെ കാണണമെന്നാവശ്യപ്പെട്ടു സിപിഎം പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കമെന്നു ചെന്നിത്തല പറഞ്ഞു. 

നമ്മുടെ നാട്ടിൽ പാർട്ടി ഓഫിസുകൾ സാധാരണരീതിയിൽ ഇത്തരം പരിശോധനയ്ക്കു വിധേയമാക്കാറില്ലെന്നും രാഷ്ട്രീയ നേതാക്കൾ പൊലീസ് അന്വേഷണത്തിൽ സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാട്സാപ്  ഗ്രൂപ്പ് നിശ്ചലം

തിരുവനന്തപുരം∙ യുവ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഭരണക്ഷി സംഘടനകളും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ ഐപിഎസ് അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പ് നിശ്ചലമായി.എസ്പി ചൈത്ര തെരേസ ജോണിനെ പിന്തുണച്ചോ നടപടിയെ അനുകൂലിച്ചോ ഒരാളുടെ സന്ദേശം പോലും ഗ്രൂപ്പിലെത്തിയില്ല.പ്രതിയെ പിടിക്കാൻ എസ്പി നടത്തിയ പരിശോധന നിയമപരമായി ശരിയെന്നു ബോധ്യമുണ്ടായിട്ടും നിലപാട് പ്രകടിപ്പിക്കാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതി. ഐപിഎസ് അസോസിയേഷൻ ഇക്കാര്യത്തിൽ കൂടിയാലോചന നടത്താൻ പോലും ധൈര്യപ്പെട്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA