കേരളത്തിലെ കോൺഗ്രസിനോട് രാഹുലിന്റെ ആഹ്വാനം: ഇനിയും വരണം വനിതകൾ

rahul-meeting-crowd
SHARE

കൊച്ചി ∙ ‘കുറച്ചു വനിതാ നേതാക്കൾക്കു കൂടി ഈ വേദിയിൽ ഇടം നൽകിയിരുന്നെങ്കിൽ എന്നാശിക്കുന്നു’ – കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നു പ്രഖ്യാപിച്ച ശേഷമായിരുന്നു വനിതകൾ ശുഷ്കമായ വേദിയിലേക്കു നോക്കി രാഹുലിന്റെ പരാമർശം. വേദിയിൽ ലതിക സുഭാഷ്, പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ, കേരളത്തിന്റെ ചുമതലയുള്ള മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഷമീന ഷഫീഖ് എന്നീ വനിതാ നേതാക്കൾക്കു മാത്രമാണ് ഇടം കിട്ടിയത്.

‘കോൺഗ്രസ് വനിതകളുടെ അവകാശങ്ങളെ മാനിക്കുന്നു. അതേസമയം തന്നെ, ആചാരങ്ങളെയും പാരമ്പര്യത്തെയും ആദരിക്കുകയും ചെയ്യുന്നു’ – അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തിയത് അക്രമ സമരങ്ങളാണെന്ന് ആരോപിച്ച രാഹുൽ, കേരളത്തെ രണ്ടായി വിഭജിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

ഉമ്മൻചാണ്ടിക്ക് കയ്യടി, ആന്റണിക്ക് അഭിനന്ദനം

rahul-gandhi-ak-antony

കൊച്ചി ∙ മറൈൻ ഡ്രൈവിലെ കോൺഗ്രസ് സമ്മേളന വേദിയിൽ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ  ഇടം പിടിച്ചപ്പോൾ താരമായതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ പേരു പരാമർശിക്കപ്പെട്ടപ്പോഴൊക്കെ സദസ്സ് ആർത്തിരമ്പി. പ്രസംഗിക്കാനെത്തിയപ്പോഴും അതു തുടർന്നു. ‘ 20 ൽ 20 സീറ്റും ജയിക്കാനായി എല്ലാവരും പ്രയത്നിക്കണം’ എന്നു മാത്രമായിരുന്നു അദ്ദേഹം നിർദേശിച്ചത്. തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം നല്ലതല്ലെന്നു തുറന്നടിച്ച എ. കെ. ആന്റണിയെ പ്രസംഗ ശേഷം രാഹുൽ അഭിനന്ദിച്ചു.

സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി ഉയർന്ന കെ.സി. വേണുഗോപാലിനെയും കരഘോഷത്തോടെയാണു സദസ്സ് വരവേറ്റത്. കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരന്റെയും വർക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെയും ഹൈബി ഈഡൻ എംഎൽഎയുടെയും പേരുകൾ പരാമർശിക്കപ്പെട്ടപ്പോഴും സദസ്സ് െകെയടിച്ചു

മതിമറക്കരുത്: ആന്റണി

കൊച്ചി ∙ പാർട്ടിയുടെ പുത്തനുണർവിലും വിജയപ്രതീക്ഷയിലും മതിമറക്കേണ്ടെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ മുന്നറിയിപ്പ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി മറക്കരുത്. ജനവികാരം നരേന്ദ്ര മോദിക്കും പിണറായി വിജയനും എതിരാണ്, പക്ഷേ, അതുകൊണ്ടു മാത്രം തിരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. കോൺഗ്രസിനു പരമാവധി എംപിമാർ കേരളത്തിൽ നിന്നുണ്ടാകണം. അതിനായി നേതാക്കൾക്കും പ്രവർത്തകർക്കും ജനങ്ങളുമായി ബന്ധമുണ്ടാകണം. ബൂത്ത് തലം മുതലുള്ള കമ്മിറ്റികൾ ജനങ്ങളുമായി അടുത്തു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവർ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡന്റിന് ക്ഷണം

rahul-gandhi-1
ബൂത്ത് നന്നാവട്ടെ: കൊച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രസംഗസ്ഥലം ഉൾപ്പെടുന്ന ബൂത്തിന്റെ പ്രസിഡന്റ് റോസി സ്റ്റാൻലി അനുഗ്രഹിക്കുന്നു. കെ.സി.വേണുഗോപാൽ, കെ.വി.തോമസ്, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹനാൻ എന്നിവർ സമീപം. ചിത്രം: ഇ. വി. ശ്രീകുമാർ ∙മനോരമ

കൊച്ചി ∙ കോൺഗ്രസ് ബൂത്ത് ഭാരവാഹികളാണു പാർട്ടിയുടെ അടിസ്ഥാനവും നട്ടെല്ലുമെന്നു വിശേഷിപ്പിച്ചാണു രാഹുൽ പ്രസംഗം ആരംഭിച്ചത്. തുടർന്ന് മറൈൻ ഡ്രൈവ് ഉൾപ്പെടുന്ന കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് റോസി സ്റ്റാൻലിയെ അദ്ദേഹം വേദിയിലേക്കു ക്ഷണിച്ചപ്പോൾ സദസ്സ് ഇരമ്പി. ‌‌റോസിയെ ഷാൾ അണിയിച്ചപ്പോൾ അവർ രാഹുലിന്റെ ശിരസ്സിൽ കൈകൾ ചേർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA