എസ്പിയും ബിഎസ്പിയും മഹാസഖ്യത്തിന്; ഒറ്റയ്ക്ക് പോരാടാൻ കോൺഗ്രസ്

akhilesh-rahul-mayawati
SHARE

ലക്നൗ ∙ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയും (എസ്പി) ബഹുജന്‍ സമാജ്‌വാദി പാർട്ടിയും (ബിഎസ്പി) മഹാസഖ്യവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് പോരാടാൻ കോൺഗ്രസ്. കോൺഗ്രസുമായി സഖ്യമില്ലാതെ അഖിലേഷ് യാദവും മായാവതിയും മഹാസഖ്യത്തിലേക്കു നീങ്ങിയതോടെയാണ് ബിജെപിക്കെതിരെ കോൺഗ്രസ് ഒറ്റയ്ക്കു പോരിനിറങ്ങുമെന്ന വിവരങ്ങൾ വരുന്നത്.

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മല്‍സരിക്കാൻ പാർട്ടി തയാറാണെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസിന്റെ രാജ്യസഭാംഗമായ പി.എൽ.പൂനിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യമെന്നതു പ്രധാനമല്ല. ഞങ്ങളുടെ പ്രവർത്തകർ തയാറാണ്. സഖ്യത്തിനായി ഞങ്ങൾ ആരോടും സംസാരിച്ചിട്ടില്ല– അദ്ദേഹം പറഞ്ഞു.

‌ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ സീറ്റ് വിഭജന വിഷയത്തിൽ മായാവതിയും അഖിലേഷും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും യുപിയിൽ കോൺഗ്രസില്ലാത്ത സഖ്യത്തിനാണു പ്രാധാന്യം നൽകിയത്. അതേസമയം, കോൺഗ്രസിനെ തഴയുന്നതായുള്ള ആരോപണങ്ങൾ സമാജ്‍വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് തള്ളി. ഇത്തരം വാര്‍ത്തകൾ സാങ്കൽപ്പികം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

മധ്യപ്രദേശിൽ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരിൽ സമാജ്‍വാദി പാർട്ടിയുടെ ഒരേയൊരു നിയമസഭാംഗത്തിനു മന്ത്രിസ്ഥാനം നൽകാതിരുന്നതിൽ അഖിലേഷ് യാദവ് കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. മധ്യപ്രദേശിൽ തങ്ങളുടെ നിയമസഭാംഗത്തെ മന്ത്രിയാക്കാത്തതിൽ കോൺഗ്രസിനോട് നന്ദിയുണ്ട്. ഉത്തര്‍പ്രദേശിലെ വഴിയാണ് ഇപ്പോൾ വ്യക്തമായത്– സഖ്യസാധ്യതകളെ പരാമർശിച്ച് അഖിലേഷ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA