ബാബ്റി മസ്ജിദ് തകർക്കുന്നതു തടയാൻ കോൺഗ്രസ് പരാജയപ്പെട്ടു: മണിശങ്കർ അയ്യർ

mani-shankar-aiyar
SHARE

ന്യൂഡൽഹി∙ 1992ൽ ബാബ്റി മസ്ജിദ് തകർക്കുന്നതു തടയാൻ നരസിംഹ റാവു സർക്കാർ പരാജയപ്പെട്ടെന്നു കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. മസ്ജിദ് തകർക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഒന്നും സ്വീകരിച്ചില്ലെന്നും ‘ഏക് ഷാം ബാബ്റി മസ്ജിദ് കെ നാം’ എന്ന പേരിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു ഭരണഘടനാവിരുദ്ധ പരിപാടി തടയാനാവാത്തതിൽ ഒരു ഒഴിവും പറഞ്ഞു ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ കോണ്‍ഗ്രസിൽനിന്നുള്ളയാളാണ്. ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നതു തടയേണ്ടതു തങ്ങളുടെ ചുമതലയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. എന്തുകൊണ്ട് അതു തടയാനായില്ലെന്നതിന് ഒരു ഒഴിവുകഴിവും പറഞ്ഞിട്ടു കാര്യമില്ല. അതു തടയേണ്ടതായിരുന്നു. അത‌് ഇന്ത്യയെ വീണ്ടും വിഭജിക്കാൻ പോകുന്നതായിരുന്നു. ഹിന്ദു – മുസ്‌ലിം വിഭാഗീയത സൃഷ്ടിച്ചു രാജ്യത്തിന്റെ അടിസ്ഥാനത്തെ തകർക്കാനുള്ള ശ്രമമായിരുന്നു. നമ്മുടെ ദേശീയോദ്ഗ്രഥനമാണ് അന്നു ലക്ഷ്യമിട്ടത്.

ഈ കാട്ടാള പ്രവൃത്തിക്കു പിന്നിൽ പ്രവർത്തിച്ചിരുന്നവർക്കു വീണ്ടും 2014ൽ ജനങ്ങൾ ഒരു അവസരം കൊടുത്തു. എന്നാൽ ആ അവസരം പൂർണമായി അവർ നശിപ്പിച്ചു. മസ്ജിദ് തകർത്തവരെ ഈ രാജ്യത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നില്ല. 2014ൽ 31% ഇന്ത്യക്കാർ അവർക്കു പിന്തുണ കൊടുത്തെങ്കിലും അതിനു പിന്നിൽ മറ്റുപല കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അവരതു പൂർണമായി നശിപ്പിച്ചു. ഇന്ത്യൻ ജനങ്ങൾക്കു മതനിരപേക്ഷരായി ജീവിക്കാനാണു താൽപര്യമെന്ന് എനിക്കറിയാം’ – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി മുസ്‌ലിം സമുദായത്തെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ സാഹചര്യങ്ങളെ നേരിടാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാൻ കോൺഗ്രസ് തയാറാണെന്നും മണിശങ്കർ അയ്യർ പറഞ്ഞു. എന്നാൽ തനിക്ക് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. നീതിയെന്താണെന്നു മറക്കാതെ സാഹചര്യങ്ങളെ നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നും അയ്യർ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA