ആലോക് വർമയെ പുറത്താക്കി; സിബിഐയെ വിടാതെ കേന്ദ്ര സർക്കാർ

Narendra-Modi-Alok-Verma
SHARE

ന്യൂഡൽഹി ∙ സിബിഐ തലപ്പത്ത് വീണ്ടും സ്ഥാനചലനം. സുപ്രീംകോടതി ഉത്തരവിലൂടെ കഴിഞ്ഞദിവസം സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ ആലോക് വർമയെ പുറത്താക്കി. ഡയറക്ടറെ സംബന്ധിച്ചു തീരുമാനമെടുക്കാൻ അധികാരമുള്ള ഉന്നത സമിതിയുടേതാണു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടെ യോഗം രണ്ടു മണിക്കൂർ നീണ്ടു. ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെയും ചീഫ് ജസ്റ്റിസിനു പകരക്കാരനായി സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി എ.കെ.സിക്രിയുമാണ് യോഗത്തിൽ പങ്കെടുത്തത്. മല്ലികാർജുൻ ഖർഗെയുടെ വിയോജിപ്പ് തള്ളിയാണു തീരുമാനം.

കഴിഞ്ഞ ഒക്ടോബർ 23ന് അർധരാത്രിയാണു വർമയെ നീക്കിയുള്ള ഉത്തരവിറങ്ങിയത്. കൈക്കൂലി വാങ്ങിയെന്നതുൾപ്പെടെ വർമയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ചില പരാതികൾ കഴിഞ്ഞ ഓഗസ്റ്റ് 31ന് കാബിനറ്റ് സെക്രട്ടറി കേന്ദ്ര വിജിലൻസ് കമ്മിഷന് (സിവിസി) അന്വേഷണത്തിനായി കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിൽ, വർമയെ ചുമതലയിൽനിന്നു നീക്കി കഴിഞ്ഞ ഒക്ടോബർ 23ന് സിവിസിയും പഴ്സനേൽ വകുപ്പും ഉത്തരവിറക്കി. അന്നു തന്നെ, എം.നാഗേശ്വര റാവുവിന് ഡയറക്ടറുടെ ചുമതല നൽകി പഴ്സനേൽ വകുപ്പ് മറ്റൊരു ഉത്തരവുമിറക്കി.

ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ നടപടി സുപ്രീംകോടതി ഈ മാസം റദ്ദാക്കിയ പശ്ചാത്തലത്തിൽ ആലോക് വർമ ബുധനാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഉന്നത സമിതിയുടെ തീരുമാനം വരുന്നതുവരെ ദൈനംദിന നടപടികളൊഴികെയുള്ള കാര്യങ്ങളിൽ വർമ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈമാസം 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

ഉന്നത സമിതിയുടെ യോഗം നടക്കുന്ന സമയത്തു സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ആലോക് വർമ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു. അഞ്ച് ഉദ്യോഗസഥരെ അദ്ദേഹം സ്ഥലം മാറ്റി. രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥർക്കു നൽകി. തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലംമാറ്റവും റദ്ദാക്കിയിരുന്നു.

പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ടതാണ് ഉന്നത സമിതി. പ്രതിപക്ഷ നേതാവില്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനാണ് അംഗത്വം. ചീഫ് ജസ്റ്റിസിനു മറ്റൊരു ജഡ്ജിയെ നിയോഗിക്കാനും വ്യവസ്ഥയുണ്ട്. ആലോക് വർമയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറഞ്ഞത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. വിധിന്യായം എഴുതിയതും ചീഫ് ജസ്റ്റിസായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ജസ്റ്റിസ് സിക്രിയെ നിയോഗിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA