രാഹുലിന്റെ വാക്കുകൾ സ്ത്രീവിരുദ്ധവും കുറ്റകരവും: മറുപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ

Nirmala-Sitharaman,-Rahul-Gandhi
SHARE

ന്യൂഡൽഹി∙ പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെതിരായ പരാമർശങ്ങളുടെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മിഷൻ നോട്ടിസ്. ഒരു ‘മഹിള’യെ ആരോപണങ്ങൾ പ്രതിരോധിക്കാന്‍ ഏൽപിച്ചു പ്രധാനമന്ത്രി മോദി ഓടിപ്പോയെന്ന രാഹുലിന്റെ പരാമർശമാണു വിവാദത്തിലായത്. രാഹുലിന്റെ പ്രസ്താവന രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ളതാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു വനിതാ കമ്മിഷന്റെ നടപടി.

ജനുവരി 9ന് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. രാഹുലിന്റെ പരാമർശങ്ങൾ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും കുറ്റകരവും അസാന്മാർഗികവുമാണ്. പൊതുവായി സ്ത്രീകളുടെ അന്തസ്സിനെ അങ്ങേയറ്റം അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണിത്. പ്രധാന സ്ഥാനങ്ങളിലുള്ളവർ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിൽ വനിതാ കമ്മീഷൻ അപലപിക്കുന്നതായും നോട്ടിസിൽ ഉണ്ട്. വിഷയത്തിൽ രാഹുൽ വിശദീകരണം നൽകണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.

ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോടു വിശദീകരണം ചോദിച്ചിരിക്കുന്നതെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു. രാഹുലിന്റെ ആരോപണം സ്ത്രീവിരുദ്ധവും പരിതാപകരവുമാണ്. അതുകൊണ്ടാണു നോട്ടിസ് അയച്ചതെന്നും അവർ വ്യക്തമാക്കി.

മോദിജിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, സ്ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ സംസ്കാരം വീടുകളിൽനിന്നാണു തുടങ്ങുന്നത്. ഇളകുന്നതു നിർത്തൂ. പുരുഷനെ പോലെ എന്റെ ചോദ്യത്തിന് മറുപടി നൽകൂ. യഥാർഥ റഫാൽ കരാറിൽ താങ്കൾ ഇടപെട്ടപ്പോൾ പ്രതിരോധമന്ത്രാലയമോ, വ്യോമസേനയോ എതിർത്തിരുന്നോ?. അതെയോ അല്ലയോ?, ട്വിറ്ററിൽ രാഹുൽ ചോദിച്ചു. 

പാർലമെന്റിൽ പ്രധാനമന്ത്രിയെത്താത്ത സംഭവം പരാമർശിച്ചാണു രാഹുൽ ബുധനാഴ്ച പ്രതികരിച്ചത്. 56 ഇഞ്ച് നെഞ്ചുള്ള കാവല്‍ക്കാരൻ ഓടിപ്പോയെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ആരോപണം. സീതാരാമൻജി, പ്രതിരോധിക്കൂ. എനിക്ക് സ്വയം ഇത് പ്രതിരോധിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് പ്രധാനമന്ത്രി പോയി.എന്നാൽ രണ്ടര മണിക്കൂറെടുത്തിട്ടും ആ സ്ത്രീക്ക് അതിനു സാധിച്ചില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണെന്നു പ്രധാനമന്ത്രിയും ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA