sections
MORE

പോരാട്ടം മോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിൽ; ഭരണത്തുടർച്ച ഉറപ്പ്: അമിത് ഷാ

amit-shah
SHARE

ന്യൂഡൽഹി ∙ കേന്ദ്രത്തിൽ അധികാരത്തുടർച്ച ഉറപ്പാണെന്നും മോദി അപരാജിതനായി തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. രാംലീല മൈതാനത്തു പാർട്ടി നിർവാഹകസമിതി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വിദിന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12,000 പ്രവർത്തകരാണു പങ്കെടുക്കുന്നത്.

സാമ്പത്തിക സംവരണത്തിനു നടപടിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള മോദിയുടെ തീരുമാനം ചരിത്രപരമാണ്. വർഷങ്ങളായുള്ള ആവശ്യമാണിത്. അതു യാഥാർഥ്യമാക്കിയത് മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് – ഷാ അവകാശപ്പെട്ടു.

2014 ലെ വിജയം 2019 ലും ആവർത്തിക്കും. ബിജെപിക്കു മാത്രമല്ല, വലിയ വിഭാഗം ജനത്തെ സംബന്ധിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം അതീവ പ്രധാന്യമുള്ളതാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്ക് ഇത്തവണത്തെ വിജയം ആവശ്യമാണ്. അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി എന്നിവരാണു ബിജെപിക്കു ജനസമ്മതിയുണ്ടാക്കിയ പ്രധാനപ്പെട്ട നേതാക്കൾ. വാജ്പേയിയുടെ സാന്നിധ്യമില്ലാത്ത ആദ്യ കൗൺസിൽ യോഗമാണിത്.

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് രണ്ടു വ്യത്യസ്ത ആശയധാരകൾ തമ്മിലാണ്. മോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിലാണു മത്സരം. 30 വർഷത്തെ മുന്നണി സർക്കാരുകളെ അപേക്ഷിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ സർക്കാരാണിത്. നേരത്തേ ആറു സംസ്ഥാനങ്ങളിലാണു ബിജെപി ഭരിച്ചിരുന്നത്. ഇപ്പോഴത് 16 സംസ്ഥാനങ്ങളിലേക്കു വളർന്നു. ബംഗാളിൽ പോലും സർക്കാരുണ്ടാക്കാൻ പാർട്ടി തയാറാണ്.

70 വർഷം കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അവഗണിച്ച പാവപ്പെട്ടവർക്കായി മികച്ച പ്രവർത്തനമാണു മോദി നടത്തിയത്. പണ്ടൊരുകാലത്ത് കോൺഗ്രസും മറ്റുള്ളവരും എന്നായിരുന്നു മത്സരം. ഇപ്പോൾ‌ ബിജെപിയും ബാക്കിയെല്ലാവരും എന്നാണ്. എന്തുകൊണ്ടാണിത്? പ്രധാനമന്ത്രി മോദിയെ ഒഴിവാക്കുകയെന്നത് അസാധ്യമാണെന്ന് അവർക്കു മനസ്സിലായി. മോദിയുടെ സ്വീകാര്യതയാണിതു കാണിക്കുന്നത്.

മഹാസഖ്യം എന്ന കുടയ്ക്കു കീഴെ ചുറ്റിനടക്കുകയാണു ചിലർ. 55 വർഷം അവരെന്താണു ചെയ്തത്? 2014 വരെ 60 കോടി ജനത്തിനു ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു. പ്രധാനമന്ത്രി മോദി നാലര വർഷം കൊണ്ട് അവർക്കു ബാക്ക് അക്കൗണ്ടും പാചകവാതകവും ശുചിമുറി തുടങ്ങിയവയും നൽകി. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും 2022 ഓടെ വീട് നൽകും. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്ക് വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കി.

50 കോടി ജനങ്ങൾക്കു മോദി സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം കിട്ടുന്നു. വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവർക്കു വായ്പ നൽകിയത് കോൺഗ്രസാണ്. മോദി സർക്കാർ ശക്തമായ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്നു കണ്ടാണ് അവരെല്ലാം നാടുവിട്ടത്. കോൺഗ്രസ് ഭരണത്തിൽ രാജ്യം സുരക്ഷിതമല്ലായിരുന്നു.

ഉറി ഭീകരാക്രമണത്തിന് മിന്നലാക്രമണത്തിലൂടെ നമ്മൾ മറുപടി നൽകി. വെടിയുണ്ടകൾ ഉപയോഗിച്ചവരെ അതേ മാർഗത്തിലൂടെ പ്രതിരോധിച്ചു. ഈ സർക്കാരിന്റെ കാലത്തു ഭീകരാക്രമണങ്ങൾ കുറഞ്ഞു. രാമക്ഷേത്രം അയോധ്യയിൽ നിർമിക്കണമെന്നു തന്നെയാണു ബിജെപിയുടെ ആവശ്യം. ക്ഷേത്ര നിർമാണം ബിജെപിയുടെ കടമയാണ്.

ക്ഷേത്രനിർമാണ പ്രക്രിയയ്ക്കു പലവിധ തടസ്സങ്ങളുണ്ടാക്കുന്നതു കോൺഗ്രസാണ്. സുപ്രീംകോടതിയിലുള്ള കേസിൽ സാധ്യമായ പ്രശ്നപരിഹാരത്തിനു പാർട്ടി ശ്രമിക്കുന്നുണ്ട്. രാജ്യസുരക്ഷയെപ്പറ്റി ആശങ്കയില്ലാത്തതിനാലാണു രാഹുലും കൂട്ടരും പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നത്. അവർക്കു വോട്ട് മാത്രമേ വേണ്ടൂ.

പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ റഫാൽ ഇടപാടിൽ ഒരു തെളിവുമില്ലാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. തക്കതായ മറുപടി മന്ത്രി നൽകുകയും ചെയ്തു. മുത്തലാഖ് മുതൽ ഹജ് സബ്സിഡി വരെ, ജിഎസ്ടി മുതൽ നോട്ടുനിരോധനം വരെ രാജ്യത്ത് അടിമുടി മാറ്റമാണു ബിജെപി സർക്കാർ നടപ്പാക്കിയത്– അമിത് ഷാ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, എൽ.കെ.അഡ്വാനി എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA