ട്രെയിനിൽ യുവതി തലകറങ്ങി വീണു; മനുഷ്യത്വമില്ലാതെ റെയിൽവെ

Jaipur-Junction-railway-station
SHARE

കൊച്ചി∙ റെയിൽവേ ഹെൽപ് ലൈൻ നമ്പരുകൾ കൊണ്ടു യാത്രക്കാർക്കു ഗുണമില്ലെന്നു പരാതി. ഷാലിമാർ– തിരുവനന്തപുരം എക്സ്പ്രസിൽ വ്യാഴാഴ്ച വൈകിട്ട് തലകറങ്ങി വീണ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയ സഹയാത്രക്കാർക്കാണു ദുരനുഭവമുണ്ടായത്.

യുവതി എറണാകുളത്തുനിന്നു ആലപ്പുഴിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വാതിലിനു സമീപം നിന്നിരുന്ന ഇവർ തലകറങ്ങി അടുത്തനിന്ന യാത്രക്കാരുടെ ഇടയിലേക്കു വീഴുകയായിരുന്നു. തുറവൂരിനു മുൻപായിരുന്നു സംഭവം.

റെയിൽവേ ഹെൽപ് ലൈൻ നമ്പരായ 182ൽ വിളിച്ചപ്പോൾ അത് സുരക്ഷാ സേനയുടെ നമ്പരാണ് 138ൽ വിളിക്കാനായിരുന്നു മറുപടി. 138ൽ വിളിച്ചപ്പോഴാണു യാത്രക്കാർ ശരിക്കും വെട്ടിലായത്. ചോദ്യങ്ങളുടെ നീണ്ട പട്ടികയാണു ഫോണിന്റെ മറുതലയ്ക്കൽ ഉയർന്നത്.

പെൺകുട്ടിക്ക് എത്ര വയസുണ്ട്, വിലാസം, എന്താണ് അസുഖം തുടങ്ങിയ ചോദ്യങ്ങൾക്കു മുൻപിൽ സഹായം തേടി വിളിച്ചവർ കുടുങ്ങി. പെൺകുട്ടി ഒറ്റയ്ക്കാണു യാത്ര ചെയ്യുന്നതെന്നു പറഞ്ഞെങ്കിലും റെയിൽവേ ഉദ്യോഗസ്ഥ ചോദ്യങ്ങൾ ആവർത്തിച്ചു. ടിടിഇയോടു തിരുവനന്തപുരത്തേക്കു വിളിക്കാനായിരുന്നു ആദ്യ നിർദേശം.

ജനറൽ കോച്ചിൽ ടിടിഇയില്ലെന്നു പറഞ്ഞതോടെ ഫോണെടുത്തവർക്ക് ഉത്തരമില്ലാതായി. സഹികെട്ട യാത്രക്കാർ ഒടുവിൽ തുറവൂരിൽ എത്തിയപ്പോൾ ലോക്കോപൈലറ്റിനെ പോയി കണ്ടു. യുവതിയെ മറ്റൊരു യാത്രക്കാരിക്കൊപ്പം ചേർത്തലയിൽ ഇറക്കി.

ഹെൽപ് ലൈൻ നമ്പരുകൾ പ്രഹസനമാണെന്നു യാത്രക്കാരനായ ശാന്ത്‌ലാൽ പറഞ്ഞു. ട്രെയിൻ വൈകുന്നതുൾപ്പെടെ പരാതി പറയാൻ വിളിച്ചാൽ ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണെന്ന മറുചോദ്യങ്ങളാണു കേൾക്കുകയെന്നു യാത്രക്കാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA