‘ദൃശ്യം’ മോഡലിൽ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

murder
SHARE

ഇൻഡോർ∙ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും മൂന്നു മക്കളും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. 2016 ഒക്ടോബർ 16നു മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ട്വിങ്കിൾ ഡാഗരെയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ(65), മക്കളായ അ‍ജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണു പിടിയിലായത്.

കൊല്ലപ്പെട്ട പെൺക്കുട്ടിക്കു ജഗദീഷുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ജഗദീഷിനോടൊപ്പം കഴിയണമെന്നു ട്വിങ്കിൾ വാശി പിടിച്ചതോടെ മൂന്നു മക്കളുടെയും സഹായത്താൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു. 2016 ഒക്ടോബർ 16നു ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പിന്നീട് മൃതദേഹം മറവു ചെയ്യുകയും അതേസമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ചിടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ആദ്യം ഈ സ്ഥലമാണു ജഗദീഷും സംഘവും ചൂണ്ടിക്കാട്ടിയത്. പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത്. കൊലപാതകത്തിന് മുൻപ് ഇവർ ‘ദൃശ്യം’ സിനിമ ഒട്ടേറെ തവണ കണ്ടതായി ഡിഐജി പറഞ്ഞു. ഇതിന്റെ സ്വാധീനത്തിലാണു നായയെ കുഴിച്ചിട്ടത്.

പിന്നീട് ഗുജറാത്തിലെ ലബോറട്ടറിയിൽ ജഗദീഷിനും രണ്ടും മക്കൾക്കും നടത്തിയ ബ്രെയിൻ ഇലക്ട്രിക്കൽ ഓക്സിലേഷൻ സിഗ്നേച്ചർ (ബിഇഒഎസ്) ടെസ്റ്റ് വഴിയാണു കുറ്റം തെളിഞ്ഞതെന്നു ഡിഐജി പറഞ്ഞു. ‘ മസ്തിഷ്ക വിരലടയാളം’ എന്നറിയപ്പെടുന്ന ബിഇഒഎസ് വഴി ഇൻഡോറിൽ തെളിയിക്കുന്ന ആദ്യ കുറ്റകൃത്യമാണ് ഇത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ജഗദീഷ് കരോട്ടിയ ഒരു മുൻ ബിജെപി എംഎൽഎയുടെ അടുത്ത ആളാണെന്നും പൊലീസിൽ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നു രക്ഷപെടുമെന്നും ട്വിങ്കിളിന്റെ കുടുംബം ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA