വിമാനവില കൂട്ടിയത് മോദിയുടെ ‘കടുംപിടിത്തം’; റഫാലിൽ പുതിയ വെളിപ്പെടുത്തൽ‌

narendra-modi-rafale
SHARE

ന്യൂഡൽഹി ∙ മുൻപു പറഞ്ഞുറപ്പിച്ചതിനേക്കാൾ കുറഞ്ഞ എണ്ണം വാങ്ങിയതിനാലാണു റഫാൽ യുദ്ധവിമാനങ്ങൾക്കു വില കൂടിയതെന്നു വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമമാണു കണക്കുകൾ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്. യുപിഎ സർക്കാർ 126 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ നേരിട്ടുപോയി നടത്തിയ ഇടപാടിൽ വിമാനങ്ങൾ 36 ആയി കുറച്ചു. ഇതാണ് വിമാനവിലയിൽ 41.42 ശതമാനം വർധനയുണ്ടാക്കിയത്.

ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം (ഇന്ത്യ സ്പെസിഫിക് എൻഹാൻസ്മെന്റ്–ഐഎസ്ഇ) വരുത്തി 13 വിമാനങ്ങൾ നൽകാമെന്നും മോദിയുടെ കരാറിലുണ്ടായിരുന്നു. ഇതാണ് വില കൂടാനുള്ള മറ്റൊരു കാരണം. റഫാൽ വിമാനങ്ങളുടെ വില എൻഡിഎ സർക്കാർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഫ്രാൻസുമായുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചാണു വില ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിടാത്തതെന്നാണു സർക്കാരിന്റെ വാദം. എന്നാൽ വിമാനവില പുറത്തുവിടുന്നതിൽ നിയന്ത്രണമില്ലെന്നു ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നു. 126 വിമാനങ്ങളിൽ 18 എണ്ണം പൂർണസജ്ജമായ നിലയിലും ബാക്കി 108 എണ്ണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കാനുമായിരുന്നു മുൻ ധാരണ.

2007ൽ യുപിഎ ഭരണകാലത്ത് ഒരു വിമാനത്തിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011ൽ വില 100.85 ദശലക്ഷം യൂറോയിലേക്ക് ഉയർന്നു. 2016ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുൻവിലയിൽ ഒൻപതു ശതമാനം ഇളവ് നൽകാമെന്നു ഫ്രാൻസ് അറിയിച്ചു. ഇതനുസരിച്ച് വിമാനമൊന്നിന്റെ വില 91.75 ദശലക്ഷം യൂറോ. അതേസമയം, 13 ‘ഇന്ത്യൻ വിമാന’ങ്ങളുടേതടക്കം രൂപകൽപനയ്ക്കും നിർമാണത്തിനുമായി 1.4 ബില്യൻ യൂറോ നൽകണമെന്നു വിമാന നിർമാണ കമ്പനിയായ ഡാസോ അറിയിച്ചു. വിലപേശലിൽ ഈ തുക 1.3 ബില്യൻ യൂറോയായി കുറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ കരാറിൽ 36 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനിച്ചത്. ഇതോടെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി കണക്കാക്കിയ ചെലവുതുക 2007ൽ ഒരു വിമാനത്തിന് 11.11 ദശലക്ഷം യൂറോ ആയിരുന്നത് 2016ൽ 36.11 ദശലക്ഷം യൂറോയിലേക്ക് ഉയർന്നു. 126 വിമാനങ്ങളുടെ അതേ ചെലവുതുകയാണ് 36 എണ്ണത്തിനും ഈടാക്കിയതെന്നാണു സൂചന. ഇത്രയുമുയർന്ന തുക നൽകുന്നതിനെ ഏഴംഗ ഉന്നത സമിതിയിലെ മൂന്ന് ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. എന്നാൽ, 4–3 ഭൂരിപക്ഷത്തിൽ ഈ തീരുമാനത്തിന് അനുമതിയായെന്നും വാർത്തയിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA