ബിജെപി സർക്കാരിനെ മാറ്റൂ: മമതയുടെ യുദ്ധപ്രഖ്യാപനമായി പ്രതിപക്ഷ റാലി

Mamata–Banerjee–United–India–Rally
SHARE

കൊൽക്കത്ത ∙ ‘കേന്ദ്ര സർക്കാരിനെ മാറ്റൂ’ എന്ന യുദ്ധപ്രഖ്യാപനത്തോടെ ബംഗാൾ‌ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന വിശാല പ്രതിപക്ഷ റാലിക്കു സമാപനം. മോദി സർക്കാരിന്റെ കാലാവധി അവസാനിച്ചെന്നും വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ എല്ലാം ഒത്തുചേർന്ന റാലിയിൽ ഏറ്റവും അവസാനമാണ് മമത പ്രസംഗിച്ചത്. കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച മമത, ബിജെപി അധികാരത്തിൽ തുടരാതിരിക്കുന്നതിനായി പ്രതിക്ഷ കക്ഷികൾ‌ ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകി.

രാഷ്ട്രീയത്തിൽ കടപ്പാടുകൾ ഉണ്ട്. എന്നാൽ ബിജെപി അതു പാലിക്കുന്നില്ല. അവരോടൊപ്പം നിൽക്കാത്തവരെ കള്ളന്മാരായിട്ടാണു വിശേഷിപ്പിക്കുന്നത്. ബിജെപിയിലെ തന്നെ മുതിർന്ന നേതാക്കളെ അവർ ബഹുമാനിക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂട്ടായ നേതൃത്വം ആഹ്വാനം ചെയ്യുകയും അതു കഴിയുമ്പോൾ വീണ്ടും മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുകയും ചെയ്യും. അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് ഇപ്പോൾ‌ രാജ്യത്ത്. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പാക്കിസ്ഥാന് 70 വർഷമായി സാധിക്കാത്തത് ബിജെപിക്ക് 4 വർഷം കൊണ്ടു ഒരു പരിധിവരെ സാധിച്ചെന്നു മമത പറഞ്ഞു.

കൊൽക്കത്തയിലെ വിശാലമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റാലി വൈകിട്ടോടെയാണ് സമാപിച്ചത്. അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), ശരദ് പവാർ (എൻസിപി), എൻ.ചന്ദ്രബാബു നായിഡു (ടിഡിപി), അരവിന്ദ് കേജ്‍രിവാൾ (ആം ആദ്മി പാർട്ടി), എച്ച്.ഡി.കുമാരസ്വാമി, എച്ച്.ഡി.ദേവെഗൗഡ (ജെഡിഎസ്), എം.കെ.സ്റ്റാലിൻ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തേജസ്വി യാദവ് (ആർജെഡി), അജിത് സിങ് (ആർഎൽഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), ബാബുലാൽ മറാണ്ഡി (ജാർഖണ്ഡ് വികാസ് മോർച്ച) എന്നിവർ റാലിയിൽ പങ്കെടുത്തു. ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവരും ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു. റാലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA