മലകയറാൻ വീണ്ടും രേഷ്മയും ഷാനിലയും; നിലയ്ക്കലിൽ പൊലീസ് തടഞ്ഞു, മടക്കിയയച്ചു

sabarimala-police
SHARE

നിലയ്ക്കൽ ∙ ശബരിമല ദർശനത്തിനായി വീണ്ടും യുവതികൾ. രേഷ്മ നിശാന്തും ഷാനില സജേഷുമാണ് വീണ്ടും മല കയറാനെത്തിയത്. നിലയ്ക്കലിൽനിന്നു പൊലീസിന്റെ ഇടപെടലിലൂടെയാണു യുവതികളെ തിരിച്ചയച്ചത്. പുലർച്ചെ 5.15ന് ആണ് ഇവർ ഉൾപ്പെടുന്ന 8 അംഗ സംഘം എത്തിയത്. അപ്പോൾ പ്രതിഷേധക്കാർ ആരും അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ശബരിമല കർമസമിതി പ്രവർത്തകരും വലിയ സംഘം തീർഥാടകരും തടയാനായി കാത്തു നിന്നു. 

ഇവരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കൊണ്ടുപോകാൻ തയാറായാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നു പൊലീസിനു വിവരം ലഭിച്ചു. നിലയ്ക്കൽ പൊലീസ് സ്പെഷൽ ഓഫിസർ ജമാലുദീൻ ഇവരുമായി ചർച്ച നടത്തി. പമ്പയിലെയും സന്നിധാനം വരെയുള്ള പാതയിലെയും സാഹചര്യങ്ങൾ പറഞ്ഞു മനസിലാക്കി.

എന്നാൽ സന്നിധാനത്തേക്കു പോയേ പറ്റുവെന്ന നിലപാടിൽ യുവതികൾ ഉറച്ചു നിന്നു. അതോടെ വേണമെങ്കിൽ പമ്പ വരെ കൊണ്ടുപോകാമെന്നും തീർഥാടകർ തടഞ്ഞാൽ അവരെ നീക്കി മുന്നോട്ടു പോകുക ബുദ്ധിമുട്ടാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തടയുന്ന ഭാഗത്തുനിന്നു തിരിച്ചു പോരണമെന്നും പൊലീസ് അറിയിച്ചു. അത് അവർക്ക് സ്വീകാര്യമായില്ല. തുടർന്നു  ഡിജിപിയെ വിവരം അറിയിച്ചശേഷമാണ് ഇവരെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. അതേസമയം, യുവതികൾ എത്തിയ പശ്ചാത്തലത്തിൽ പമ്പ ഉൾപ്പെടെയുള്ള മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

പുലർച്ചെ നിലയ്ക്കലിൽ എത്തിയ ഇവരെ പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്കു മാറ്റി. വ്രതം എടുത്താണു ദർശനത്തിനു വന്നതെന്നും പിൻമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇവർ പൊലീസിനെ അറിയിച്ചു. തുടർന്നു നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ യുവതികൾ പിന്‍മാറാൻ തീരുമാനിച്ചെന്നും ഇതോടെ ഇവരെ എരുമേലിയിലേക്കു മടക്കി അയച്ചതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ദർശനം സാധ്യമാക്കാമെന്ന ഉറപ്പ് പൊലീസ് ലംഘിച്ചെന്നു യുവതികൾക്കൊപ്പം മലകയറാനെത്തിയ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പിന്റെ പ്രതിനിധി ശ്രേയസ് മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘ഭരണപക്ഷത്തെ ഒരു നേതാവ് ഉൾപ്പെടെയുളളവർ ഇതിനു പിന്തുണ നൽകാമെന്ന് അറിയിച്ചെങ്കിലും അത് ഉണ്ടായില്ല. നിലയ്ക്കലിൽ എത്തിയപ്പോൾ തന്നെ പൊലീസ് തടയുകയും സാധാരണ ചെയ്യും പോലെ വേണമെങ്കിൽ കൊണ്ടു പോകാം എന്നാൽ പ്രതിഷേധമുണ്ടാകുമെങ്കിൽ തിരിച്ചു പോകേണ്ടി വരുമെന്നും പറഞ്ഞു. ഒടുവിൽ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ യുവതികൾ ശബരിമലയിൽ ദർശനം നടത്താൻ ശനിയാഴ്ച ശ്രമിക്കും.’’ – ശ്രേയസ് വെളിപ്പെടുത്തി.

യുവതികൾ ശബരിമലയിൽ എത്തുന്നതു തടയാൻ കർമസമിതി പ്രവർത്തകർ ശ്രമിക്കുമ്പോൾ അവരെ തടയാനാണു സർക്കാർ ശ്രമിക്കേണ്ടതെന്നു ശ്രേയസ് പറഞ്ഞു. ശബരിമലയിൽ ദർശനത്തിനെത്താൻ ശ്രമിക്കുന്ന യുവതികളെ സുരക്ഷയോടെ വീട്ടിലെത്തിക്കാൻ പൊലീസ് നടത്തുന്ന ശ്രമം മാത്രം മതി അവരെ ശബരിമലയിൽ എത്തിക്കാൻ. ശബരിമലയിൽ എത്താൻ സൗകര്യമൊരുക്കാമെന്നു പറഞ്ഞ ഭരണപക്ഷത്തെ നേതാവിനെക്കുറിച്ചു വെളിപ്പെടുത്താനാകില്ലെന്നും ശ്രേയസ് വിശദീകരിച്ചു.

ബുധനാഴ്ചയും ഇവർ ദർശനത്തിനെത്തിയിരുന്നു. മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയ്ക്കു സമീപം പ്രതിഷേധവുമായെത്തിയവർ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടു മടക്കി അയയ്ക്കുകയായിരുന്നു. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെ രേഷ്മയ്ക്കെതിരെ ഭീഷണി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നൽകിയ പരാതി പരിഗണിച്ച് രേഷ്മയുടെ വീട്ടുപരിസരത്ത് പൊലീസ് ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA