ഹരിവരാസനം ചൊല്ലി നട അടച്ചു; രാജപ്രതിനിധി വിടചൊല്ലി; തീർഥാടനത്തിനു സമാപനം

Sabarimala
SHARE

ശബരിമല ∙ 67 നാൾ നീണ്ട തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചു. തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത്ര തുടങ്ങി. പുലർച്ചെ 5ന് നട തുറന്നു നിർമാലത്തിനായി വിഗ്രഹം ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം കഴിഞ്ഞതോടെ തിരുവാഭരണ വാഹകർ എത്തി അയ്യപ്പ സ്വാമിയെ തൊഴുത് മടക്ക യാത്രയ്ക്കുള്ള അനുമതി തേടി. പിന്നെ ശരണം വിളിച്ച് തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി. ശ്രീകോവിലിനെ വലംവച്ച് കൊടിമരച്ചുവട്ടിൽ എത്തി പതിനെട്ടാം പടിയിറങ്ങി.

പിന്നീടാണ് രാജപ്രതിനിധി മൂലം നാൾ പി.രാഘവ വർമ രാജാ എത്തി ദർശനം നടത്തിയത്. ഈ സമയം രാജപ്രതിനിധിയല്ലാതെ ആരുമില്ലായിരുന്നു. മേൽശാന്തി പോലും ശ്രീകോവിലിലെ കതകിന്റെ മറവിലേക്കു മാറിനിന്നു. അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു രാജപ്രതിനിധിയുടെ ദർശനം. ശേഷം അയ്യപ്പ വിഗ്രഹത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി. ജപമാലയും യോഗദണ്ഡും അണിയിച്ച് ഹരിവരാസനം ചൊല്ലി നട അടച്ചു.

മേൽശാന്തി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിക്കു കൈമാറി. താക്കോലുമായി വാതിൽ ചാരി രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങി. തുടർന്ന് ഒരു വർഷത്തെ പൂജയ്ക്കായി താക്കോൽ മേൽശാന്തിയെ ഏൽപ്പിച്ചു. ഒരുവർഷത്തെ പൂജയുടെ മിച്ചം കണക്കാക്കി പണക്കിഴി ദേവസ്വം മാനേജർ ഇൻ ചാർജ് പാലാ ശങ്കരൻ കുട്ടി തമ്പുരാനെ ഏൽപ്പിച്ചു. അടുത്ത ഒരു വർഷത്തെ പൂജയ്ക്കുള്ള ചെലവു കണക്കാക്കി മനേജർക്ക് പണക്കിഴി നൽകിയാണു തമ്പുരാനും സംഘവും മലയിറങ്ങിയത്. തിരുവാഭരണ മടക്ക ഘോഷയാത്ര 23ന് പന്തളത്ത് എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA