ബസ് പൊന്നുപോലെ നോക്കണം, കറങ്ങി നടക്കരുത്; ചെക്കർമാരോട് കെഎസ്ആർടിസി

ksrtc-kollam
SHARE

പത്തനംതിട്ട ∙ കെഎസ്ആർടിസി ചെക്കിങ് ഇൻസ്പെക്ടർമാർക്ക് ഇനി വീട്ടിൽ പോകാനാകില്ല ! അത്രക്കധികം ജോലികളാണ് അവരെ കാത്തിരിക്കുന്നത്. 9 ബസുകളുടെ ചുമതല ഏറ്റെടുത്ത് ഒരു ഇൻസ്പെക്ടർ സ്വന്തമെന്ന നിലയിൽ തന്നെ ബസിനെ പരിപാലിക്കണമെന്നാണു നിർദേശം. സർവീസ് തുടങ്ങും മുൻപ് ബസ് വൃത്തിയാക്കിയോയെന്നു ഉറപ്പുവരുത്തുന്നതു മുതൽ വരുമാന വർധനവിന് ഷെഡ്യൂൾ പരിഷ്കരിക്കൽ വരെ ഇൻസ്പെക്ടറുടെ ചുമതലയാണ്.

ട്രിപ്പുകളുടെ സമയം വരുമാന വർധനവിന് അനുസരിച്ചു മാറ്റുന്നതിന് കൺട്രോൾ റൂമിലേക്ക് അപ്പപ്പോൾ മെസേജ് അയക്കണം. ഇത്തരത്തിൽ 550 ഇൻസ്പെക്ടർമാർക്കു ചുമതല നൽകി. ഓരോ ദിവസവും ചുമതലയിലുള്ള പകുതി ബസുകളിലെ ടിക്കറ്റ് പരിശോധനയും  നടത്തണം. കണ്ടക്ടറെയും ഡ്രൈവറെയും ഡ്യൂട്ടിക്കു നിയോഗിക്കുന്നതും അവധി കൊടുക്കുന്നതിനുമൊക്കെ ഇവർക്കു ചുമതലയുണ്ട്. വരുമാനം കുറഞ്ഞാൽ ഉത്തരവാദിത്തമേൽക്കണം.

30 വർഷമായുള്ള ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ തസ്തികയും ഹെഡ് ക്വാർട്ടേഴ്സ് ഡിടിഒ തസ്തികയും നിർത്തി. ക്ലറിക്കൽ ജോലികൾക്കായി മാറിയിരിക്കുന്ന ഇൻസ്പെക്ടർമാരെ പുറത്തിറക്കി. ക്ലറിക്കൽ ജോലികൾ മിനിസ്റ്റീരിയൽ ജീവനക്കാർ മാത്രം െചയ്താൽ മതിയെന്നാണു നിർദേശം.

5100 ബസുകളാണ് കെഎസ്ആർടിസിയിൽ സർവീസ് നടത്തുന്നത്. 1198 ചെക്കിങ് സൂപ്പർവൈസർമാര്‍ ആകെയുണ്ട്. ഇൗ വിഭാഗത്തെ 22 സ്ക്വാഡ് യൂണിറ്റുകളിലായി കൃത്യമായ മാനദണ്ഡമില്ലാതെ വിന്യസിച്ചിരിക്കുകയായിരുന്നു. 11 ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി 16 സ്ക്വാഡുകളെ പുനർവിന്യസിച്ചു. ഇവരുടെ ജോലി ഇനി ബസ് പരിശോധന മാത്രമായിരിക്കും.

ഗൗരവമേറിയ വിജിലൻസ് വിഷയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം ഇവരെ ചുമതലപ്പെടുത്താം. ബാക്കിയുള്ള 550 ഇൻസ്പെക്ടർമാർ, 36 ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാർ,169 വെഹിക്കിൾ സൂപ്പർവൈസർമാർ, 299 സ്റ്റേഷൻ മാസ്റ്റർമാർ എന്നിവരെയും വിവിധ ഡിപ്പോകളിലേക്കും ഫീൽഡിലേക്കും പുനർവിന്യസിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA