കൊടപ്പനയ്ക്കലില്‍ നന്മയുടെ നല്ല മാതൃക; കുവൈത്തിൽ വധശിക്ഷ ലഭിച്ചയാൾക്ക് ശിക്ഷ ഇളവ്

arjuanan-athimuthu
SHARE

മലപ്പുറം∙കുവൈത്തിൽ കൊലക്കേസിൽപെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അർജുനൻ അത്തിമുത്തുവിന്റെ ശിക്ഷ സർക്കാർ ജീവപര്യന്തം തടവാക്കി ഇളവ് ചെയ്തു. ശിക്ഷ ഇളവ് ചെയ്ത വിവരം കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചതെന്ന് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

തമിഴ്നാട്ടിൽനിന്ന് അർജുനൻ അത്തിമുത്തുവിന്റെ ഭാര്യ കൊടപ്പനക്കലേക്കെത്തിയപ്പോൾ ശ്രമകരമായ ഒരു ദൗത്യമാണ് ഏറ്റെടുത്തത്. വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകനു മാപ്പു നൽകാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളായിരുന്നു മുൻപിൽ. സര്‍വ ശക്തനിൽ ഭാരമേൽപ്പിച്ചാണ് ഇറങ്ങിത്തിരിച്ചത്. മനുഷ്യ മനസ്സിന്റെ കാരുണ്യത്തില്‍ എല്ലാം സാധ്യമായെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. 

കുവൈത്ത് എംബസിയില്‍നിന്നുള്ള മെയിലിന്റെ പകർപ്പുൾപ്പെടെയാണ് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമൂഹമാധ്യമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ദൗത്യത്തിനു സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ കുറിപ്പിന്റെ പൂർണരൂപം-

കുവൈത്ത് ഗവൺമെന്റ് വധശിക്ഷയ്ക്കു വിധിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജുൻ അത്തിമുത്തുവിന്റെ ശിക്ഷ നാം നടത്തിയ ശ്രമങ്ങളുടെ ഫലമായി ജീവപര്യന്തമായി ഇളവു ചെയ്തിരിക്കുന്നുവെന്ന കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സന്തോഷ വാർത്തയാണ് ഇന്നത്തെ പുലരിയെ ധന്യമാക്കിയത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു നിൽക്കുന്ന ഘട്ടത്തിലാണ് അർജുൻ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്. മണ്ണു കുഴിച്ചു ജലം കണ്ടെത്തുന്നതു പോലെ കാരുണ്യത്തിന്റെ ഉറവ കണ്ടെത്തേണ്ട ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്.

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകനു മാപ്പു നൽകാനുള്ള മഹത്തായ മനസ്സു പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളാണു മുൻപിൽ. എല്ലാം സർവ ശക്തനിൽ ഭരമേല്‍പിച്ച് ഇറങ്ങി തിരിച്ചു. സങ്കീർണമെന്നു തോന്നിയ കാര്യങ്ങളെല്ലാം അതിരുകളില്ലാത്ത മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ പ്രവാഹത്തിൽ നിന്നും അത്ഭുതകരമാം വിധം സാധ്യമായി.

ബ്ലഡ് മണി സ്വീകരിച്ചു പാലക്കാട്ടെ മലയാളി കുടുംബവും അർജുന്റെ ഭാര്യയും പാണക്കാട് വച്ചു പരസ്പരം കണ്ട, അത്യന്തം വൈകാരിക സാഹചര്യം ഉറവ പൊട്ടിയൊഴുകുന്ന മനസ്സുകളുടെ വിങ്ങലുകൾക്കു വഴിമാറി. ദേശ, ഭാഷ, മത, ജാതി, വർഗ വർണങ്ങൾക്കപ്പുറത്തു മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ തുല്യതയില്ലാത്ത സന്ദർഭമായിരുന്നു അത്.

ഓർഹാൻ പാമുകിന്റെ നിരീക്ഷണം പോലെ കണ്ട നല്ല സ്വപ്നങ്ങളിലൊന്നെങ്കിലും സത്യമാകണമെന്ന നാം കാത്തു സൂക്ഷിക്കുന്ന ആഗ്രഹം യാഥാർത്ഥ്യമാകുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഇപ്പോഴെനിക്ക്. ഈ ദൗത്യം പൂർത്തിയാക്കാൻ എന്നോടൊപ്പം നിന്നവരേറെയുണ്ട്. നന്മയിൽ ചാലിച്ച ഹൃദയത്തിനുടമകൾ. പണം കണ്ടെത്തുന്നതിനു വേണ്ടി സഹായിച്ച പ്രിയ സുഹൃത്തുക്കൾ, സഹപ്രവർത്തകർ. ഒപ്പം നിന്ന മലപ്പുറത്തെ മാധ്യമ പ്രവർത്തകർ. ഈ വിഷയത്തെ ഫോളോ അപ് ചെയ്ത കുവൈത്ത് കെഎംസിസി ഭാരവാഹികൾ, മറ്റു സംഘടനകൾ, വ്യക്തികൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!സ്തുതികളത്രയും സർവ്വശക്തന്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA