ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യമെന്ന് സിപിഎം; പൊളിച്ചടുക്കി ചൈത്ര

anavoor-nagappan-chaithra-teresa-john
SHARE

തിരുവനന്തപുരം ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടിവാദത്തെ എതിർത്ത് എസ്പി ചൈത്ര തെരേസ ജോണ്‍. മുഖ്യപ്രതി പാര്‍ട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയില്‍ റിപ്പോർട്ട് നൽകി.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോണ്‍ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പരിശോധിച്ചത്.

കോടതി അനുമതിയില്ലാതെയുള്ള പരിശോധന അനാവശ്യമെന്നും നടപടി വേണമെന്നുമാണു സിപിഎം നിലപാട്. പരിശോധനയുടെ പിറ്റേദിവസം തന്നെ സെര്‍ച്ച് റിപ്പോര്‍ട്ട് അടക്കം ചൈത്ര സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോെട പരിശോധന നിയമപരമെന്നു വ്യക്തമായി. കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി ഓഫീസിലുണ്ടെന്നു പ്രതി അമ്മയോടു പറയുന്നതു കേട്ടെന്നാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ റെയ്ഡ് അനാവശ്യമെന്ന വാദവും തള്ളുകയാണ്. എന്നാല്‍ പ്രതിയെ കിട്ടിയില്ലായെന്നതു പൊലീസിനു തിരിച്ചടിയായി. സിപിഎം ജില്ലാ നേതൃത്വം നല്‍കിയ പരാതിയില്‍ ചൈത്രക്കെതിരായി നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡിജിപിക്കു കൈമാറും.

പ്രതികള്‍ക്കായി ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പരിശോധിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു ഗൂഢലക്ഷ്യമുണ്ടെന്നു സിപിഎം ആരോപിച്ചു. അര്‍ധരാത്രിയില്‍ പാര്‍ട്ടി ഓഫിസില്‍ കയറിയതു മാധ്യമശ്രദ്ധ കിട്ടാനാണ്. നിയമസഭ ചേരാനിരിക്കെ നടത്തിയ പരിശോധന മനഃപൂര്‍വമാണെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. അനാവശ്യമായി ഓഫിസില്‍ കയറിയ ചൈത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു സിപിഎം നല്‍കിയ പരാതിയിലാണു വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA