റോസ ലക്സംബർഗ് വിടവാങ്ങിയിട്ട് 100 വർഷം; വിപ്ലവ നായികയെ ജർമനി ഓർമിക്കുന്നത്..

Rosa-Luxemburg
SHARE

ബെർലിനിലെ തിരക്കേറിയ അലക്സാണ്ടർ പ്ലാറ്റ്സ് റെയിൽവേ സ്റ്റേഷനിൽനിന്ന് അധികം ദൂരത്തിലല്ല റോസാ ലക്സംബർഗ് തെരുവ്. യാത്രക്കാരനിൽ കൗതുകം ചുറ്റുന്ന അധികമൊന്നുമില്ല ആ തെരുവിൽ. ഇടതു രാഷ്ട്രീയത്തെ വായിച്ചും കേട്ടും അറിഞ്ഞവർക്കാകട്ടെ റോസയുടെ പേരിലുള്ള റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ തോന്നുമെന്നതിൽ ആർക്കും തർക്കത്തിനു വകയില്ലതാനും. സ്റ്റേഷനിൽ നിന്നു നടന്നെത്താവുന്ന ദൂരത്തിലാണ് ഫോക്സ്ബുനെ  പീപിൾസ് തിയറ്ററും ദ് ലെഫ്റ്റ് പാർട്ടിയുടെ ഓഫിസും. 

രണ്ടാം ലോക മഹായുദ്ധകാലത്തു തകർന്നടിഞ്ഞതാണ് തിയറ്റർ. അൻപതുകളുടെ തുടക്കത്തിൽ പുനർജന്മം കിട്ടി. നാസി കക്ഷിക്ക് എതിരെയുണ്ടായ വലിയ ജനമുന്നേറ്റത്തിന്റെ ചരിത്രമുണ്ട് ഈ തെരുവിന്.  

ജർമനിയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനു തീ പകർന്ന റോസയുടെ സ്മൃതിയിടം പക്ഷേ, ഈ തെരുവിലല്ല. സെൻട്രൽ ഫ്രൈഡോഫിലാണത്.  ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളിൽ മൃതിയടഞ്ഞ സോഷ്യലിസ്റ്റുകളുടെയെല്ലാം ഓർമപ്പറമ്പാണ് അവിടം. റോസ സ്മാരകം അതിൽ മുഖ്യം. ബെർലിൻ ഹൃദയഭൂമിയിലാണ് ഈ ദേശമെങ്കിലും പച്ചപ്പ് പുതച്ച തനി നാട്ടിൻപുറം.

ലെഫ്റ്റ് പാർട്ടി വിശ്വാസികളായ പീറ്ററിനെയും ഭാര്യ എലിസയെയും അവിടെ കണ്ടു. പീറ്റർ ദീർഘകാലം ഫ്രീലാൻസ് ജേണലിസ്റ്റായിരുന്നു. ഇപ്പോൾ പണി നിർത്തി. ഫ്രഞ്ച്, റഷ്യൻ പരിഭാഷകയാണ് എലിസ. മുഖ്യധാര ഇടതുകക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയോട് അവർക്കത്ര ഇമ്പം പോരാ. ലഫ്റ്റ് പാർട്ടിയിലാണവർക്കു പ്രതീക്ഷ. 

പുന്നപ്ര–വയലാർ ഓർമദിനത്തിനു കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒറ്റക്കമ്പിൽ കൊടികെട്ടും പോലെ, റോസ ലക്സംബർഗ് സ്മരണ പങ്കിടുന്നതിൽ ഇടതുകക്ഷികൾ ഒരു മനസ്സാണ്. 

Rosa-Luxemburg-Memoir
പീറ്ററും എലിസയും ബെർലിനിലെ റോസ സ്മൃതിയിടത്തിന് അരികെ

1919 ജനുവരി 15ന് ആണ് റോസ കൊല ചെയ്യപ്പെട്ടത്. ആ കത്തുന്ന ഓർമ നൂറ്റാണ്ടു പിന്നിടുമ്പോൾ ജർമൻ രാഷ്ട്രീയം പലനിലയിൽ മാറിമറിഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ കാലത്താണ് റോസ സ്മാരകങ്ങൾ ഉയർന്നത്. ജർമൻ ഏകീകരണത്തിനും മതിൽ തകർച്ചയ്ക്കും ശേഷവും റോസയെ അവർ മറന്നില്ല.  

ഡമോസ്ക് പോളിഷ് ഗ്രാമത്തിലെ ജൂത കുടുംബത്തിൽ ജനിച്ച് വാഴ്സയിൽ പഠനകാലം പിന്നിട്ട റോസ ജൂത വിവേചനത്തിന്റെ കയ്ക്കുന്ന ചെറുപ്പമാണു ജീവിച്ചു തീർത്തത്. ഇടുപ്പിനെ തളർത്തിയ രോഗം കാരണം മുടന്ത് അവരെ പിടികൂടി. റോസയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ശരവേഗത്തിന് അതു തടസ്സമായില്ല. 

സ്വിറ്റ്സർലൻഡിലെ പഠന നാളുകളിലാണ് സോഷ്യലിസ്റ്റ് സംഘത്തിൽ ചേരുന്നത്. പോളണ്ടിലെ സമര മുന്നേറ്റങ്ങൾ തകർന്നടിഞ്ഞ കാലമാണ്. ജർമനിയിൽ താമസിച്ചുകൊണ്ട് നേതൃത്വമേൽക്കാൻ സഖാക്കൾ റോസയെ ക്ഷണിച്ചു. ജർമൻ പ്രവേശം എളുപ്പമായിരുന്നില്ല. ഗുസ്തഫ് ലൂബെക്ക്  എന്ന ജർമൻകാരനുമായി ഒരു വിവാഹനാടകം നടത്തിയാണ് റോസ അവിടെയെത്തുന്നത്. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ ചുരുട്ടിപ്പിടിച്ച് അവർ രണ്ടുവഴി പോയി. 1890ൽ ലിയോ ജോഗിഷ എന്ന കമ്യൂണിസ്റ്റ് നേതാവിനെ റോസ ജീവിതസഖാവാക്കി. 

റഷ്യയിലെ ജനമുന്നേറ്റത്തിനു നേതൃത്വമേൽക്കാൻ റോസ അവിടെയുമെത്തി. ദുഷ്കരമായ ആ യാത്രയിൽ റോസ ഒരു പട്ടാളക്കാരന്റെ വേഷമണിഞ്ഞു. ആ പോരാട്ട നാളുകളിൽ അറസ്റ്റ്, തടവറ, പിന്നെ രോഗകാലം. 

പാർലമെന്ററി രാഷ്ട്രീയവും വിപ്ലവവും രണ്ടു വഴിയെന്നു കഠിനമായി വാദിച്ച റോസയും ഡമോക്രാറ്റിക് പാർട്ടിയും മിക്കപ്പോഴും വഴക്കടിച്ചു. അപ്പോഴും റോസയുടെ സമരഭരിതമായ ജീവിതത്തെ നേതൃത്വം മാനിച്ചു. മാർക്സിയൻ സാമ്പത്തിക സിദ്ധാന്തങ്ങളെ വിപുലപ്പെടുത്തുന്നതിൽ ശ്രദ്ധാലുവായ അധ്യാപികയായി ജർമൻ പാർട്ടി സ്കൂളിൽ റോസയുണ്ടായിരുന്നു. 

ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവെറിയും വിപ്ലവവും രണ്ടെന്ന നിലപാടിൽ നേതൃത്വത്തോട് അവർ യുദ്ധം പ്രഖ്യാപിച്ചു. ഫ്രഡറിക് എൽബർട്ടിന്റെ സ്ഥാനാരോഹണത്തോടെ റോസയും വിപ്ലവ നേതാവ് കാൾ ലിബ്നിറ്റ്സും  നോട്ടപ്പുള്ളികളായി. 

1919 പുതുവർഷാരംഭം പോർനിലം പോലെയായിരുന്നു. റോസയും സുഹൃത്തുക്കളും ഒന്നൊന്നായി അറസ്റ്റിലായി. തോക്കിന്റെ പാത്തികൊണ്ടു റോസയുടെ തലയോട് തകർത്തു. പിന്നെ വെടിയുതിർത്തു. മൃതദേഹം ലാൻഡ് വേർ കനാലിലേക്കു വലിച്ചെറിഞ്ഞു. ലിബ്നിറ്റ്സും മരണവിധി ഏറ്റുവാങ്ങി. 

കവിയും ചിത്രകാരിയുമായിരുന്ന റോസ മായാത്ത നിറങ്ങളാലും ചിത്രങ്ങളാലും കാലത്തെ മറികടന്നു. ഓസ്റ്റ്ബാനോഫിൽ,   റോസ ലക്സംബർഗ് ഫൗണ്ടേഷനിലെ ചിത്രങ്ങളും ചുവരെഴുത്തുകളും അക്കാലത്തിന്റെ അടയാളങ്ങളാണ്. 

‘റോസയെ പഠിക്കുകയെന്നാൽ മാർക്സിയൻ ദർശനത്തിന്റെ വിമർശന പഠനം കൂടിയാണ്’ ഫൗണ്ടേഷനിലെ പരിഭാഷകനും എഡിറ്ററുമായ ലോറൻ പറയുന്നു. യുഎസിൽ നിന്നു പറിച്ചുനട്ടതാണു ലോറന്റെ ജീവിതം. രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം ആശയ പഠനസ്ഥാപനങ്ങളുടെ നടത്തിപ്പ് ജർമൻ ഭരണകൂടത്തിന്റെ ചെലവിലാണ്. തിരഞ്ഞെടുപ്പിൽ അഞ്ചു ശതമാനമെങ്കിലും വോട്ടു നേടിയ കക്ഷികളുടെ സ്ഥാപനത്തിനാണ് ഈ സഹായം. 

 ചുവപ്പുരാശിയുള്ള ലോകം പുലരുമെന്നു മോഹിക്കുന്ന ലോറനെപ്പോലെയുള്ള ചെറുപ്പക്കാരുടെ രാഷ്ട്രീയ തൃഷ്ണകൾക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടുണ്ട് റോസ ഫൗണ്ടേഷൻ. പ്രഭാഷണങ്ങൾ, പഠനക്കളരികൾ, പുസ്തക പ്രസാധനം; അങ്ങനെ സർവതുമുണ്ട്. റോസ ചോര കൊടുത്തു ചുവപ്പിച്ച ലോകം ഇപ്പോൾ അങ്ങനെയൊന്നുമല്ലെങ്കിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA