ഇതു ചരിത്രം: മനുഷ്യരാശിക്ക് ചന്ദ്രനിൽ‌ പുതിയ കാൽവയ്പ്

Chang-e-4
SHARE

ബെയ്ജിങ് ∙ ഭൂമിയിൽ നിന്നു ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്കു (ഫാർ സൈഡ്) ചൈന അയച്ച ചാങ്ഇ–4 പേടകം വിജയകരമായി ഇറങ്ങി. ഇവിടെ നിന്നുള്ള ചിത്രവും ഭൂമിയിൽ ലഭ്യമായി. ചന്ദ്രനു ചുറ്റും കറങ്ങുന്ന വിവിധ ഉപഗ്രഹങ്ങൾ ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ആദ്യമായാണ് പേടകം ഇറങ്ങുന്നത്.

ഡിസംബർ 8 നു വിക്ഷേപിച്ച പേടകം 12നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. തുടർന്നു 18 ദിവസത്തെ യാത്രയ്ക്കു ശേഷം ലക്ഷ്യം നേടി. ക്യാമറകൾ, റഡാർ, സ്പെക്ട്രോമീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളുമായാണു യാത്ര. ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള അതിപ്രാചീനമായ ഐയ്റ്റ്കൻ മേഖലയിലെ ഉപരിതല, ധാതു ഘടനകൾ പഠിക്കുകയാണു പ്രധാനലക്ഷ്യം. രാജ്യാന്തര ബഹിരാകാശ മൽസരത്തിൽ ദൗത്യവിജയം ചൈനയ്ക്കു വൻകുതിപ്പാണു നേടിക്കൊടുത്തിരിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.

ചന്ദ്രന്റെ വിദൂരഭാഗം

ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണു ചന്ദ്രൻ സ്വയം കറങ്ങുന്നതും. ‘ടൈഡൽ ലോക്കിങ്’ എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരില്ല. മനുഷ്യർക്കു ദൃശ്യമല്ലാത്തതിനാൽ ഇരുണ്ട ഭാഗം എന്നും ഇത് അറിയപ്പെടുന്നു. മലകളും കുഴികളും നിറഞ്ഞതാണ് ഈ ഭാഗം. ഭൂമിയിൽ നിന്ന് ഇവിടേക്ക് ആശയവിനിമയം സാധ്യമല്ല. പ്രത്യേകമായി അയച്ച മറ്റൊരു ഉപഗ്രഹമാണ് വിദൂരഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള പരീക്ഷണ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിച്ച് ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്കു നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA