പെലോസിയുടെ ഉരുളയ്ക്ക് ട്രംപിന്റെ ഉപ്പേരി; പെലോസി സംഘത്തിന്റെ വിദേശപര്യടനം തടഞ്ഞു

Donald-Trump,-Nancy-pelosi
SHARE

വാഷിങ്ടൻ∙ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക വിദേശപര്യടനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റിവച്ചു. ഭരണസ്തംഭനം മൂലം 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർ ശമ്പളം കിട്ടാതെ വലയുമ്പോൾ, 29 നു നടത്തേണ്ട പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം (സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം) മാറ്റിവച്ചുകൂടേയെന്നു സ്പീക്കർ ആരാഞ്ഞ് 24 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. 

ദാവേസിൽ നടക്കുന്ന ലോകസാമ്പത്തിക ഫോറം ഉച്ചകോടിയിൽ യുഎസ് പ്രതിനിധിസംഘം പങ്കെടുക്കേണ്ടതില്ലെന്നും പ്രസിഡന്റ് തീരുമാനിച്ചു. താൻ പോകുന്നില്ലെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 21 മുതൽ 5 ദിവസമാണു സാമ്പത്തിക ഫോറം. 

മെക്സിക്കൻ അതിർത്തി മതിലിനു പണം അനുവദിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യം ഡെമോക്രാറ്റ് അംഗങ്ങൾ നിരാകരിച്ചതിനെ തുടർന്ന് ബജറ്റ് പാസ്സാക്കാത്തതുമൂലം യുഎസിൽ ഭരണസ്തംഭനം തുടരുകയാണ്. ഇതിനിടെയാണ് പെലോസിയും സംഘവും അഫ്ഗാനിസ്ഥാനിൽ പോയി സൈനികരെ സന്ദർശിക്കാൻ പദ്ധതിയിട്ടത്. ഭരണപ്രതിസന്ധി ഒഴിവാക്കാനുള്ള ചർച്ചകൾക്കായി സ്പീക്കർ വാഷിങ്ടനിൽതന്നെ കാണണമെന്നാണു പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികോദ്യഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ബ്രസൽസ്, ഈജിപ്ത് സന്ദർശനങ്ങളും ഉൾപ്പെടെ 7 ദിവസത്തെ ‘വിനോദയാത്ര’ പിന്നീടൊരിക്കലാകാം എന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്. ഇതേസമയം, ഭരണസ്തംഭനം 28 ദിവസം പിന്നിടുകയാണ്. ഏതാനും ദിവസത്തിനകം പരിഹാരമായില്ലെങ്കിൽ ജീവനക്കാരുടെ രണ്ടാമത്തെ ശമ്പളവും മുടങ്ങും.

മോസ്കോയിലെ ട്രംപ് ടവർ: കോഹൻ നുണ പറഞ്ഞത് ട്രംപ് ആവശ്യപ്പെട്ടിട്ട്

വാഷിങ്ടൻ∙ മോസ്കോയിലെ തന്റെ ബിസിനസ് സംരംഭത്തെക്കുറിച്ചു യുഎസ് കോൺഗ്രസിനു മുൻപാകെ കള്ളം പറയാൻ അഭിഭാഷകൻ മൈക്കൽ കോഹനോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടെന്നു മാധ്യമ റിപ്പോർട്ട്. 

മോസ്കോയിലെ ട്രംപ് ടവറുമായി ബന്ധപ്പെട്ട ബിസിനസ് ചർച്ചകൾ പൂർത്തിയായതിന്റെ യഥാർഥ തീയതി മറച്ചുവച്ച്, അതിനും മാസങ്ങൾക്കു മുൻപേ കരാറായെന്നാണു കോഹൻ കള്ളം പറഞ്ഞത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ഉൾപ്പെടെ ആരോപണങ്ങൾ അന്വേഷിക്കുന്ന റോബർട്ട് മുള്ളർ സമിതി പുതിയ ആരോപണം ശരിയാണെന്നു സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുണ്ട്. 

നുണ പറഞ്ഞു കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചതിനും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിക്കും കോഹന് 3 വർഷത്തെ തടവു ശിക്ഷ വിധിച്ചത് കഴിഞ്ഞമാസമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA