ഓണക്കാലത്തെ പ്രളയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

alappuzha-flood
SHARE

ഒരു 'ഒരുമയുടെ ഓണം' കൂടി നമ്മെ തൊട്ടുണര്‍ത്തി കടന്നുപോയി. മാവേലി ഇത്തവണ പ്രജകളെ കണ്ടത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വച്ചാണ്. അവിടെ അവര്‍ ജാതി മതവ്യത്യാസമില്ലാതെ കള്ളമോ കള്ളത്തരമോ ഇല്ലാതെ, എള്ളോളംപോലും പൊഴിപറയുന്നവരെ കാണാതെ, ഒരിടത്തുണ്ടാക്കി ഒരിടത്ത് വച്ച് കഴിച്ച് ഒരിടത്തുകിടന്നുറങ്ങി, തന്റെ യഥാര്‍ഥപ്രജകളായി കഴിയുന്നത് മഹാരാജാവ് കണ്ടു തൃപ്തനായി. തന്റെ പിന്‍ഗാമികളായ സര്‍ക്കാര്‍ തന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ക്കും ഓണസദ്യ നല്‍കിയതും പ്രളയദുരിതം മറന്ന്, അത് ഒരുമയോടെ, സന്തോഷത്തോടെ പ്രജകള്‍ കഴിക്കുന്നതും കണ്ട് മനസ്സ് നിറഞ്ഞ് കുംഭതടവിയാണ് മഹാബലി തിരികെ യാത്രയായത്. പോകുന്ന വഴി പ്രളയം വിഴുങ്ങിയ തന്റെ നാട് കണ്ട് അദ്ദേഹം നൊമ്പരപ്പെട്ടിട്ടുണ്ടാകും. 

  സാധാരണ പറയുന്നതുപോലുള്ള ഒരൊഴുക്കന്‍ പ്രയോഗമായല്ല ഒരുമയുടെഓണം എന്ന വാക്കിനെ ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്. തികച്ചും ഒത്തൊരുമയോടുകൂടി തന്നെയാണ് ഇത്തവണത്തെ ഓണത്തെ കേരളജനത വരവേറ്റത്. ലോകത്തൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒത്തൊരുമതന്നെയാണ് പ്രളയകാലത്ത് കേരളം കണ്ടത്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അവിടവിടെ ഒത്തുകൂടി. ദുരിതഭൂമിയില്‍ എത്താന്‍ കഴിയുന്നവര്‍ അവിടെയെത്തി, മൂക്കറ്റം പ്രളയജലത്തില്‍ മുങ്ങി മരണത്തെ തൊട്ടടുത്ത് കണ്ട് നിസഹായരായി നിന്നവരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നു. പ്രളയം കയത്തിലെത്താന്‍ കഴിയാത്തവര്‍ കയ്യിലുള്ളതെല്ലാം വാരിക്കോരി ദുഖിതരെ സാന്ത്വനിപ്പിക്കാന്‍ കൊടുത്തു. ഇങ്ങനെ ടണ്‍ കണക്കിന് സാധനങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നുമായി ദുരിതഭൂമിയിലെത്തിയത്. ഇതാണ് ഈ ഓണക്കാലം കണ്ട ഏറ്റവും വലിയ മാവേലിസ്‌നേഹം.   

 ഇത്തവണ ഓണം വന്നത്  അതിന്റെ ഏകഭാവത്തെ അടിവരയിട്ട് കാട്ടികൊണ്ടാണ്.  പ്രളയത്തിന് മുകളില്‍ ഉയര്‍ന്നു നിന്ന സഹായഹസ്തങ്ങള്‍ക്ക് ജാതിയുടേയോ മതത്തിന്റേയോ അടയാളങ്ങല്‍ ഇല്ലായിരുന്നു. നമ്മുടെ രാഷ്ട്രീയ, ജാതിമത നിര്‍ബന്ധങ്ങളില്‍ പലതിനും പ്രസക്തിയില്ലെന്നുള്ള ഒരു പുതിയ പാഠം നാം പഠിച്ചത് ഈ ഓണക്കാലത്തിന്റെ പ്രത്യേകത. പണത്തിന്റെ ഹുങ്കില്‍ അയല്‍വക്കസഹകരണത്തെ പുച്ഛിച്ചവരും ഞാനെന്നഭാവത്തില്‍ മതിമറന്നവരും ഒന്നുമല്ലെന്ന് ഈ ഓണക്കാലം കാണിച്ചുതന്നു. സമൃദ്ധിയുടെ കഥകള്‍ മാത്രം പറയുന്ന ഓണക്കാലത്ത് ഇത്തവണ കേരളത്തിന്  പ്രളയത്തില്‍ മുങ്ങി കണ്ണീരണിഞ്ഞ ഓണമാണ്. ഒരു കുടന്ന പൂ വാങ്ങാന്‍ പോലും വകയില്ലാത്തവര്‍ക്ക് എന്ത് ഓണം.  മലയാളികളുടെ ഇത്തവണത്തെ ഓണത്തിന് നിറമോ മണമോ ഒന്നുമില്ലായിരുന്നു. ഓണത്തിനായി കരുതി വച്ചതൊക്കെ മഴ കൊണ്ടുപോയി പകരം ബാക്കി വച്ചതൊക്കെ നഷ്ടങ്ങളുടെ കണ്ണീര്‍ മാത്രം. എന്നും ഓണം പോലുള്ള ആഘോഷവേളകളിലാണ് നാടെങ്ങും ഒരുമയോടെ  ഉത്സാഹത്തോടെ ഒരേ മനസ്സോടെ നില്‍ക്കുന്നത്. ഇത്തവണ ഒരിടത്തും ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല.  പ്രളത്തിലും മുറിയാതെ പെയ്യുന്ന മഴയിലും എല്ലാം ദുരിത ബാധിതര്‍ക്കായി കേരളം ഒന്നടങ്കം ഒരേ മനസ്സോടെ നില്‍ക്കുന്ന കാഴ്ചയാണ്  കേരളത്തിലുടനീളം കണ്ടത്. 

  ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മഴയാണ് കേരളമണ്ണിലേക്ക് ഇത്തവണ പൊയ്തിറങ്ങിയത്. വെള്ളപൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍,  കൃഷിനാശം, ഗതാഗത സ്തംഭനം, വീട് തകര്‍ന്നത് തുടങ്ങിയവയൊക്കെ ജീവിതം ദുരിത പൂര്‍ണമാക്കി മാറ്റി.  പ്രളയം മൂലം കുടിവെള്ള  ലഭ്യത പോലും ഇല്ലാതായി.  നൂറുകണക്കിന് ആളുകളുടെ വീടും സ്ഥലവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.  ഉടു തുണിക്ക് മറു തുണിയില്ലാതെ ജീവന്‍ മാത്രമാണ് പലര്‍ക്കും തിരിച്ചു കിട്ടിയത്.  ജീവിതം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം കൈവിട്ടുപോകുന്നതു കണ്ടുകൊണ്ടാണു പലരും വീടു വിട്ടിറങ്ങിയത്. വളര്‍ത്തുമൃഗങ്ങളും കൃഷിയും ഭൂമിയും എല്ലാം നഷ്ടമായവരുണ്ട്. ഉരുള്‍പൊട്ടലുകളിലും മലവെള്ളപ്പാച്ചിലുകളിലും വീട് ഉള്‍പ്പെടെ പലതും മുഴുവനായി നശിച്ചവരുണ്ട്. 

  ഇത്തരമൊരു ദുരന്തസാഹചര്യത്തില്‍ വീഴ്ചകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ല. എങ്കിലും പ്രകൃതി തന്ന താക്കീത് ഒരു പാഠമായെടുക്കണം. പരിസ്ഥിതി സംരക്ഷിക്കുക ഏറ്റവും പ്രധാനമാണ്. ഓരോ പൗരനിലും അത്തരം അവബോധവും കടമയും വളര്‍ത്തുകയും പ്രാവര്‍ത്തികമാക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. വരുംതലമുറയ്ക്കുള്ള വലിയ സമ്മാനമാകണം പ്രകൃതിയുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും. മാലിന്യമുക്തമായ വായുവും വെള്ളവും ഭക്ഷണവുമെല്ലാം എല്ലാവരുടെയും കടമയും അവകാശവുമാണ്. 

പ്രളയം ഇരുപതിനായിരം കോടി രൂപയുടെ നാശ നഷ്ടം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആദ്യ കണക്കുകള്‍. എന്തായാലും  എണ്ണിയാലൊടുങ്ങാത്ത നഷ്ടമാണ് ഉ്ടായിരിക്കുന്നത്. സ്വത്തുവകകളുടെ നഷ്ടം കൂടാതെ വിലപ്പെട്ട പല രേഖകളുടെയും നാശം ധാരാളംപേരെ മാനസികമായും വിഷമിപ്പിക്കുന്നു. ഭൂമിയുടെ ആധാരം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍ ബുക്ക് എന്നിങ്ങനെപലതും.  പകരം രേഖകളെല്ലാം ലഘുവായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല. ഇതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. 

കര്‍ഷകരുടെ പതിറ്റാണ്ടുകളുടെ അധ്വാനമാണു നിമിഷങ്ങള്‍കൊണ്ടു കുത്തിയൊലിച്ചുപോയത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വലിയ കൃഷിനാശവും ഭൂനഷ്ടവുമുണ്ടായി.  ഇവിടെയെല്ലാം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ഒന്നാം ഘട്ടത്തില്‍നിന്നു തുടങ്ങണം. ഇതിനായി സര്‍ക്കാര്‍ പിന്തുണ ലഭിക്കമെന്നു കരുതാം.

    കുട്ടികളാണ് നമ്മുടെ സമ്പത്ത്. പഠിക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടത് അവരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അധ്യാപകരും രക്ഷാകര്‍ത്താക്കളും പെരുമാറണം. സൗമനസ്യത്തോടെ വേണം അവരെ പഠനത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍. 

യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്കും അവരുടെ ദുഃഖങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയണം. സാധിക്കുന്ന മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിച്ചു നാശനഷ്ടങ്ങളെയും ദുരിതങ്ങളെയും മറികടക്കാന്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് മതപുരോഹിതരും പൊതുപ്രവര്‍ത്തകരുമാണ്. ഇവര്‍ ഇതുചെയ്യുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരപേക്ഷ ജാതിയുടേയും മതത്തിന്റേയും പാര്‍ട്ടിയുടേയും അടയാളങ്ങള്‍നോക്കിയാകരുത് സഹായവും സാന്ത്വനവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA