കുടുംബം ഒരു മഹത്തായ പാഠശാല.

first-love
SHARE

തന്നെ ആരോ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്നും പോലീസിന് പരാതി കൊടുക്കാമെന്നും ആശുപത്രി കിടക്കയിൽ വച്ച് അയാൾ പലതവണ ഭാര്യയോട് പറഞ്ഞു.  അപ്പോഴെല്ലാം ഒരോ ന്യായങ്ങൾ നിരത്തി ആ യുവതി ഭർത്താവിനെ പിന്തിരിപ്പിച്ചു. ഒടുവിൽ കാമുകനേയും കൂട്ടാളികളേയും കൂട്ടി പോലീസ് എത്തിയപ്പോൾ ഭാര്യയുടെ മുഖം ഭയത്താൽ വിളറി വെളുത്തു. പ്രതീക്ഷിക്കാതെയാണ് ഭാര്യ തന്റെ ഭർത്താവിനെ നോക്കി ഇങ്ങനെ പറഞ്ഞത് 'പറ്റിപ്പോയി ചേട്ടാ, എന്നോട് ക്ഷമിക്കണം'. ഇത്രയും നിന്നെ സ്നേഹിച്ചിട്ടും എന്നെ കൊല്ലാൻ പറഞ്ഞില്ലേ എന്നായിരുന്നു അയാളുടെ പ്രതികരണം. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നടന്ന  ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ്. ഭർത്താവിനെ കൊലപ്പെടുത്തി കാമുകനുമായി ഒന്നിച്ച് ജീവിക്കാനായിരുന്നു ഇത്രയും ക്രൂരമായി ആ യുവതി  പെരുമാറിയത്.  ഇങ്ങനെ സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും വിലയറിയാതെ ഇത്രയെത്ര ക്രൂരതകളാണ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്. 

പെട്ടെന്നൊരു നിമിഷം കൊണ്ടാണ് എല്ലാം തകർന്നടിയുന്നത്. ജീവിതത്തിന്റെ സുഗന്ധം നഷ്ടപ്പെടുന്നത്. ബന്ധങ്ങളും സ്വന്തങ്ങളും നഷ്ടപ്പെടുന്നത്. അതിന്റെ വേരുകൾ തന്നെ അറുത്തുമാറ്റപ്പെടുന്നത്. കൂട്ടായ്മയുടെയും  സ്നേഹത്തിന്റെയും ആസ്വാദനമാണ് കുടുംബം. അകൽച്ചയുടെ മേഘങ്ങൾ കറുത്ത് മൂടുമ്പോഴാണ് ബന്ധങ്ങൾ തകർന്നുവീഴുന്നത്. സാധാരണ ദാമ്പത്യ ബന്ധങ്ങളിൽ ഭാര്യയും ഭർത്താവും ആഗ്രഹിക്കുന്നത്, താൻ മാത്രമേ തന്റെ പങ്കാളിയുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടുള്ളൂ എന്നാണ്. തനായിരിക്കണം ജീവിതത്തിന്റെ കേന്ദ്രബിന്ദു. ആ ആഗ്രഹത്തിന് ഇളക്കം തട്ടുമ്പോഴാണ് ബന്ധങ്ങൾ ഉലയാൻ തുടങ്ങുന്നത്. എന്തോ ഒരു ഭീതി അവരെ ബാധിക്കുന്നു. വാസ്തവത്തിൽ പ്രശ്നത്തിന് കാരണം ബന്ധമല്ല, മനസ്സിലെ അരക്ഷിതത്വമാണ്. സ്നേഹത്തിൽ അധിഷ്ടിതമാണ് ബന്ധം എങ്കിൽ അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല. കാര്യം കാണാൻ വേണ്ടി മാത്രമുള്ളതാണ് ബന്ധങ്ങൾ എങ്കിൽ അത് സാധിക്കാതെ വരുമ്പോൾ നിരാശയും, അരക്ഷിതത്വവും തോന്നുക സ്വാഭാവികം.

സ്വാർത്ഥതാൽപര്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുമ്പോൾ സ്വന്തം സുഖത്തിന് മാത്രമായിരിക്കും പ്രാധാന്യം നൽകുന്നത്.  അംഗീകാരമില്ലായ്മ, സ്നേഹമില്ലായ്മ, പങ്കാളിയുടെ സാന്നിധ്യ അനുഭവപ്പെടാതിരിക്കുക, അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഇതെല്ലാം പരിധി കടക്കുമ്പോൾ  ആ കുടുംബത്തിന്റെ താളം തെറ്റുന്നു. ഭാര്യയായാലും ഭർത്താവായാലും പരസ്പരം അംഗീകാരം ആഗ്രഹിക്കുന്നവരാണ്. പല ബന്ധങ്ങളിലും ഇത് വേണ്ട അളവിൽ നൽകാൻ സാധിക്കുന്നില്ല. ഇത് നേരെ ചെന്നെത്തുന്നത് വിവാഹ മോചനത്തിലേക്കാണ്. എന്നാൽ വിവാഹ മോചനങ്ങളും  മോശം കാര്യമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.  ഇന്ന് സ്ഥിതി മാറി. വിവാഹമോചനത്തിനോടുള്ള സമീപനം മാറി. നിസാര പ്രശ്നങ്ങൾക്ക് പോലും ബന്ധം വേർപ്പെടുത്തലാണ് പരിഹാരം  എന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിയിരിക്കുകയാണ്.  കുടുംബത്തിന് വേണ്ടി ത്യാഗം സഹിക്കാനുള്ള മനസ്സ് കൈമോശം വന്നു. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ടു പോകുകയുള്ളു. പല സുഖങ്ങളും സ്വാർത്ഥ താൽപര്യങ്ങളും വേണ്ടെന്ന് വച്ചാണ് നമ്മുടെ പൂർവികർ കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത്. കെട്ടുറപ്പുള്ള കുടുംബങ്ങൾ അടിസ്ഥാനമായി നിന്നാലേ സമൂഹവും നന്നായി വരു. പലപ്പോഴും കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ മൂന്നാമതൊരാളുടെ ഇടപെടൽ സ്ഥിതിഗതികൾ വഷളാക്കുകയാണ്.  തെറ്റും ശരിയും വേർതിരിച്ച് അറിയുമ്പോഴേക്കും പശ്ചാത്തപിച്ച് യോജിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.   ഒാരോരുത്തർക്കും പ്രശ്നങ്ങൾ വിഭിന്നമായിരിക്കും. വ്യക്തികളുടെ മനസ്സിനെ ഇഴപിരിച്ചു നോക്കിയെങ്കിൽ  മാത്രമേ  പ്രശ്നങ്ങൾ എത്രത്തോളം സങ്കീർണമാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.  മാത്രമല്ല ജീവിതത്തിൽ സാമ്പത്തിക പ്രയാസം ഉള്ളവരും മറ്റുവിധത്തിലുള്ള വൈകാരിക പ്രശ്നങ്ങളുള്ളവരുമുണ്ടാകാം. ഒാരോ വ്യക്തിക്കും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ആശകളും ആകുലതകളും ഒക്കെയുണ്ടാവും. അതൊന്നും ശരിയാംവണ്ണം പരിഹരിക്കപ്പെടാതെ വരുമ്പോഴാവും  ഒരു കുടുംബം തന്നെ ഇല്ലാതാവുന്നത്. 

വൈകാരിക ഭദ്രതയുളള കുടുംബത്തിൽ ബാക്കിയെല്ലാ കാര്യങ്ങൾക്കും രണ്ടാമതാവും പരിഗണന. അവിടെ സന്തോഷം നിലനിൽക്കും. പരസ്പര സ്നേഹ ബഹുമാനത്തോടെ എല്ലാം തുറന്ന് പറഞ്ഞ് വ്യക്തിയെ അംഗീകരിക്കുകയാണ് വേണ്ടത്. ഇൗ പ്രക്രിയയിൽ പാളിച്ച സംഭവിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. മദ്യപാനവും വിവാഹേതര ബന്ധങ്ങളും സംശയരോഗവും, മാനസിക പ്രശ്നങ്ങളും കുടുംബ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നു. വിവാഹജീവിതത്തിൽ മടുപ്പുതോന്നുമ്പോഴോ അല്ലെങ്കിൽ നേരമ്പോക്കിനുവേണ്ടിയോ തുടങ്ങുന്ന ബന്ധം വഴിവിട്ട തലങ്ങളിലേക്ക് മാറിപ്പോകുകയും പിന്നീട് കരകയറാൻ പറ്റാത്ത സ്ഥിതിയിലെത്തുകയും ചെയ്യുന്നു. സമൂഹത്തിലെ നിലയും വിലയുമാണ് ബാലിശമായ പ്രവൃത്തിയിലൂടെ നഷ്ടമാകുന്നത്. 

 മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം നിമിത്തം വിഷമത്തിലാകുന്നത് കുട്ടികളാണ്. ആരുടെകൂടെ നിൽക്കണം എന്നറിയാത്ത അവസ്ഥയിൽ അവർ മാനസിക സംഘർഷം അനുഭവിക്കുന്നു. കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കൾ തമ്മിൽ തർക്കം പതിവാണ്. തകരുന്ന കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് മാനസിക പക്വത കുറവാണ്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടാനുള്ള പ്രവണതയും ഇൗ കുട്ടികളിൽ കൂടുതലായിരിക്കും. മക്കൾക്കുവേണ്ടി എല്ലാ പ്രശ്നങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നവരും ഉണ്ട്. ബന്ധങ്ങൾക്ക് മൂല്യം കൽപിക്കുന്നവർക്കൊപ്പം കുടുംബവും സമൂഹവുമുണ്ടാകും. 

പരസ്പരമുള്ള ആശയവിനിമയം ഇല്ലായ്മ, ബഹുമാനം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. സ്നേഹം, ആദരവ്, അംഗീകാരം എന്നിവയിലൂടെ ഗാഢമായ ബന്ധം സൃഷ്ടിച്ചെടുക്കാൻ സാധിക്കും. കുടുംബത്തിലെ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും  നീരുറവ  വറ്റാതെ സംരക്ഷിക്കേണ്ടത് നാമോരുരത്തരുടേയും കടമയാണ്.  ഒാർക്കുമ്പോഴെല്ലാം ഉൾപുളകമാകുന്നതാകണം ഒാരോ കുടുംബവും. നുകർന്നും പകർന്നും ഒന്നായി തീരുന്ന ആത്മബന്ധമായി ഒാരോ അംഗങ്ങളും സ്വന്തമായി തീരണം. നല്ല ബന്ധങ്ങളും നല്ല ശീലങ്ങളും പഠിപ്പിക്കുന്ന ഒരു വിദ്യാലയമാകണം എന്നും വീട്.  സുകൃതങ്ങൾ പഠിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. സ്നേഹം കാണുകയും  കൈമാറുകയും ചെയ്യേണ്ട പാഠശാലയാണത്. നന്മകൾ പൂക്കുന്നു പാടമാകണം വീട്. അന്യോന്യം  പുലർത്തേണ്ട ആദരവും  അംഗീകാരവും നാം എന്നും പുലർത്തണം.  

ഉന്നതമായ സംസ്കാര ശിക്ഷണത്തിലേക്ക് ചുവട് വയ്ക്കേണ്ടത് കുടുംബത്തിന്റെ അടിത്തട്ടിൽ നിന്നാണ്. എന്നും പ്രശ്നങ്ങൾ സംഭവിക്കുന്നത് പ്രകടമാകാത്ത സ്നേഹവും കരുതലും ആദരവും കൊണ്ടാണ്.  നിങ്ങൾക്കൊപ്പം ജീവിക്കുന്നവരെയും നിങ്ങളുടെ ബന്ധങ്ങളെയും സ്നേഹിക്കാനും ആദരിക്കാനും സാധിക്കുന്നില്ലെങ്കിൽ കേവലമൊരു കെട്ടിട്ടം മാത്രമായി നമ്മുടെ കുടുംബം മാറിയേക്കും.  പകരം ആദരവിന്റെയും  സ്നേഹത്തിന്റെയും നറുമണവും നിലാവുമുണ്ടെങ്കിൽ നിങ്ങൾക്കതൊരു ആനന്ദ കേന്ദ്രമായി തീരും. ഒരിക്കലും പിരിയാൻ സാധിക്കാത്ത വിധത്തിൽ വിസ്മയ സുഖമായി വീടും കുടുംബവും അനുഭവപ്പെടും.കുടുംബം ഒരു മഹത്തായ പാഠശാലയാണ്. കുടുംബം നന്മയിലധിഷ്ഠിതമായാൽ ലോകം കൂരിരുട്ടിന്റെ ശക്തികളിൽനിന്ന് രക്ഷപ്പെടുമെന്ന് തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA