27 വയസ്സിനുള്ളിൽ 153 രാജ്യങ്ങളിൽ പോയിട്ടും ‘കൊതി’തീർന്നിട്ടില്ല!

drew-binsky-food-vlogger
SHARE

കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം? ചോദ്യമെറിഞ്ഞ് ഒരു നിമിഷം കാത്തിരിക്കേണ്ടി വന്നു പ്രശസ്ത ഫുഡ് വ്ലോഗറായ ഡ്രൂ ബിൻസ്കിയുടെ മറുപടിക്കായി.

കേരളത്തിൽ ഇതുവരെ ഒരു പശുവിനെപ്പോലും കാണാൻ കഴിഞ്ഞിട്ടില്ല, അതൊരു വ്യത്യാസമാണ്. നിഷ്കളങ്കമായ മറുപടിക്കു പിന്നാലെ സദസ്സിൽ നിന്നു പൊട്ടിച്ചിരിയുടെ അലകളുയർന്നു. 

27 വയസ്സിനുള്ളിൽ 153 ലോകരാജ്യങ്ങളിലെ കാഴ്ചകൾ ക്യാമറയിലാക്കിക്കഴിഞ്ഞു ഈ യുഎസ് സ്വദേശി, അതും കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ. തന്റെ ഫോളോവേഴ്സിനോടു യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാൻ വോക് ആൻഡ് ഗ്രിൽ ഹോട്ടലിൽ ഒരുക്കിയ വേദിയിലാണു ഡ്രൂ ബിൻസ്കി മനസ്സു തുറന്നത്. കൂട്ടിനു വ്ലോഗിങും ഭക്ഷണവും യാത്രകളും ഇഷ്ടപ്പെടുന്ന അൻപതിലധികം ചെറുപ്പക്കാരും.

സ്വപ്നം 40 രാജ്യങ്ങൾ കൂടി

2019 ൽ ഇനി കാണാൻ ബാക്കിയുള്ള 40 രാജ്യങ്ങളുടെ ഭൂരിഭാഗവും സന്ദർശിക്കാൻ കഴിയുമെന്നാണു കരുതുന്നത്. 7 ദിവസമെങ്കിലും ഒരു രാജ്യത്തു ചിലവഴിക്കുകയെന്നതാണു രീതി. യാത്രകൾ പൂർത്തിയായ ഉടൻ  ഒരു പുസ്തകം പ്രതീക്ഷിക്കാം. അതു കഴിഞ്ഞാൽ എന്തെന്നുള്ളത് അറിയില്ല. ഞാനും ഒരു സാധാരണ മനുഷ്യനാണ്. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ചേക്കേറണം. 

ഇന്ത്യയിലെ ഭക്ഷണം 

ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണ സംസ്കാരമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേരളത്തിലെ ഭക്ഷണം മറ്റു സംസ്ഥാനങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമാണ്. ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ നിന്ന് ഇതുവരെ 3 പ്രാവശ്യം ഭക്ഷ്യ വിഷബാധയേറ്റു. പുതിയ ഭക്ഷണവും കാഴ്ചകളും തേടിപ്പോകുന്നതിൽ നിന്ന് ഇതൊന്നും എന്നെ തളർത്തുന്നില്ല.

ഇന്ത്യയിലെ യാത്രകൾ

സഞ്ചാരി എന്ന നിലയിൽ ജനങ്ങൾ നമ്മെ കൂടുതലായി ശ്രദ്ധിക്കും. നമ്മൾ ചെയ്യുന്നതെന്താണെന്ന ആകാംക്ഷ ഇന്ത്യക്കാരിൽ കൂടുതലാണ്. ക്യാമറ ഇഷ്ടമല്ലാത്ത മറ്റു ചില രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാണ്  ഇന്ത്യ. ഒരു തെരുവിലൂടെ നമ്മൾ നടന്നു പോകുമ്പോൾ എന്റെ ഒരു പടമെടുത്തിട്ടു പോകൂ എന്നു പറയുന്നവരാണ് ഇവിടെയധികവും. സഞ്ചരിച്ച സംസ്ഥാനങ്ങളിൽ നിന്നെല്ലാം ജനങ്ങളുടെ സ്നേഹം അനുഭവിക്കാൻ പറ്റി.

വ്ലോഗിങ്ങിലെ പ്രത്യേകതകൾ 

ആരും പോകാത്ത രാജ്യങ്ങളിൽ കൂടി ഞാൻ ക്യാമറയുമെടുത്ത് ഇറങ്ങുന്നു. അതാണ് ഏറ്റവും വലിയ സവിശേഷത. യുവാക്കളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. അവരുണ്ടാക്കിയ കുമിളകളിൽ നിന്നു പുറത്തു കടന്നു ലോകം കാണാൻ പഠിപ്പിക്കുക. ഇന്ത്യ മനോഹരമായ രാജ്യമാണ്. ഈ വൈവിധ്യങ്ങൾ കണ്ടു തീർക്കാൻ 20 വർഷങ്ങളെങ്കിലും വേണം. ഇന്ത്യയിലേക്കും കേരളത്തിലേക്കും ഇനിയും യാത്രകളുണ്ടാവും.

വ്ലോഗർ എന്നാൽ

ഇന്റർനെറ്റിൽ എഴുതുന്നവരെ( ബ്ലോഗ് എഴുതുന്നവരെ) ബ്ലോഗർ എന്നു വിളിക്കുന്നു. എഴുത്തിൽ നിന്നു വ്യത്യസ്തമായി ‌പറയാനുള്ള കാര്യങ്ങൾ വിഡിയോ രൂപത്തിൽ പങ്കുവയ്ക്കുന്നവരെയാണു വ്ലോഗർ (വിഡിയോ ബ്ലോഗ് അല്ലെങ്കിൽ ലോഗ്)  എന്നു പറയുന്നത്. ഭക്ഷണത്തെപ്പറ്റിയുള്ള വീഡിയോ ചെയ്യുന്നവരെ ഫുഡ് വ്ലോഗറെന്നും യാത്രയാണു വിഷയമെങ്കിൽ ട്രാവൽ വ്ലോഗറെന്നും പറയാം. ഇത്തരത്തിൽ ഒട്ടേറെ വിഷയങ്ങളിലുള്ള വിഡിയോകൾ പങ്കുവയ്ക്കുന്ന വ്ലോഗർമാർ നമുക്കിടയിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA