തണുതണുപ്പൻ ജനുവരിയിൽ പെടപെടയ്ക്കണ ബീഫ് സൂപ്പ്

beef-soup
SHARE

തണുതണുപ്പൻ ജനുവരി മലയാളികൾക്ക് പുത്തരിയായത് ഇക്കൊല്ലമാണ്. പെടപെടയ്ക്കണൊരു സൂപ്പും കേരളത്തിലാദ്യമായി അവതരിച്ചതും ഈ സീസണിൽത്തന്നെ.കലൂർ –കടവന്ത്ര റോഡിലെ സൂപ്പ് ഷോപ് ഭക്ഷണാസ്വാദകർക്ക് തരുന്ന തയ്‌വാനീസ് ബീഫ് നൂഡിൽ സൂപ്പ് രുചിയിലും ഗുണത്തിലും കലർപ്പുകളേതുമില്ലാത്തതാണ്.

സൂപ്പ് എന്നാൽ മട്ടനോ ചിക്കനോ ക്രാബോ വെജോ എന്ന ധാരണയിൽ ഉറച്ചുപോയൊരു കൂട്ടത്തിന്റെ മുന്നിലേക്കാണ് ഇളം ബീഫിന്റെ കുരുമുളകു നന്മയുമായി തയ്‌വാനീസ് ശൈലിയിലെ സൂപ്പിന്റെ കോപ്പ ഇവർ കൊണ്ടുവച്ചത്. ആരോഗ്യത്തിനു വേണ്ടി കഴിക്കുന്ന സൂപ്പ് , ബീഫിന്റെ കൊളസ്ട്രോൾ ചീത്തപ്പേര് കേൾക്കാതെ കൊടുക്കണമെന്നതു നിർബന്ധം.

സ്ലോ കുക്കിങ്ങിലൂടെയാണ് ബീഫ് സ്റ്റോക്ക് എടുക്കുന്നത്. പോഷകങ്ങൾ ഒട്ടും കുറയാതിരിക്കാനാണിത്. ഉപ്പും തക്കാളിയും കുരുമുളകും മുഴുവൻ മസാലകളും ബേ ലീഫും മാത്രമേ ബീഫിനൊപ്പം ഈ ഘട്ടത്തിൽ ചേർക്കൂ. ഏകദേശം മൂന്നു മണിക്കൂറിലധികം കുക്ക് ചെയ്ത് ബീഫ് സ്റ്റോക്ക് തയാറാക്കിയ ശേഷം കഷ്ണങ്ങൾ മാറ്റിവയ്ക്കും. വലിയ ചങ്ക്സ് ആയിട്ടാണ് സ്റ്റോക്കിനു വേണ്ടി വേവിക്കാറ്. ഓഡർ ലഭിച്ചതിനു ശേഷമേ ബീഫ് ചങ്ക്സ് നുറുക്കി സ്റ്റോക്കിലേക്ക് യോജിപ്പിക്കൂ. സ്റ്റോക്ക് തയാറാക്കി വച്ചത് അപ്പോഴേക്കും ബ്രൊക്കോളിയും കസ്റ്റമറുടെ ആവശ്യമനുസരിച്ച് മറ്റു വെജിറ്റബ്ൾസും ചേർത്ത് ഒന്നുകൂടി തിളപ്പിക്കും. ഇതിലേക്ക് കനപ്പെട്ടൊരളവിൽ ബീഫ് കഷണങ്ങൾ ചേർത്ത ശേഷമാണ് വേവിച്ചുവച്ച നൂഡിൽ ചേർക്കുന്നത്. ഹെൽത്തിയായ സൂപ്പിൽ മൈദ ചേർത്ത് അവിശുദ്ധബന്ധം ഉണ്ടാക്കുന്നത് ശരിയല്ലാത്തതിനാൽ റൈസ് നൂഡിൽ മാത്രമേ ഈ സൂപ്പിൽ ചേർക്കൂ. അലങ്കാരം ലെറ്റൂസ്, സ്പ്രിങ് ഒണിയൻ, സെലറി വക.

സൂപ്പ് ആൻഡ് സാലഡ് എന്ന സമീകൃത ഡയറ്റ് ഇവിടെ വരുന്ന കസ്റ്റമേഴ്സ് തന്നെ ഒരാചാരമാക്കിയതിനാൽ ഷെഫ് നിർദേശിക്കുന്ന ഗ്രിൽഡ് ചിക്കൻ സാലഡിനോടും കൂട്ടുകൂടാം. ഒലീവ് ഓയിലും ലെമണും ചേരുന്ന സീസണിങ്ങാണ് ഇതിന്റെ പ്രത്യേകത.

കോൺഫ്ലോറോ ക്രീമോ മറ്റു ചേരുവകളോ ഈ സൂപ്പിൽ ചേർക്കില്ല. നല്ല 916 ബീഫ് രുചി തന്നെയാണ് നാവിൽ. ജ്യൂസി ആയ, ധാരാളം ഫൈബർ കണ്ടന്റ് ഉള്ള ബീഫ് കഷ്ണങ്ങളടങ്ങിയ സൂപ്പും പാക്കേജിൽ കൂടെയുള്ള ഗാർലിക് ബ്രെഡും ചേരുമ്പോൾത്തന്നെ കംപ്ലീറ്റ് മീൽ ആയി. ഇതുകഴിച്ചവർ സൂപ്പെന്നാൽ ആപ്പിറ്റൈസർ ആണെന്ന ധാരണ അംഗീകരിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA