എന്തുട്ട്.... ടേസ്റ്റാ ജോസേട്ടാ ഇൗ ബീഫ് റോസ്റ്റിന് !

SHARE

ഹോട്ടലിൽത്തന്നെ ഗോതമ്പു പൊടിച്ചുണ്ടാക്കുന്ന പൊറോട്ട.65 വർഷമായി സ്വാദു മാറാതെ തുടരുന്ന ബീഫ് റോസ്റ്റ്. അതും രാവിലെ 8 മുതൽ. പ്രാതലിനു പുട്ടും മസാലദോശയും നെയ്റോസ്റ്റും ഇഡ്ഡലിയും പൂരിമസാലയും കടലയും. 

തൃശൂർ നെല്ലിക്കുന്ന് പള്ളി കഴിഞ്ഞ് 50 മീറ്ററോളം നടത്തറ ഭാഗത്തേക്കു പോയാൽ ഇടതുവശത്തു കാണുന്ന ഡേവിസൺ ഹോട്ടലിനു 67 വയസ്സായി. നെല്ലിക്കുന്ന്് സ്കൂളിനു എതിർവശത്ത്. വീടിനോടു ചേർന്നുണ്ടാക്കിയ ഹോട്ടൽ ഇടയ്ക്കിയെ പുതുക്കിയെങ്കിലും മേശകളുടെയും കസേരകളുടെയും എണ്ണത്തിൽ നാലു പതിറ്റാണ്ടിലേറെയായി മാറ്റം വന്നിട്ടില്ല. തുടങ്ങിയതു ബഞ്ചിലും ഡസ്ക്കിലുമായിരുന്നു. 

devison
ജോസും അന്നയും

ഇതൊരു സാധാരണ നാടൻ ഹോട്ടലാണ്. ഷർട്ടിടാതെ കാഷ് കൗണ്ടറിൽ ഉടമ ഇരിക്കുന്നൊരു സാധാരണ ഹോട്ടൽ. മൂന്നാം തലമുറയാണു ഇപ്പോൾ നടത്തുന്നത്. തെക്കെത്തല വറീതും മകൻ ദേവസ്സിയും ചേർന്നു തുടങ്ങിയ ഹോട്ടൽ പിന്നീടു മകൻ ജോസ് നടത്താൻ തുടങ്ങി. അണ്ണാമല സർവകലാശാല ജീവനക്കാരനായിരുന്ന മകൻ ജെയ്സൺ ഇപ്പോൾ അപ്പനെ സഹായിക്കുന്നു. 

ജോസിന്റെ ഭാര്യ അന്നയുടെ വീട്ടിൽ ഹോട്ടലുണ്ടായിരുന്നു. കല്യാണം കഴിച്ചപ്പോൾ അതിൽനിന്നു രക്ഷപ്പെട്ടു എന്നു കരുതി എന്റെ വീട്ടിലേക്കു വന്നപ്പോൾ അന്നയെ കാത്തിരുന്നതു ഹോട്ടലിലെ പാചകക്കാരിയുടെ ജോലിയായിരുന്നുവെന്നു ജോസ് ചിരിച്ചുകൊണ്ടു പറഞ്ഞു. ബീഫ് റോസ്റ്റ് വർഷങ്ങളായി ഉണ്ടാക്കുന്നത് അന്നയാണ്. അടുത്തകാലത്തു രണ്ടു ജീവനക്കാരെവച്ചു. പക്ഷെ പാകത്തിനും കൂട്ടിനും മേൽനോട്ടം വഹിക്കുന്നതു അന്നതന്നെ. 

സവോളയും ഇഞ്ചിയും തക്കാളിയും മല്ലി,മുളകു പൊടികളും നന്നായി ചുവക്കുംവരെ മൂപ്പിച്ച ശേഷമാണു വേവിച്ച ബീഫിലേക്കു ചേർക്കുന്നത്. ബീഫിന്റെ േവവും മസാലയുടെ മൂപ്പുമാണു ഇന്നും ഇവിടത്തെ ബീഫ് കറിയെ നാടൻ കറിയാക്കി നിലനിർത്തുന്നതെന്നു അന്ന പറഞ്ഞു. വീട്ടിനു പുറകിലെ മില്ലിലാണു മല്ലിയും മുളകും ഗോതമ്പുമെല്ലാം പൊടിക്കുന്നത്. 

എല്ലാം ഹോട്ടലിൽത്തന്നെ പൊടിച്ചുണ്ടാക്കുന്നതു കൊണ്ട് ‘ല്ലാം മ്മ്ട്യാട്ടാ..’ എന്നു ഭിത്തിയിൽ കുറിച്ചു വച്ചിട്ടുമുണ്ട്. 

achurotti
അച്ചുറൊട്ടി

40 വർഷത്തോളം ഇവിടെ ബേക്കിങ് യൂണിറ്റുണ്ടായിരുന്നു. പഴയകാല സ്മര ണ ഉയർത്തുന്ന അച്ചുറൊട്ടി ഇപ്പോഴും ഇവിടെ കിട്ടും. മുറിക്കാത്ത കുട്ടിബ്രഡാണിത്. കുറച്ചെണ്ണമേ ഉണ്ടാക്കൂ എന്നുമാത്രം. പഫ്സ്, തേങ്ങാ കേക്ക്, സ്വീറ്റ് പൊറോട്ട, വെട്ടു കേക്ക് എന്നിവയും ഷെൽഫിൽ നിറച്ചുണ്ടാകും. അഞ്ചിനു ഹോട്ടൽ അടയ്ക്കും. രാവിലെ 6നു തുറക്കും. ഞായറാഴ്ച ജോസിന്റെ മാത്രം പാചകമാണ്. പുട്ടും കടലും മാത്രമേ ഉണ്ടാക്കൂ. രാവിലെ 9നു അടയ്ക്കുകയും ചെയ്യും. ഭാര്യയ്ക്കും മക്കൾക്കും അന്നു പൂർണ്ണമായും അവധിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA