ഉള്ളിക്കറിയുണ്ടെങ്കിൽ മൂന്ന് ദിവസം വേറെ കറിയൊന്നും വേണ്ട !

Cooking-onion
SHARE

ഉമ്മാസ് ഉള്ളിക്കറി- എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം. ഉമ്മയാണ് ഇതുണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്. ഇത്ര രുചിയുള്ള ഉള്ളിക്കറി മറ്റെവിടെനിന്നും ഞാൻ കഴിച്ചിട്ടില്ല. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ വിഭവം രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതുമാണ്. ദിവസം ചെല്ലുന്തോറും ഈ ഉള്ളിക്കറിക്ക് രുചി കൂടുമെന്നതാണ് എന്റെ അനുഭവം. ഇതുണ്ടെങ്കിൽ പിന്നെ ചോറിന് മറ്റൊരു കറിയും വേണ്ട. കുറുവ അരിയുടെ ചോറ് ആണെങ്കിൽ ഏറ്റവും നല്ലത്. ജോലിക്കും മറ്റുമായി ദൂരസ്ഥലങ്ങളിൽ ഒറ്റയ്ക്കു താമസിക്കുന്നവർക്കു പറ്റിയ വിഭവമാണിത്. കുറച്ചുനേരത്തെ അധ്വാനം മതി.

പിന്നെ മൂന്നു ദിവസം കുശാൽ....

വെളിച്ചെണ്ണ- 3 വലിയ സ്പൂൺ,സവാള- 3 എണ്ണം നുറുക്കി അരിഞ്ഞത്.ചെറിയ ഉള്ളി- 3 എണ്ണം നുറുക്കിയത്. വറ്റൽ മുളക്- 4 എണ്ണം രണ്ടായി മുറിച്ചത്. ഉലുവ- ഒരു നുള്ള്,കടുക്- ഒരു നുള്ള്,മഞ്ഞൾപ്പൊടി- ഒരു നുള്ള്,കുടംപുളി- രണ്ട് എണ്ണം,വാളംപുളി- ഒരു ഗോലി വലുപ്പത്തിലുള്ള ഉരുള അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞുവയ്ക്കുക.കറിവേപ്പില- ഒരു തണ്ട്,ഉപ്പ്- ആവശ്യത്തിന്,വെളുത്തുള്ളി- 12 അല്ലി നുറുക്കിയത്. മുളകുപൊടി- 3 സ്പൂൺ,മല്ലിപ്പൊടി- അര ചെറിയ സ്പൂൺ,വെള്ളം - 4 കപ്പ് 

ശ്രദ്ധിക്കുക, സവാള നീളത്തിൽ അരിയരുത്. നുറുക്കി തന്നെയെടുക്കുന്നതാണ് ഈ വിഭവത്തിന്റെ രുചിയിൽ നിർണായകം. ആദ്യം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ മൂത്തു വരുമ്പോൾ ഉലുവ ഇടുക. തൊട്ടുപിന്നാലെ കടുകും ഇട്ട് പൊട്ടിക്കുക. ശേഷം വറ്റൽ മുളകുകൂടി അക്കൂട്ടത്തിലേക്ക് ഇടണം. മുളക് ഏകദേശം കറുത്തുവരുമ്പോൾ ചെറിയ ഉള്ളി നുറുക്കിയതും ഇടുക.എന്നിട്ട് നന്നായി ഇളക്കുക. അതിലേക്ക് സവാള നുറുക്കിയതുകൂടി ചേർത്ത്,വീണ്ടും നന്നായി ഇളക്കുക. നന്നായി വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി,മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും ഇളക്കുക. ശേഷം വെളുത്തുള്ളി നുറുക്കിയതും ഇടുക. വീണ്ടും ഇളക്കി അതിലേക്ക് 4 കപ്പ് വെള്ളം ഒഴിക്കുക. കൂടെ പുളിവെള്ളവും കുട‌ംപുളിയും ചേർക്കുക. ഒന്നൂകൂടി ഇളക്കി തീ ചെറുതാക്കി ചീനച്ചട്ടി അടച്ചുവയ്ക്കുക.ചീനച്ചട്ടിയിലെ വെള്ളം ഏകദേശം രണ്ടു കപ്പ് അളവിലേക്ക് വറ്റുന്നതു വരെ അടുപ്പത്തു വയ്ക്കണം. ഈ വിഭവം ഉണ്ടാക്കുന്നതിലെ ഏറ്റവും പ്രധാനഭാഗമാണിത്.ഒടുവിൽ തീയണച്ച് ഇറക്കിവയ്ക്കുന്നതിനു മുൻപ് വേപ്പില മുകളിലൂടെ വിതറിക്കൊടുക്കാം. ചൂടാറിക്കഴിഞ്ഞാൽ ഒരു ചെറിയ സ്പൂൺ പച്ചവെളിച്ചെണ്ണ മുകളിലൂടെ തൂവിക്കൊടുക്കണം.

തയാറാക്കിയത് : ശ്രീപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA