sections
MORE

സമ്പത്ത് വളർത്താൻ 12 ഫിനാൻഷ്യൽ ടിപ്‌സ്

planning&healthy mix
SHARE

നിത്യ ജീവിതത്തിൽ നമ്മൾ സ്വീകരിക്കുന്ന ഓരോ ചെറിയ ചുവടുകൾക്കും നമ്മുടെ സമ്പത്തിനെ വളർത്തുവാനോ തകർക്കുവാനോ കഴിയും എന്നതാണ് സത്യം. ഉദാഹരണത്തിന് വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഏതു സമയമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നതുതന്നെ ലാഭം നേടിതരും. രാവിലെയാണ് കാറിൽ പെട്രോൾ നിറക്കുന്നതെങ്കിൽ മറ്റ് ഏതു സമയത്ത് പെട്രോൾ നിറക്കുന്നതിനേക്കാൾ ലാഭകരമാകുമെന്ന് ശാസ്‌ത്രം പറയുന്നു. കാരണം പകൽ താപനില കൂടുന്നതനുസരിച്ച് ഇന്ധനം വികസിക്കുമെന്നും (ലീനിയർ എക്സ്‌പാൻഷൻ) രാവിലെ നിറക്കുകയാണെങ്കിൽ തണുത്ത ഊഷ്‌മാവിൽ കൂടുതൽ ഇന്ധനം ലഭ്യമാകുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. സമ്പത്തു വളർത്താൻ അനായാസേന പിന്തുടരാവുന്ന ചില ഫിനാൻഷ്യൽ ടിപ്‌സുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ദീർഘകാലത്തിൽ വലിയ ലാഭം നൽകുന്ന ഇത്തരം ചെറിയ ചുവടുകൾ ഓരോന്നായ് ശീലിക്കുക.

1സാമ്പത്തിക ലക്ഷ്യങ്ങൾ തിരിച്ചറിയുക.

യാത്രയുടെ ലക്ഷ്യം എവിടേക്കാണ് എന്ന് അറിയില്ലെങ്കിൽ ലക്ഷ്യത്തിലേക്കുള്ള വഴി എങ്ങിനെയാണ് തിരഞ്ഞെടുക്കുക? ഒരു വർഷത്തിനുള്ളിൽ ഞാൻ സാമ്പത്തികമായ് ഏതു നിലയിലായിരിക്കണമെന്നും, അഞ്ചു വർഷങ്ങൾക്കുള്ളിൽ എന്റെ സമ്പാദ്യസ്ഥിതി എന്താവണമെന്നും, അടുത്ത പത്തു വർഷങ്ങൾക്കപ്പുറം ജീവിതം എങ്ങിനെയായിരിക്കണമെന്നും ഇപ്പോഴേ തീരുമാനിക്കുവാൻ കഴിയണം. ഈ തീരുമാനങ്ങൾ ഒരു ഡയറിയിലോ പേപ്പറിലോ കുറിക്കാം. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ എന്തു ചുവടുകളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും രേഖപ്പെടുത്തുക. ഇനി നിങ്ങൾ രേഖപ്പെടുത്തിയ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ നിങ്ങൾക്കു നൽകുന്ന സമയപരിധി രേഖപ്പെടുത്തുക.

ഇത്രയും കഴിഞ്ഞാൽ ഈ പേപ്പർ നിത്യവും കാണാൻ കഴിയുന്നവിധം വീട്ടിലോ ഓഫീസിലോ ഒട്ടിച്ചുവയ്‌ക്കുന്നതു മുതൽ നിങ്ങളുടെ സാമ്പത്തിക പുരോഗതിയിലേക്കുള്ള യാത്ര ആരംഭിക്കുകയായ്.

2. പണമിടപാടുകൾ ഓട്ടോപൈലറ്റ് മോഡിൽ സെറ്റ് ചെയ്യൂ.

തങ്ങൾ പറപ്പിക്കുന്ന ഫ്‌ളൈറ്റുകൾ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ പൈലറ്റുമാർ അവലംബിക്കുന്ന മാർഗമാണ് ഓട്ടോപൈലറ്റ് മോഡ്. സമ്പാദ്യം വളർത്താനും ഈ രീതി സ്വീകരിക്കാം.

മാസശമ്പളത്തിന്റെ ഒരു ഭാഗം നിങ്ങളുടെ തന്നെ മറ്റൊരു സേവിങ്സ് അക്കൗണ്ടിലേക്ക് എല്ലാ ശമ്പളദിവസവും ട്രാൻസ്ഫർ ചെയ്യപ്പെടുന്ന രീതിയിൽ അക്കൗണ്ട് സെറ്റ് ചെയ്യുക. ഈ അക്കൗണ്ടിൽ നിന്നാകട്ടെ നിങ്ങളുടെ സമ്പാദ്യത്തിന്റെ വളർച്ച. കുറച്ചുമാസങ്ങൾ കഴിയുമ്പോൾ നിങ്ങൾ നിർബന്ധിതമായ് മാറ്റുന്ന ഈ തുക ഇല്ലെങ്കിലും ജീവിതം സുഗമമായ് പോകുന്നുവെന്ന തിരിച്ചറിവ് സന്തോഷകരമാവും.

3. ചിലവുകൾ കുറിച്ചിടാൻ മറക്കരുത്.

ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന പഴഞ്ചൊല്ല് മറക്കരുത്. നിത്യേന ചിലവാക്കുന്ന പണം ട്രാക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പണം ചോരുന്ന വഴി കണ്ടെത്തുക പ്രയാസകരമാകും.  എന്ത് സേവ് ചെയ്യുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് എന്ത് ചിലവഴിക്കുന്നു എന്ന് തിരിച്ചറിയുന്നതും. അത്യാവശ്യങ്ങളും, ആവശ്യങ്ങളും, ആഡംബരങ്ങളും തിരിച്ചറിയാൻ ഇതു സഹായിക്കും. 

4. വേണം ഒരു കുടുംബ ബജറ്റ്

വരുമാനത്തെ മാനേജ് ചെയ്യാനും, ചിലവുകൾ ബാലൻസ് ചെയ്യാനും സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രിതമായ് നേടുവാനും ഒരു കുടുംബ ബജറ്റ് വഴി മാത്രമേ സാധ്യമാകൂ. അരമണിക്കൂർ കൊണ്ട് ഒരു കുടുംബ ബജറ്റ് തയാറാക്കാൻ കഴിയുന്ന സ്‌മാർട്ട് ഫോൺ ആപ്പുകളും, വെബ് ടൂളുകളും ഇന്ന് ലഭ്യമാണ്.

5. പങ്കാളിയുമായ് ചർച്ച ചെയ്യുക.

നിങ്ങളുടെ സാമ്പത്തിക ജീവിത ലക്ഷ്യങ്ങളിൽ നിങ്ങളും ജീവിതപങ്കാളിയും രണ്ട് ധ്രുവങ്ങളിലല്ല എന്നു ഉറപ്പുവരുത്തുക. ഭർത്താവിനും ഭാര്യയ്‌ക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളാണ് ഉള്ളതെങ്കിൽ ലക്ഷ്യം നേടുവാൻ പ്രയാസമേറും.  ഒരേ ലക്ഷ്യത്തിൽ നീങ്ങിയാലും നിശ്ചിത ഇടവേളകളിൽ ലക്ഷ്യങ്ങളും പുരോഗതിയും പരസ്‌പര ചർച്ചയിലൂടെ വിലയിരുത്തുക.  ചിലവു ചുരുക്കാനും പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും ഇതു സഹായകമാകും.

6. ജോലിയിൽ നിന്നും/ബിസിനസിൽ നിന്നും പരമാവധി വരുമാനം നേടുക.   

ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന അവസരങ്ങൾ പരമാവധി  ഉപയോഗപ്പെടുത്തുക.  കമ്പനിയുടെ റിട്ടയർമെന്റ് അവസരങ്ങൾ കൂടുതൽ ലാഭകരമാക്കാനാകുമോ എന്ന് അന്വേഷിക്കുക.

7. ‘ഓട്ടോ ബിൽ പേ’ ശീലമാക്കാം. 

വാട്ടർ ബിൽ, കറന്റ് ബിൽ, ടെലിഫോൺ ബിൽ, ക്രഡിറ്റ് കാർഡ് ബിൽ തുടങ്ങിയ പ്രതിമാസ ബില്ലുകളെ വരുതിയിലാക്കുകയെന്നതാണ് സാമ്പത്തിക ആരോഗ്യം വളർത്തുവാൻ ആദ്യം ചെയ്യേണ്ടത്. ലേറ്റ് പേമെന്റ് ഫീസിൽ നിന്നും അധിക ഫിനാൽഷ്യൽ ചാർജുകളിൽ നിന്നും ലാഭം നേടുന്നു എന്നതിന് പുറമേ ഇത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോർ ഉയർത്താനും അതുവഴി കുറഞ്ഞ പലിശനിരക്കിൽ ഭാവിയിൽ ലോൺ ലഭ്യമാക്കാനും സഹായിക്കും. പ്രതിമാസ ബില്ലുകൾ ബാങ്കുവഴിയാക്കുവാൻ ഏതാനും നിമിഷം മതിയാകും, പക്ഷെ അതുവഴി നേടുന്ന ലാഭം വിലപ്പെട്ടതാണ്. ഇത്തരം പേമെന്റുകൾക്കു ഇമെയിൽ/എസ്എംഎസ് അലർട്ടുകളും റിമൈൻഡറുകളും സെറ്റ് ചെയ്യുന്നത് അക്കൗണ്ടിൽ മതിയായ പണമുണ്ടോയെന്ന് ഉറപ്പു വരുത്താൻ സഹായിക്കും.

8. ഇൻഷുറൻസ് പോളിസികൾ റിവ്യൂ ചെയ്യുക.  

വർഷത്തിൽ രണ്ടു തവണയെങ്കിലും ഇൻഷുറൻസ് പോളിസികൾ റിവ്യൂ ചെയ്യുക. യുലിപ്പ് പോലുള്ള പോളിസികളിൽ മോർട്ടാലിറ്റി ചാർജ്, ഫണ്ട് മാനേജ്‌മെന്റ് ചാർജ് അലൊക്കേഷൻ ചാർജ്, പോളിസി അഡ്‌മിനിസ്‌ട്രേഷൻ ചാർജ് എന്നിങ്ങനെ നിരവധി ചാർജുകൾ നമ്മുടെ ലാഭത്തെ ഇല്ലാതാക്കുന്നവയാവാം. നിരന്തരം നിക്ഷേപിച്ചിട്ടും, മാർക്കറ്റ് ഉയർന്നിട്ടും, നിങ്ങളുടെ പ്രോഫിറ്റ് ഉയരുന്നില്ലെങ്കിൽ വിദഗ്‌ദന്റെ ഉപദേശം തേടുക.  നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന പണം തെറ്റായ ഫണ്ടിലാണ് കിടക്കുന്നതെങ്കിലും ഇത്തരം നഷ്‌ടമുണ്ടാകാം എന്നറിയുക.  ഹെൽത്ത് ഇൻഷുറൻസിന്റെ അടുത്ത റിന്യൂവൽ പ്രീമിയം അടക്കുന്നതിന് മുൻപ് മാർക്കറ്റിലെ മറ്റ് പ്ലാനുകളുമായി പ്രീമിയം തുകയും ബനിഫിറ്റുകളും താരതമ്യം ചെയ്യുക.

9. ലഭിക്കുന്ന ബില്ലുകൾ ഉടൻ തുറന്നു വായിക്കുക. 

മാസം തോറും വരുന്ന ബില്ലുകൾ തുറന്നു വായിക്കാൻ പിന്നെയാവട്ടെ എന്നു നീക്കി വയ്ക്കുന്നവരാണ് പലരും. ബില്ലിൽ നോക്കി ഒരു ഷോക്കു വേണ്ട എന്നു കരുതിയിട്ടാകാം.എന്നാൽ നല്ല സമ്പാദ്യശീലത്തിന് ബില്ലുകൾ ലഭിക്കുന്ന മുറയ്ക്ക് റിവ്യൂ ചെയ്യുന്നത് ശീലമാക്കുക. ബില്ലുകളിലെ തെറ്റുകൾ കണ്ടു പിടിക്കാനും ആവശ്യമെങ്കിൽ കറക്‌ട് ചെയ്യാനും ഇതു സഹായിക്കും. അതല്ലായെങ്കിൽ, ലേറ്റ് ഫീയും ഓവർ ചാർജും, അഡീഷണൽ ചാർജുകളും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നാകും പോകുക. ലഭിക്കുന്ന ബില്ലുകൾ ഉടനടി തുറന്നു നോക്കുന്നതു വഴി നിങ്ങളുടെ ചിലവുകൾ എങ്ങോട്ടാണ് പോകുന്നതെന്നും നിങ്ങൾ എവിടെ നിൽക്കുന്നുവെന്നും ഇത്തരം ബില്ലുകൾ നിങ്ങളുടെ സേവിങ്സിനെ എങ്ങിനെ ബാധിക്കാമെന്നും അറിയാം.

10. പർച്ചേസുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.

പർച്ചേസുകൾ എന്തുമാകട്ടെ, വീട്ടിൽ നിന്നും പുറപ്പെടും മുൻപേ വാങ്ങാനുള്ളവയുടെ ലിസ്റ്റ് തയാറാക്കുക. ഈ ശീലം നിങ്ങളുടെ പണം ലാഭിക്കുവാനും, നിങ്ങളുടെ മാസ ബജറ്റിൽ ഒതുക്കി നിർത്തുവാനും, ഇംപൽസീവ് പർച്ചേസ് ഒഴിവാക്കുവാനും സഹായിക്കും.  പർച്ചേസ് വലുതെങ്കിൽ പ്രൈസ് കംപാരിസൺ നടത്തിയ ശേഷം മാത്രം വാങ്ങുക.

11. ലോണുകൾ തിരിച്ചടുക്കുന്നതാവട്ടെ മുൻഗണന.

ഏറ്റവും ഉയർന്ന പലിശയുള്ള ലോണുകളാണ് ഏറ്റവും ആദ്യം അടച്ചു തീർക്കാൻ പ്ലാൻ ചെയ്യേണ്ടത്. മാസംതോറുമുള്ള തിരിച്ചടവുകൾക്കു കൾക്കു കാത്തുനിൽക്കാതെ കയ്യിൽ പണം വരുന്ന മുറയ്‌ക്കു മാസത്തിൽ ഒന്നിനു പകരം രണ്ടു തവണയായും ലോൺ തിരിച്ചടയ്ക്കാമെങ്കിൽ പലിശയിനത്തിൽ വളരെ ലാഭമുണ്ടാക്കാനും കടം എളുപ്പത്തിൽ വീട്ടാനും കഴിയും.

12. സേവിംഗ്‌സിനുമേൽ ഉയർന്ന റിട്ടേൺ നേടൂ.

ബാങ്ക് നിക്ഷേപമാണ് നിങ്ങളുടെ സുരക്ഷിത സമ്പാദ്യമാർഗമെങ്കിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഏതെന്നു കണ്ടുപിടിക്കുക. ‘ഞാൻ പത്തു വർഷമായ് ഈ ബാങ്കിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ‘ എന്നോ ‘ഇവിടത്തെ ബാങ്ക് മാനേജർ നല്ല സ്‌നേഹമുള്ള മനുഷ്യനാണ്’ എന്നോ പറയുന്നതിൽ കാര്യമില്ല. ഓർക്കുക, മാറ്റം വളർച്ചയ്ക്ക് അനിവാര്യമാണ്. 

നിങ്ങളുടെ സമ്പാദ്യശീലത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ ചുവടുകൾക്കു കഴിയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA