sections
MORE

കഴിഞ്ഞ വർഷം ബോൾ ചെയ്തത് 511.3 ഓവർ; ബുമ്രയ്ക്ക് വിശ്രമം

bumrah-with-team-india
SHARE

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന വിജയത്തിനു പിന്നാലെ ഇന്ത്യൻ ഏകദിന ടീമിൽ അഴിച്ചുപണി. ടെസ്റ്റ് പരമ്പര നേട്ടത്തിലെ വിജയശിൽപികളിൽ പ്രധാനിയായ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്നും അതിനുശേഷമുള്ള ന്യൂസീലൻഡ് പര്യടനത്തിൽനിന്നും സിലക്ടർമാർ വിശ്രമം അനുവദിച്ചു. ജോലിഭാരം പരിഗണിച്ചാണിത്. യുവതാരം മുഹമ്മദ് സിറാജാണ് പകരക്കാരൻ. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സിദ്ധാർഥ് കൗളിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഓസ്ട്രേലിയൻ ടീം ഇന്ത്യയിൽ പര്യടനത്തിനു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബുമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുന്നതിനാണ് ഇരു പരമ്പരകളിൽനിന്നും ഒഴിവാക്കുന്നതെന്ന് ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത പേസ് ബോളർ ബുമ്രയാണ്. നാലു ടെസ്റ്റുകളിലായി 157.1 ഓവറുകളാണ് ബുമ്ര എറിഞ്ഞുതീർത്തത്. പരമ്പരയിൽ ഇതിൽക്കൂടുതൽ ഓവറുകൾ ബോൾചെയ്ത ഏക താരം ഓസീസിന്റെ നേഥൻ ലയണാണ്. 242.1 ഓവറാണ് സ്പിന്നറായ ലയൺ ബോൾ ചെയ്തത്.

പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ പോക്കറ്റിലാക്കിയത് ലയണും ബുമ്രയുമാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 2018ൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത താരങ്ങവും ഇവരാണ്. ലയൺ മൂന്നു ഫോർമാറ്റിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി20) 636.3 ഓവറാണ് കഴിഞ്ഞ വർഷം ബോൾ ചെയ്തത്. ബുമ്രയാകട്ടെ 511.3 ഓവറുകളും ആകെ ബോൾ ചെയ്തു. അതേസമയം, ഏറ്റവും കൂടുതൽ വിക്കറ്റുകൾ  സ്വന്തമാക്കിയ താരം ബുമ്രയാണ്. 78 വിക്കറ്റുകളാണ് കഴിഞ്ഞ വർഷം ആകെ ബുമ്ര പോക്കറ്റിലാക്കിയത്.

രാജ്യാന്തര ഏകദിനത്തിൽ ഇനിയും അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത സിറാജ്, ശ്രീലങ്കയിൽ ഇക്കഴിഞ്ഞ മാർച്ചിൽ സമാപിച്ച നിദാഹാസ് ട്രോഫി ട്വന്റി20യിലാണ് ഒടുവിൽ കളിച്ചത്. അടുത്തിടെ ഇന്ത്യ എ ടീം ന്യൂസീലൻഡിലേക്കു നടത്തിയ  പര്യടനത്തിൽ സിറാജും ടീമിലുണ്ടായിരുന്നു. മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും പിഴുതു. ഈ മികവാണ് സിറാജിന് വീണ്ടും ദേശീയ ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.

ഓസ്ട്രേലിയ–ന്യൂസീലൻഡ് പര്യടനങ്ങൾക്കുള്ള ഏകദിന ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ‌്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, സിദ്ധാർഥ് കൗൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA