sections
MORE

ഞങ്ങള്‍ ഇതൊന്നും ഡ്രസിങ് റൂമിൽപ്പോലും സംസാരിക്കില്ല: ഹർഭജൻ

pandya-harbhajan
SHARE

മുംബൈ∙ ടെലിവിഷൻ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിലക്കും അന്വേഷണവും നേരിടുന്ന യുവതാരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഹർഭജൻ സിങ് രംഗത്ത്. മുൻ താരങ്ങൾ ഡ്രസിങ് റൂമിൽ പോലും ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് പാണ്ഡ്യയും രാഹുലും ഒട്ടും ലജ്ജയില്ലാതെ ചാനലിൽ പോയിരുന്നു പറഞ്ഞതെന്ന് ഹർഭജൻ വിമർശിച്ചു. ഇവരുടെ ശ്രദ്ധയില്ലാത്ത സംസാരം മറ്റു താരങ്ങൾക്കു കൂടി നാണക്കേടാണെന്നും ഹർഭജൻ പറഞ്ഞു.

‘പണ്ടു ഞങ്ങൾ ഡ്രസ്സിങ് റൂമിൽപ്പോലും ഇങ്ങനെയൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. ഇപ്പോഴിതാ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇതു കേട്ടാൽ ആളുകൾ എന്താണു കരുതുക? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ? ഹർഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നെന്ന്?’ – ഹർഭജൻ പറഞ്ഞു.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന ടിവി ഷോയിൽ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് വെളിപ്പെടുത്തിയത്. ‘ഡ്രസിങ് റൂമിലും ഇതൊക്കെത്തന്നെയാണോ സ്ഥിതി’ എന്ന ജോഹറിന്റെ ചോദ്യത്തിനും ‘ശരിയാണ്’ എന്ന മട്ടിലാണ് പാണ്ഡ്യയും രാഹുലും മറുപടി നൽകിയത്. ഇതിനെയും ഹർഭജൻ വിമർശിച്ചു.

‘ഈ പാണ്ഡ്യയൊക്കെ ടീമിലെത്തിയിട്ട് എത്ര നാളായി? ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാൻ മാത്രമൊക്കെ പരിചയം അയാൾക്കുണ്ടോയെന്നും ഹർഭജൻ ചോദിച്ചു. ഇരുവർക്കും വിലക്കേർപ്പെടുത്താനുള്ള നീക്കത്തെയും ഹർഭജൻ പിന്തുണച്ചു.

‘ഇക്കാര്യത്തിൽ ബിസിസിഐയുടെ നിലപാടാണ് ശരി. മുന്നോട്ടുള്ള വഴിയും ഇതുതന്നെ. ഇക്കാര്യത്തിൽ ഇതാണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’ – ഹർഭജൻ പറഞ്ഞു.

വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. തുടർന്ന് ഇരുവരും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും അംഗമായ ഡയാന എഡുൽജിയും ഇരുവർക്കും വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്തത്. ഇരുവർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു പൂർത്തിയാകും വരെ ടീമിനു പുറത്തുനിർത്താനും തീരുമാനമുണ്ട്. ഈ സാഹചര്യത്തിൽ സിഡ്നിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ ടീമിനൊപ്പം ഓസ്ട്രേലിയയിലുള്ള ഇവരെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA