sections
MORE

പന്തിന്റെ കഴിവ് പന്തിനു പോലുമറിയില്ല: ലോകകപ്പിൽ കളിച്ചേക്കും

Rishabh-Pant
SHARE

മുംബൈ∙ ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മുഖ്യ സ്ഥാനമുണ്ടെന്ന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. ഓസ്ട്രേലിയയിൽ തുടർച്ചയായി ട്വന്റി20, ടെസ്റ്റ് മൽസരങ്ങൾ കളിച്ച് ക്ഷീണിച്ചതിനാലാണ് ഏകദിന പരമ്പരയിൽ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചത്. അത് ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിക്കില്ലെന്നതിന്റെ സൂചനയൊന്നുമല്ലെന്നും പ്രസാദ് വ്യക്തമാക്കി.

‘ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ട്വന്റി20 മൽസരങ്ങളിലും നാല് ടെസ്റ്റ് മൽസരങ്ങളിലും പന്ത് തുടർച്ചയായി കളിച്ചിരുന്നു. അതിന്റെ ക്ഷീണം പന്തിനെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശ്രമം അനുവദിച്ചത്. രണ്ട് ആഴ്ചത്തെ പൂർണ വിശ്രമത്തിനുശേഷം ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എയുടെ മൽസരങ്ങളിൽ പന്തിനെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. തുറന്നു പറയട്ടെ, നമ്മുടെ ലോകകപ്പ് പദ്ധതികളിൽ മുഖ്യസ്ഥാനത്ത് പന്തുമുണ്ട്. ചാംപ്യൻ താരത്തിലേക്കുള്ള വളർച്ചയിലാണ് പന്ത്. പന്തിന്റെ പൂർണ കഴിവിനെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ധാരണയുണ്ടോ എന്നു സംശയമാണ്’ – പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താനുള്ള തന്റെ സിലക്ഷൻ കമ്മിറ്റിയുെട തീരുമാനം വിക്കറ്റിനു മുന്നിലും പിന്നിലും ശരിയാണെന്ന് താരം തെളിയിച്ചതായും പ്രസാദ് ചൂണ്ടിക്കാട്ടി.

‘ഓരോ മൽസരത്തിലും സാഹചര്യങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്താനും പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പന്തിനു നിർദ്ദേശം നൽകിയിരുന്നു. അതു ശിരസ്സാ വഹിച്ചാണ് ഇതുവരെ പന്ത് കളിച്ചിട്ടുള്ളത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിയിൽ മാറ്റം വരുത്താൻ പന്തിനാകുമെന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. ടെസ്റ്റ് പരമ്പരയിൽ പന്തിനെ ടീമിലെടുത്തപ്പോൾ അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഓസ്ട്രേലിയയിലെത്തുമ്പോഴേയ്ക്കും ഒരു മൽസരത്തിൽ 11 ക്യാച്ചെടുത്ത് പന്ത് സിലക്ഷൻ കമ്മിറ്റിയുെട തീരുമാനം ശരിവച്ചിരിക്കുന്നു’ – പ്രസാദ് ചൂണ്ടിക്കാട്ടി.

ഓപ്പണിങ് സ്ഥാനത്തേക്കുള്ള ഒരു കരുതൽ എന്ന നിലയിലാണ് പഞ്ചാബിൽനിന്നുള്ള യുവതാരം ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും പ്രസാദ് വ്യക്തമാക്കി. ടിവി ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് നാട്ടിലേക്ക് മടക്കി അയയ്ക്കപ്പെട്ട ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവർക്കു പകരം ടീമിലേക്കു വിളി ലഭിച്ച താരമാണ് ഗിൽ.

‘ഓപ്പണിങ്ങിലും മധ്യനിരയിലും കളിക്കാൻ പ്രാപ്തിയുള്ള താരമാണ് ഗിൽ. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ശിഖർ ധവാനും രോഹിത് ശർമയ്ക്കും ഒപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് ഒരു കരുതൽ എന്ന നിലയിലാണ് ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയത്. അദ്ദേഹം ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്നൊന്നും ഞാൻ ഉറപ്പു നൽകുന്നില്ല. എങ്കിലും ന്യൂസീലൻഡ് എയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറെന്ന നിലയിൽ അസാധ്യ പ്രകടനമായിരുന്നു ഗില്ലിന്റേത്’ – പ്രസാദ് പറഞ്ഞു.

‘ശുഭ്മാൻ ഗിൽ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് തയാറാണോ എന്ന കാര്യത്തിൽ ഇന്ത്യ എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ഇന്ത്യ എ ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെയെല്ലാം സീനിയർ ടീമിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പ്രാപ്തരാക്കിയതെന്നത് ശ്രദ്ധേയമാണ്. ഹനുമ വിഹാരി, മായങ്ക് അഗർവാൾ എന്നിവരെ നോക്കൂ. ഏതു സ്ഥാനത്തു കളിക്കാൻ അയച്ചാലും യാതൊരു ഭയവുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത’ – പ്രസാദ് ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA