sections
MORE

കേരളം 171നു പുറത്ത്, ഗുജറാത്തിന് 195 റൺസ് വിജയലക്ഷ്യം; ചരിത്രമെഴുതുമോ കേരളം?

kerala-vs-gujarat-ranji
SHARE

കൃഷ്ണഗിരി (വയനാട്) ∙ കയ്യാലപ്പുറത്തെ തേങ്ങ പോലെയായിരിക്കുകയാണു കൃഷ്ണഗിരിയിലെ കളി. 2 ദിവസമായി കുറെ ഏറും ചവിട്ടുമേറ്റ് കിടക്കുന്നതിന്റെ ക്ഷീണത്തിൽ പിച്ച് സ്വഭാവം മാറ്റിയാൽ കളി ഗുജറാത്ത് കൈയിലെടുക്കും. മൂന്നാം ദിനവും പിച്ചിന്റെ പേസിനോടു തന്നെയാണെങ്കിൽ കേരള ബോളർമാർ കൃഷ്ണഗിരിയിൽ ചരിത്രം കുറിക്കും.

ജയിക്കാൻ ഗുജറാത്തിന് ഇനി അടിച്ചെടുക്കേണ്ടത് 195 റൺസ്. തുടക്കത്തിൽ പേസ് ബോളർമാർക്ക് അനുകൂലമായിരുന്ന പിച്ച് പതിയെ സ്പിന്നർമാർക്കും ബാറ്റിങ്ങിനും അനുകൂലമാവുകയാണ്. ആദ്യദിനം വിക്കറ്റൊന്നുമെടുക്കാൻ കഴിയാതിരുന്ന സ്പിന്നർമാർ ഇന്നലെ 4 വിക്കറ്റെടുത്തു. കേരളം– ഗുജറാത്ത് രഞ്ജി ക്വാർട്ടർ ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. 

∙ പേസ് ത്രയം 

4 വിക്കറ്റ് നഷ്ടത്തിൽ 97 റൺസുമായി രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ഡ്രിങ്ക്സ് ബ്രേക്കിനു മുൻപു തന്നെ 7 വിക്കറ്റിനു 107 റൺസ് എന്ന നിലയിലാക്കി കേരള ബോളിങ് നിര കരുത്ത് തെളിയിച്ചു. പുലർമഞ്ഞിൽ ഈർപ്പം നിറഞ്ഞ വിക്കറ്റിന്റെ ആനുകൂല്യം പേസർമാർ മുതലാക്കിയപ്പോൾ ഗുജറാത്തുകാരുടെ ആദ്യ ഇന്നിങ്സ് 51 ഓവറിൽ 162 റൺസിൽ അവസാനിച്ചു. സന്ദീപ് വാരിയർ (4), ബേസിൽ തമ്പി (3), എം.ഡി. നിധീഷ് (3) ബോളിങ് ത്രയത്തിന്റെ പ്രകടനം കേരളത്തിന് ആദ്യ ഇന്നിങ്സിൽ കേരളത്തിനു നൽകിയത് 23 റൺസിന്റെ ലീഡ്. 

∙ തകർന്നടിഞ്ഞ് 

രണ്ടാമിന്നിങ്സിനിറങ്ങിയ കേരളത്തെ ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ഞെട്ടിച്ചു. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ (0), പി. രാഹുൽ (10) എന്നിവർ 12 റൺസിനിടെ ഗാലറിയിലേക്കു തിരിച്ചെത്തി. ഉച്ചഭക്ഷണത്തിനു മുൻപേ വിനൂപ് മനോഹരൻ (16), സച്ചിൻ ബേബി (24), വിഷ്ണു വിനോദ് (9) എന്നിവരും പുറത്തായി.

വൺ ഡൗണായി ഇറങ്ങിയ സിജോമോൻ ജോസഫ് (56) അർധസെഞ്ച്വറിയുമായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും 51– ാം ഓവറിൽ റൂഷ് കലേറിയയുടെ പന്തിൽ ബോൾഡായി. കേരളനിരയിൽ ജലജ് സക്സേന (44 നോട്ടൗട്ട്) മാത്രമാണു പിന്നീട് പിടിച്ചുനിന്നത്. പരുക്കേറ്റിട്ടും കളിക്കാനിറങ്ങിയ സഞ്ജു സാംസൺ ഉൾപ്പെടെ അവസാനമിറങ്ങിയ 4 പേർ റൺസൊന്നുമെടുക്കാതെ ഔട്ടായി. കേരളം രണ്ടാമിന്നിങ്സിൽ 171ന് പുറത്ത്. ഗുജറാത്തിനായി കലേറിയ, അക്സർ പട്ടേൽ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. 

∙ ഒറ്റക്കയ്യിൽ ബാറ്റ് 

കേരളം 9–163 എന്ന നിലയിലായെങ്കിലും ജലജ് സക്സേന ഒരറ്റത്ത് ചെറുത്തുനിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒടിഞ്ഞ കൈയിൽ പ്ലാസ്റ്ററിട്ട് പത്താമനായി സഞ്ജു സാംസന്റെ വരവ്. ഇടത്തേകൈ കൊണ്ട് ബാറ്റുവീശി 9 പന്തുകൾ നേരിട്ട സഞ്ജുവിനെ അക്സർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി. 

ആദ്യ സെഷൻ നിർണായകം 

∙ പി.ബാലചന്ദ്രൻ (മുൻ കേരള രഞ്ജി ട്രോഫി താരം, പരിശീലകൻ)

ആദ്യ ദിവസങ്ങളിലെ കളിനോക്കുമ്പോൾ കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ച് മീഡിയം പേസേഴ്സിനെ തുണയ്ക്കുന്നതാണ്. ഇന്ന് രാവിലെ ആദ്യ സെഷനായിരിക്കും നിർണായകം. മഞ്ഞു വീഴുന്ന കാലാവസ്ഥയിൽ വെയിൽ കനക്കും വരെ പേസർമാർക്ക് കൂടുതൽ അനുകൂലമാകും കാര്യങ്ങൾ. 

∙ കെ.എൻ.അനന്തപത്മനാഭൻ (മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ,  അംപയർ)

പേസർമാർ വീണ്ടും നമ്മുടെ രക്ഷകരാവും എന്നു തന്നെയാണ് ഉറച്ച വിശ്വാസം. ആദ്യ ദിവസങ്ങളിൽ കൃഷ്ണഗിരിയിലെ പിച്ചിൽ ബാറ്റിങ് ബുദ്ധിമുട്ട് തന്നെയായിരുന്നു. അങ്ങനെയൊരു പിച്ചിൽ 194 റൺസ് പ്രതിരോധിക്കാൻ പോന്ന സ്കോറാണ്. പക്ഷേ അതിന് അവരുടെ ഒരു ബാറ്റ്സ്മാൻമാരും നിലയുറപ്പിക്കാൻ അനുവദിക്കരുത്. 

∙ ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ താരം, പരിശീലകൻ)

ഇനിയെല്ലാം ബോളർമാരുടെ കൈകളിലാണ്. പ്രത്യേകിച്ചും നമ്മുടെ മൂന്നു പേസർമാർ. അവർ ഫോമിലാണെന്നതാണു വലിയ പ്രതീക്ഷ. ഇന്ന് രാവിലത്തെ സെഷൻ പരമാവധി പ്രയോജനപ്പെടുത്തണം. ആക്രമണകരമായി തന്നെ ബോൾ ചെയ്യണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA