sections
MORE

ചോദ്യമുയർത്തി കേദാറും ചാഹലും, ഉത്തരവുമായി ധോണി; ചരിത്രം, ഈ കുതിപ്പ്!

dhoni-zampa
SHARE

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ ഉജ്വല വിജയത്തോടെ ടീം ഇന്ത്യ ചരിത്രമെഴുതിയിരിക്കുന്നു. ഓസീസ് മണ്ണിൽ ഇന്ത്യ ഏകദിന പരമ്പര നേടുന്നത് ചരിത്രത്തിലാദ്യം. വലിയ സ്കോറുകൾ പതിവായി മാറിയ ഏകദിന ക്രിക്കറ്റിൽ, അത്ര പതിവല്ലാത്തൊരു ‘ലോ സ്കോറിങ് ത്രില്ലറി’ലാണ് ആതിഥേയരെ വീഴ്ത്തി ഇന്ത്യൻ കുതിപ്പ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 48.4 ഓവറിൽ 230 റൺസിന് പുറത്തായപ്പോൾ, നാലു പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ചരിത്രത്തിലേക്ക് വഴിവെട്ടിയത് ഏഴു വിക്കറ്റ് വിജയത്തോടെ. ഇന്ത്യയ്ക്കായി ബോളിങ്ങിൽ യുസ്‌വേന്ദ്ര ചാഹലും (10 ഓവറിൽ 42 റൺസ് വഴങ്ങി ആറു വിക്കറ്റ്), ബാറ്റിങ്ങിൽ മഹേന്ദ്രസിങ് ധോണി (114 പന്തിൽ ആറു ബൗണ്ടറികളോടെ പുറത്താകാതെ 87), കേദാർ ജാദവ് (57 പന്തിൽ ഏഴു ബൗണ്ടറികളോടെ പുറത്താകാതെ 61), വിരാട് കോഹ്‍ലി (62 പന്തിൽ മൂന്നു ബൗണ്ടറികളോടെ 46) എന്നിവർ തിളങ്ങി.

ഏഴു വിക്കറ്റെന്ന മാർജിൻ കാണിക്കുന്നതുപോലെ അത്ര അനായാസമൊന്നുമായിരുന്നില്ല ഇന്ത്യൻ വിജയം. അവസാന ഓവറുകൾ വരെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ഇന്ത്യ വിജയം തൊട്ടത്. 47 ഓവർ പൂർത്തിയാകുമ്പോൾ വിജയത്തിലേക്ക് 18 പന്തിൽ 27 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റുകൾ കയ്യിലുള്ളതിന്റെ ആത്മവിശ്വാസത്തിൽ ധോണിയും ജാദവും ചേർന്ന് വിജയം അടിച്ചെടുക്കുകയായിരുന്നു. ബാറ്റിങ് അതീവ ദുഷ്കരമായ മെൽബണിലെ പിച്ചിൽ ബൗണ്ടറികൾക്ക് ‘കിലോമീറ്ററുകൾ’ നീളമായിരുന്നു. ബാറ്റ്സ്മാൻമാർ റൺസ് കണ്ടെത്താൻ പാടുപെട്ട പിച്ചിൽ, ബൗണ്ടറികൾ വല്ലപ്പോഴും വിരുന്നെത്തുന്ന അതിഥികളായി. സിഡ്നിയിൽ ഓസ്ട്രേലിയയും ഇന്ത്യയും ചേർന്ന് 41 ബൗണ്ടറികളും 11 സിക്സും നേടിയപ്പോൾ, അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ പിറന്നത് 43 ബൗണ്ടറിയും 11 സിക്സുകളുമാണ്. മെൽബണിൽ അത് 34 ബൗണ്ടറികൾ മാത്രമായി ഒതുങ്ങി.

ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്കു മുന്നിൽ ചില ചോദ്യങ്ങൾ ഉയർത്തിയും, നേരത്തെ ഉണ്ടായിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുമാണ് പരമ്പരയ്ക്കു തിരശീല വീഴുന്നത്. പരമ്പര തുടങ്ങും മുൻപ് ടീമിനു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായിരുന്ന മഹേന്ദ്രസിങ് ധോണി, ‘ഫുൾ മാർക്ക് കിട്ടിയ ഉത്തര’മായി മാറിയതാണ് പരമ്പരയിലെ പ്രധാന വിശേഷം. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന കേദാർ ജാദവും യുസ്‌വേന്ദ്ര ചാഹലും മൂന്നാം ഏകദിനത്തിൽ തകർത്തുവാരിയതോടെ, ടീം സിലക്ഷനുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും ടീമിനു മുന്നിൽ ഉയരുന്നു.

∙ ചരിത്രമെഴുതി പരമ്പര വിജയം

മെൽബണിലെ വിജയത്തോടെ ഏകദിന പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. സിഡ്നിയിൽ നടന്ന ആദ്യ മൽസരം തോറ്റ ഇന്ത്യ, അഡ്‍ലെയ്ഡിലും മെൽബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതോടെ, ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തം.

അതേസമയം, ടെസ്റ്റ് നേട്ടത്തിന് 71 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിൽ ഏകദിന നേട്ടത്തിന് ആയുസ്സ് കുറവാണ്. അൽഭുതമെന്നു തോന്നാം; വെറും മൂന്നു വർഷം മുൻപ്, 2016ൽ മാത്രമാണ് രണ്ടു ടീമുകളും തമ്മിൽ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയർ 4–1നു ജയിച്ചു. അതിനു മുൻപും ശേഷവും കളിച്ചതെല്ലാം മറ്റൊരു ടീം കൂടി ഉൾപ്പെട്ട ടൂർണമെന്റുകളായിരുന്നു. ഇന്ത്യ ജയിച്ച 1985 ലോക ചാംപ്യൻഷിപ്പും 2008 സിബി സിരീസും ടൂർണമെന്റുകൾ തന്നെ.

∙ ‘കൈവിട്ട’ തുടക്കം, കൈപിടിച്ചു കയറ്റം

മൂന്നാം ഏകദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയവരിൽ ഒരാൾ മഹേന്ദ്രസിങ് ധോണിയായിരുന്നു. ഈ പ്രകടനത്തിന് ധോണി തീർച്ചയായും കടപ്പെട്ടിരിക്കുന്ന ഒരാളുണ്ട്. ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ. ഇന്ത്യൻ സ്കോർ ബോർഡിൽ 59 റൺസ് മാത്രമുള്ളപ്പോൾ ധവാൻ പുറത്തായതോടെ ക്രീസിലെത്തിയ ധോണി, നേരിട്ട ആദ്യ പന്തിൽത്തന്നെ ക്യാച്ച് നൽകിയതാണ്. മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ നൽകിയ ക്യാച്ച് മാക്സ്‌വെൽ അവിശ്വസനീയമായ രീതിയിൽ വിട്ടുകളഞ്ഞു. അതിനുശേഷം പിടിച്ചുകയറിയ ധോണി ഇന്ത്യയെ വിജയതീരമണച്ചാണ് തിരികെ കയറിയത്.

ബാറ്റിങ് തീർത്തും ദുഷ്കകരമായ പിച്ചിൽ ധോണി പൊരുതിനിന്ന് നേടിയത് 114 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 87 റൺസ്. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്‍ലിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് (54) തീർത്ത് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട ധോണി, പിരിയാത്ത നാലാം വിക്കറ്റിൽ കേദാർ ജാദവിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് (121) തീർത്താണ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കു നയിച്ചത്. കളിയുടെ ഗതി ഊഹിക്കാൻ ധോണിക്കുള്ള കഴിവിനെക്കുറിച്ച് കോഹ്‍ലി പുകഴ്ത്തിയത് കഴിഞ്ഞ മൽ‌സരത്തിനു പിന്നാലെയാണ്. സമാനമായ രീതിയിൽ ആവശ്യമുള്ളപ്പോൾ വേഗം കുറച്ചും കൂട്ടേണ്ട സമയത്തു കൂട്ടിയും ധോണി നടത്തിയ പ്രകടനത്തിനു നൂറു മാർക്ക്!

∙ ധോണി ചോദ്യചിഹ്നമല്ല, ഒരു ഉത്തരമാണ്!

ഈ പരമ്പര കൊണ്ട് ഏറ്റവുമധികം കയ്യടി നേടിയ താരം ധോണിയാണെന്നു നൂറുവട്ടം. മെൽബൺ ഏകദിനത്തിലെ ഇന്നിങ്സു കൂടി ചേരുന്നതോടെ ലോകകപ്പ് ടീമിൽ ധോണിയുടെ സ്ഥാനം ഉറച്ചുകഴിഞ്ഞു. രണ്ടാം ഏകദിനത്തിലെ ഇന്നിങ്സിനു പിന്നാലെ ഇക്കാര്യം കോഹ്‍ലിതന്നെ വ്യക്തമാക്കിയതാണ്. മെൽബണിലെ അജയ്യ പ്രകടനം കൂടിയായതോടെ ധോണി വിമർശകരുടെ വായ അടഞ്ഞ മട്ടാണ്. പരമ്പരയിലെ മൂന്നു മൽസരങ്ങളിലും അർധസെഞ്ചുറി നേടിയ ധോണി, ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരവുമായി. മൂന്നു മൽസരങ്ങളിൽനിന്ന് 193 റൺസാണ് ധോണിയുടെ സമ്പാദ്യം. ഉയർന്ന സ്കോർ മെൽബണിൽ പുറത്താകാതെ നേടിയ 87 റൺസ്.

രണ്ടു ടീമിലെയും താരങ്ങളെയും പരിഗണിച്ചാൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ധോണി. ഒന്നാമത് ഓസീസ് താരം ഷോൺ മാർഷ്. മൂന്നു മൽസരങ്ങളിൽനിന്ന് സമ്പാദ്യം 224 റൺസ്. ഉയർന്ന സ്കോർ അഡ്‌ലെയ്ഡിൽ നേടിയ 131 റൺസ്. മൂന്നാമത് രോഹിത് ശർമയാണ്. 185 റൺസ്. കോഹ്‌ലി 153 റൺസുമായി നാലാമതാണ്. അതേസമയം, റൺ ശരാശരി നോക്കിയാൽ ധോണിയുടെ അടുത്തു പോലുമില്ല ആരും. രണ്ട് ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ധോണിയുടെ ശരാശരി 193.00 ആണ്. നൂറിൽ കൂടുതൽ റൺസ് സ്കോർ ചെയ്ത താരങ്ങളിൽ നൂറിനു മുകളിൽ ശരാശരിയുള്ള മറ്റൊരു താരം പീറ്റർ ഹാൻഡ്സ്കോംബു മാത്രം. ശരാശരി 103.42!

എന്തായാലും ഈ പ്രകടനത്തോടെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ധോണി തന്നെ. ഒരു മൽസരത്തിൽ പോലും കളിയിലെ കേമൻ പട്ടം നേടാതെയാണ് ധോണി പരമ്പരയുടെ താരമായതെന്നതും ശ്രദ്ധേയം.

∙ ധോണിക്കൊത്ത കൂട്ട്, കേദാർ!

രണ്ടര മാസം പിന്നിട്ട ഇടവേളയ്ക്കു ശേഷമാണ് കേദാർ ജാദവിന് ഇന്ത്യൻ ടീം ജഴ്സിയിൽ ഒരു മൽസരത്തിന് ഇറങ്ങാൻ അവസരം ലഭിച്ചത്. ആദ്യ രണ്ടു മൽസരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ജാദവിനെ, അമ്പാട്ടി റായുഡുവിന് വിശ്രമം നൽകിയാണ് ടീമിൽ ഉൾപ്പെടുത്തിയത്. എന്തായാലും കിട്ടിയ അവസരം ജാദവ് ശരിക്കു മുതലെടുത്തു. ബോളിങ്ങിൽ കാര്യമായ പ്രകടനം സാധ്യമായില്ലെങ്കിലും ബാറ്റിങ്ങിൽ ആ കേടു തീർത്തു. ധോണിക്കൊപ്പം ക്രീസിൽ നിലയുറപ്പിച്ച് ജാദവ് പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ട് താരത്തെ ടീമിലെ അവിഭാഗ്യ ഘടകമാക്കി മാറ്റുമെന്ന് ഉറപ്പ്.

57 പന്തു നീണ്ട ഇന്നിങ്സിൽ ഏഴു ബൗണ്ടറി സഹിതം 61 റൺസാണ് ജാദവ് നേടിയത്. ഇതിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച അവസാന ഓവറിലെ ബൗണ്ടറിയും ഉൾപ്പെടും. ടീമിൽനിന്നു മാറ്റനിർത്തപ്പെട്ടിട്ടും കിട്ടിയ അവസരത്തിൽ പുറത്തെടുത്ത ഈ പ്രകടനത്തിലൂെട, ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ താനും യോഗ്യനാണെന്ന് തെളിയിച്ചിരിക്കുന്നു, അദ്ദേഹം. ഏകദിനത്തിൽ ജാദവിന്റെ നാലാം അർധസെഞ്ചുറിയാണ് മെൽബണിൽ പിറന്നത്.

∙ ചഹ്, ചഹ്, ചാഹൽ...

കൈക്കുഴ സ്പിന്നർമാരിലെ രണ്ടാമനായ യുസ്‌വേന്ദ്ര ചാഹലിന്, അവസാന ഏകദിനത്തിൽ അവസരം നൽകിയത് ഒന്നാമനായ കുൽദീപ് യാദവിനെ വിശ്രമിക്കാൻ വിട്ടിട്ടാണ്. ആദ്യ രണ്ടു മൽസരങ്ങളിൽ ‘വാട്ടർ ബോയ്’ ആയി മാറ്റിനിർത്തപ്പെട്ടിട്ടും കിട്ടിയ അവസരം ജാദവിനെപ്പോലെ ചാഹലും ശരിക്കങ്ങ് വിനിയോഗിച്ചു. ഫലം, ഓസീസ് മണ്ണിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം! ഓസ്ട്രേലിയ തന്നെ ജന്മം നൽകിയ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു പോലും സാധ്യമാകാതെ പോയ നേട്ടം! 10 ഓവറിൽ 42 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുത ചാഹലാണ് ഓസീസിനെ 48.4 ഓവറിൽ 230 റൺസിൽ ഒതുക്കിയത്.

ഓസീസ് മണ്ണിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ചാഹലിന്റേത്. ഇതേ ഗ്രൗണ്ടിൽ 2004ൽ 42 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാർക്കറിന്റെ പേരിലുള്ള റെക്കോർഡിനൊപ്പമെത്തി ചാഹലും. ഓസീസ് മണ്ണിൽ ആറു ഏകദിനത്തിൽ ആറു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ സ്പിന്നറുമായി ചാഹൽ. സാക്ഷാൽ ഷെയ്ൻ വോണിനു പോലും സാധിക്കാത്ത നേട്ടം. ഏകദിനത്തിൽ ഇന്ത്യക്കാരന്റെ ആറാമത്തെ മികച്ച ബോളിങ് പ്രകടനം കൂടിയാണ് ചാഹലിന്റേത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി ചാഹൽ. ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.

∙ കൈവിട്ട്, കളിവിട്ട് ഓസീസ്!

ആദ്യ ഏകദിനത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസം കൂട്ടിനുണ്ടായിട്ടും രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങൾ കൈവിട്ട് ഫിഞ്ചും സംഘവും പരമ്പര ഇന്ത്യയ്ക്ക് അടിയറവു വച്ചിരിക്കുന്നു. കൈവിട്ട ക്യാച്ചുകളും പാഴാക്കിയ റണ്ണൗട്ട് അവസരങ്ങളുമാണ് മെൽബണിൽ ഓസീസിന്റെ സാധ്യതകൾ തല്ലിക്കെടുത്തിയത്. ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ച മഹേന്ദ്രസിങ് ധോണി നേരിട്ട ആദ്യ പന്തിൽ നൽകിയ അവസരം കൈവിട്ട മാക്സ്‌വെൽ, കൈവിട്ടു കളഞ്ഞത് വിജയം തന്നെയായിരുന്നു. ധോണിക്കൊപ്പം ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട ക്യാപ്റ്റൻ വിരാട് കോഹ്‍ലി സ്ലിപ്പിൽ നൽകിയ അവസരം ഓസ്ട്രേലിയ കൈവിടുമ്പോൾ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത് വെറും 10 റൺസ് മാത്രം.

മൽസരം ഏറ്റവും നിർണായക ഘട്ടത്തിലേക്കു കടക്കവെ ധോണി നൽകിയ മറ്റൊരു ക്യാച്ച് അവസരം ഫിഞ്ചും പാഴാക്കി. അതു പിന്നെ കരുത്തു വളരെക്കൂടിയൊരു ഷോട്ടായിരുന്നു എന്നു സമാധാനിക്കാം. ഇതേ പന്തിൽ കേദാർ ജാദവിനെ റണ്ണൗട്ടാക്കാനുള്ള അവസരവും ഓസ്ട്രേലിയ പാഴാക്കി. ജാദവ് കണ്ണുംപൂട്ടി ഉയർത്തിയടിച്ച ചില ഷോട്ടുകൾ ഓസീസ് ഫീൽഡർമാർക്കു സമീപം വീണെങ്കിലും അവർക്കതു പിടിച്ചെടുക്കാനാകാതെ പോയതും ഇന്ത്യൻ വിജയം ഉറപ്പാക്കി.

ഓസീസിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പരയുടെ കണ്ടെത്തൽ ജേ റിച്ചാർഡ്സനാണ്. കൈവിരലിലെണ്ണാവുന്ന മൽസരങ്ങളുടെ പരിചയവുമായി ഇന്ത്യയെ നേരിട്ട റിച്ചാർഡ്സനാണ് മൂന്നു മൽസരങ്ങളിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ പുറത്താക്കിയത്. മൂന്നു മൽസരങ്ങളിൽനിന്ന് ആറു വിക്കറ്റ് പിഴുത റിച്ചാർഡ്സൻ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുണ്ട്. കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നാമതെത്തിയ ഷോൺ മാർഷ്, രണ്ട് അർധസെഞ്ചുറികൾ കുറിച്ച പീറ്റർ ഹാൻഡ്സ്കോംബ് തുടങ്ങിയവരും ശ്രദ്ധ നേടിയർ തന്നെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA