sections
MORE

റെക്കോർഡ് റൺചേസിലൂടെ രഞ്ജി ട്രോഫി സെമിയിൽ; സബാഷ്, സൗരാഷ്ട്ര!

SAURASHTRA-RANJI-TEAM
SHARE

 ലക്നൗ∙ ഓപ്പണർ ഹാർവിക് ദേശായിയുടെ കന്നി സെഞ്ചുറി സൗരാഷ്ട്രൻ വീര്യത്തിന്റെ തുടക്കം മാത്രമായിരുന്നു. ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിങ് പ്രകടനം തിരുത്തിയെഴുതാൻ കോപ്പു കൂട്ടി രണ്ടാം ഇന്നിങ്സിനിറങ്ങിയ സൗരാഷ്ട്രയ്ക്കു ഉത്തർപ്രദേശ് വച്ചു നീട്ടിയത് റെക്കോർഡ് വിജയലക്ഷ്യമായ 372 റൺസ്. 

എന്നാൽ ഹാർവികിന്റെ സെഞ്ചുറിക്കൊപ്പം മൂന്നു പേരുടെ അർധസെഞ്ചുറി കൂടിയായപ്പോൾ റെക്കോർഡ് റൺചേസിലേക്കു സൗരാഷ്ട്ര കൂളായി മാർച്ച് ചെയ്തു. ചേതേശ്വർ പൂജാര (67 നോട്ടൗട്ട്), സ്നെൽ പട്ടേൽ (72), ഷെൽഡൻ ജാക്സൺ (73 നോട്ടൗട്ട്) എന്നിവരുടെ റൺ സംഭാവനയും സൗരാഷ്ട്ര വിജയത്തിൽ നിർണായകമായി. 

കൂൾ സ്റ്റാർട്ട്, കൂൾ ഫിനിഷ്

ഹാർവിക് ദേശായി ഫോമിലേക്കുയർന്നതോടെ 2 വിക്കറ്റിന് 195 എന്ന നിലയിലാണ് സൗരാഷ്ട്ര നാലാം ദിവസത്തെ കളി അവസാനിപ്പിച്ചത്. അവസാന ദിവസം കമലേഷ് മക്‌വാന, ദേശായി എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും അ‍ഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാര– ജാക്സൺ സഖ്യം സൗരാഷ്ട്രയെ അനായാസം വിജയത്തിലെത്തിച്ചു. 

ഓസ്ട്രേലിയൻ പര്യടനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനം തുടർക്കഥയാക്കിയ പൂജാരയ്ക്കു മുന്നിൽ ഉത്തർപ്രദേശിന്റെ പേരുകേട്ട പേസർമാർ മുട്ടുമടക്കി. ലഞ്ചിനുശേഷം ഒരു മണിക്കൂറിനുള്ളിൽത്തന്നെ സൗരാഷ്ട്ര വിജയ റൺ നേടി.

ബോളിങ് കരുത്തിൽ വിദർഭ

5 വിക്കറ്റ് നേട്ടത്തോടെ ഇന്ത്യൻ പേസർ ഉമേഷ് യാദവ് തകർത്തു വിട്ട ഉത്തരാഖണ്ഡ് ബാറ്റിങ് ലൈനപ്പിനെ അവശേഷിച്ച 5 വിക്കറ്റുകളും കൊയ്തെടുത്ത് സ്പിന്നർ ആദിത്യ സർവാതെ തരിപ്പണമാക്കി. ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങിയ ഉത്തരാഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 159 റൺസിനു പുറത്തായതോട വിദർഭയുടെ വിജയം ഇന്നിങ്സിനും 115 റൺസിനും. സ്കോർ വിദർഭ 629; ഉത്തരാഘണ്ഡ് 355, 159. വസിം ജാഫറിന്റെ ഇരട്ട സെഞ്ചുറിയാണ് വിദർഭയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 

5 വിക്കറ്റിന് 152 റൺസ് എന്ന നിലയിൽ അവസാന ദിവസം ബാറ്റിങിനിറങ്ങിയ ഉത്തരാഖണ്ഡിനു മുന്നിലുണ്ടായിരുന്നത് സമനിലയ്ക്കായി പൊരുതുക എന്ന വഴി മാത്രമാണ്. എന്നാൽ മധ്യനിര പൊരുതാരെ കീഴടങ്ങിയതോടെ തലേ ദിവസത്തെ സ്കോറിനോട് 7 റൺസ് കൂടി ചേർക്കുന്നതിനിടെ ഉത്തരാഖണ്ഡ് ഓൾഔട്ടായി. മൽസരത്തിൽ 9 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണു മാൻ ഓഫ് ദ് മാച്ച്.

 2008–09 സീസണിൽ സർവീസസിനെതിരെ അസം നേടിയ 371 റൺസിന്റെ ഉയർന്ന റൺചേസിങ് റെക്കോർഡാണ് സൗരാഷ്ട്ര മറികടന്നത്.

രഞ്ജി സെമിഫൈനലുകൾ

കേരളം–വിദർഭ   

കേരളം: ഡേവ് വാട്മോറിന്റെ പരിശീലനത്തിൽ കേരളം ഇന്ന് ആഭ്യന്തര ക്രിക്കറ്റിലെ ശക്തികളിലൊന്ന്. സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി 2017–18ൽ രഞ്ജി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇത്തവണ സെമിഫൈനലിലുമെത്തി. 

വിദർഭ: കിഴക്കൻ മഹാരാഷ്ട്രയിലെ വിദർഭ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ട് നാഗ്പൂരാണ്.ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് 2018 ജനുവരിയിൽ  വിദർഭ രഞ്ജി ചാമ്പ്യൻമാരായി. നിലവിൽ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ് തന്നെയായിരുന്നു അന്നും ടീമിനെ ഒരുക്കിയത്. ഫെയ്സ് ഫസലാണ് ക്യാപ്റ്റൻ.

സൗരാഷ്ട്ര–കർണാടക (ജനുവരി 24 മുതൽ) 

സൗരാഷ്ട്ര : ഗുജറാത്ത്, ബറോഡ് എന്നിവയ്ക്ക് പുറമേ ഗുജറാത്ത് സംസ്ഥാനത്തെ മൂന്നാമത്തെ രഞ്ജി ടീമാണ് രാജ്കോട്ട് കേന്ദ്രീകരിച്ചുളള സൗരാഷ്ട്ര. 1950 മുതൽ രംഗത്തുളള ടീം 2012–13 , 2015–16 കാലയളവിൽ റണ്ണർ അപ്പായിരുന്നു. ജയ്ദേവ് ഉനദ്കട് നായകൻ, ശിതാൻശു കൊഡാക് പരിശീലകൻ.

കർണാടക : രഞ്ജി ചരിത്രത്തിലെ വമ്പൻ ടീമുകളിലൊന്ന്. എട്ടു തവണ രഞ്ജി ജേതാക്കളായിട്ടുണ്ട്.1973 വരെ മൈസൂർ ക്രിക്കറ്റ് ടീം എന്നാണറിയപ്പെട്ടിരുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. മനീഷ് പാണ്ഡെയുടെ നേതൃത്വത്തിലുളടീമിന്റെ പരിശീലകൻ മലയാളിയായ പി.വി ശശികാന്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA