sections
MORE

‘ഓസീസ് ടെസ്റ്റ്’ പാസായി; നാളെ മുതൽ ‘കിവീസ് ടെസ്റ്റ്’, ജയിച്ചുകയറുമോ?

williamson-kohli
SHARE

ഓസ്ട്രേലിയൻ പര്യടനത്തിലെ തിളക്കമാർന്ന പ്രകടനത്തിനുശേഷം ടീം ഇന്ത്യയുടെ കളി ഇനി ന്യൂസീലൻഡിൽ! ബൗൺസിനും, അതിനപ്പുറം റണ്ണൊഴുക്കിനും പേരുകേട്ട ന്യൂസീലൻഡിലെ കുഞ്ഞൻ ഗ്രൗണ്ടുകളിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 5 ഏകദിനങ്ങളും 3 ട്വന്റി20 മൽസരങ്ങളും. നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന കിവീസിന് മാർട്ടിൻ ഗപ്ടിൽ, റോസ് ടെയ്‌ലർ എന്നിവരുടെ ബാറ്റിങ് ഫോമും കരുത്തേകും. രോഹിത് ശർമ മുതൽ ധോണിവരെ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെയും കരുത്ത്. 

ടീം ഇന്ത്യ

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, വിജയ് ശങ്കർ, അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി. 

ടീം ന്യൂസീലൻഡ്

കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), ട്രെന്റ് ബോൾട്ട്, ഡഗ് ബ്രേസ്‌വെൽ, കോളിന്‌‍ ഡി ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, മാർട്ടിൻ ഗപ്ടിൽ, മാറ്റ് ഹെൻറി, ടോം ലാതം, കോളിൻ മൺറോ, ഹെൻറി നിക്കോൾസ്, മിച്ചെൽ സാന്ത്നെർ, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലർ. 

മൽസരവേദികൾ

∙ ഈഡൻ പാർക്ക്, ഓക്ക്‌ലൻഡ് – രണ്ടാം ട്വന്റി20(ഫെബ്രുവരി 8)

ന്യൂസീലൻഡിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 1955ൽ വിൻഡീസിനെതിരെ ന്യൂസീലൻഡ് ആദ്യ ടെസ്റ്റ് വിജയം നേടിയതും ഇവിടെവച്ച്. 1992, 2015 ലോകകപ്പുകൾക്ക് ആതിഥ്യം. പൊട്ടിപ്പൊളിഞ്ഞ ടർഫും ഏതുസമയത്തും പ്രവർത്തനരഹിതമാകാവുന്ന ഫ്ലെഡ് ലൈറ്റുകളുമാണ് സ്റ്റേഡിയത്തിലുള്ളത്. വേദിയിലെ ചെറിയ ബൗണ്ടറികൾ ബാറ്റ്സ്മാനു സഹായകം. ത്രില്ലർ മൽസരങ്ങൾക്കു പേരുകേട്ട വേദി.

∙ സെഡൻ‌ പാർക്ക്, ഹാമിൽട്ടൻ – നാലാം ഏകദിനം(ജനുവരി 31), മൂന്നാം ട്വന്റി20(ഫെബ്രുവരി 10)

പ്രകൃതിരമണീയമായ സ്റ്റേഡിയം. 1914 മുതൽ ക്രിക്കറ്റ് മൽസരങ്ങൾക്ക് വേദിയായി. 1957 മുതൽ ഫസ്റ്റ് ക്ലാസ് മൽസരങ്ങളും കളിച്ചുതുടങ്ങി. 1981ലെ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യയെ കിവീസ് ഇവിടെ കീഴടക്കിയത് 51 റൺസിന്. പച്ചപ്പുള്ള ഗ്രൗണ്ടിൽ ബാറ്റ്സ്മാൻമാർ കരുത്തുകാട്ടും. 

∙ ബേ ഓവൽ, മൗണ്ട് മോൻഗനൂയി – രണ്ട്, മൂന്ന് ഏകദിനങ്ങൾ(ജനുവരി 26, 28)

ആദ്യ ഏകദിനത്തിന് ആതിഥ്യമരുളിയത് 2014ൽ. മികച്ച ബാറ്റിങ് വിക്കറ്റ്. 2015ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ഏകദിന ലോകകപ്പിനു വേദി ഉപയോഗിക്കപ്പെട്ടിരുന്നില്ല. ഏകദിനത്തിൽ ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിൽ ഇവിടെ സെഞ്ചുറിയടിച്ചത് രണ്ടു വട്ടം. 10,000 കാണികളെ ഉൾക്കൊള്ളാനാകും. 

∙ മക്‌ലീൻ പാർക്ക്, നേപ്പിയർ – ഒന്നാം ഏകദിനം(ജനുവരി 23)

ക്രിക്കറ്റിനു പുറമേ റഗ്ബി മൽസരങ്ങൾക്കും ആതിഥ്യമരുളുന്ന വേദി. മക്‌ലീൻ പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തുള്ള ടെസ്റ്റ് വേദി. ബാറ്റ്സ്മാൻമാരെ അതിരറ്റു പിന്തുണയ്ക്കുന്ന വിക്കറ്റ്. കളിച്ച 33 ഏകദിനങ്ങളിൽ‌ 20 വട്ടവും വിജയം കിവീസിനൊപ്പം.

∙ വെസ്റ്റ്പാക് സ്റ്റേഡിയം, വെല്ലിങ്ടൻ – അഞ്ചാം ഏകദിനം(ഫെബ്രുവരി 3), ആദ്യ ട്വന്റി20 (ഫെബ്രുവരി 6)

ഓവൽ ആകൃതിയുള്ള സ്റ്റേഡിയം അറിയപ്പെടുന്നത് ‘ദ് കേക്ക് ടിൻ’ എന്ന പേരിൽ. 2011 റഗ്ബി ലോകകപ്പ്, 2015 ക്രിക്കറ്റ് ലോകകപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ചു. 37,000 കാണികളെ ഉൾക്കൊള്ളാനാകും. വേദികളിലെ മൽസരങ്ങളിൽ മഴ വില്ലനായതു പലവട്ടം. ബാറ്റിങ് വിക്കറ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA