sections
MORE

മുന്നൂറിനു മുകളിലുള്ള സ്കോർ കണ്ടു ഞെട്ടേണ്ട: കിവീസിന്റെ ‘മനസ്സിടിച്ച്’ കോഹ്‍ലി

kohli-vs-australia
SHARE

നേപ്പിയർ∙ ഓസീസ് പര്യടനം വിജയകരമായി പൂർത്തിയാക്കി ന്യൂസീലൻഡിനെ നേരിടാൻ തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഉപദേശം. എതിരാളികൾ 300നു മുകളിലുള്ള സ്കോർ േനടിയാലും അതിൽ പരിഭ്രമിക്കാനൊന്നുമില്ലെന്ന് കോഹ്‍ലി സഹതാരങ്ങളെ ഓർമിപ്പിച്ചു. ന്യൂസീലൻഡിനെതിരായ അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാകാനിരിക്കെയാണ് കോഹ്‍ലിയുടെ വാക്കുകൾ.

2014ൽ ഇന്ത്യ ന്യൂസീലൻഡിൽ പര്യടനം നടത്തിയപ്പോൾ അഞ്ചു മൽസരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പര ആതിഥേയർ 4–0നു ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മൽസരം ടൈയിൽ അവസാനിച്ചതോടെയാണ് ന്യൂസീലൻഡിന് പരമ്പര തൂത്തുവാരാനാകാതെ പോയത്. ഈ സാഹചര്യത്തിലാണ് സ്വന്തം ടീമംഗങ്ങളെ പ്രചോദിപ്പിക്കുന്ന കോഹ്‍ലിയുടെ വാക്കുകൾ.

‘ന്യൂസീലന്‍ഡിലേക്കുള്ള കഴിഞ്ഞ പര്യടനത്തിൽ സംഭവിച്ച കാര്യങ്ങൾ നാം ഓർമിക്കുന്നുണ്ട്. നമ്മളെ പുറത്താക്കാൻ ന്യൂസീലൻഡ് താരങ്ങൾ സ്വീകരിച്ചുപോന്ന തന്ത്രങ്ങളും ഓർമയിലുണ്ടാകും. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയിൽ നമുക്ക് അത്ര മൽസരപരിചയമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബാറ്റിങ്ങിന്റെ കാര്യത്തിൽ ടീം ഇന്ത്യ ഏറെ വളർന്നുകഴിഞ്ഞു. ഞങ്ങളുടെ കഴിവുകളെക്കുറിച്ച് ഇന്നു ഞങ്ങൾക്ക് കൂടുതൽ ബോധ്യമുണ്ട്’ – കോഹ്‍ലി പറഞ്ഞു.

‘വലിയ സ്കോറുകൾ പടുത്തുയർത്തുന്നതിൽ കഴിവുള്ളവരാണ് ന്യൂസീലൻഡ് താരങ്ങൾ. അതുകൊണ്ടുതന്നെ, 300നു മുകളിലുള്ള സ്കോറുകൾ കാണുമ്പോൾ പതറാതിരിക്കുക എന്നതാണ് പ്രധാനം. ആദ്യം ബാറ്റു ചെയ്യുമ്പോൾ പരമാവധി റൺസ് അടിച്ചുകൂട്ടി വലിയ സ്കോറിലേക്കെത്താനാണ് ശ്രമിക്കേണ്ടത്. ഇതിനു മുൻപ് നമ്മൾ ഇവിടെ കളിക്കാൻ എത്തുമ്പോൾ അത്തരമൊരു പ്ലാനും നമുക്കുണ്ടായിരുന്നില്ല’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

ന്യൂസീലൻഡിലെ ഗ്രൗണ്ടുകൾ താരതമ്യേന ചെറിയ ഗ്രൗണ്ടുകളാണെന്നും അതിനനുസരിച്ചുള്ള പദ്ധതികളാണ് വേണ്ടതെന്നും കോഹ്‍ലി പറഞ്ഞു. ‘ന്യൂസീലൻഡിൽ സൈഡ് ബൗണ്ടറികൾ എപ്പോഴും ചെറുതായിരിക്കും. അതുകൊണ്ടുതന്നെ പന്തടിച്ചകറ്റേണ്ട മേഖലകളെപ്പറ്റി നമുക്ക് വ്യക്തമായ ഗ്രാഹ്യം വേണം. ഇവിടെ ബോളർമാരുടെ റോളും പ്രധാനപ്പെട്ടതാണ്. സാധാരണ പച്ചപ്പുള്ള പ്രതലങ്ങളല്ലെങ്കിൽ എവിടെ എറിഞ്ഞാലാണ് ബാറ്റ്സ്മാൻ പന്ത് അടിക്കുകയെന്നും ഫീൽഡർമാർക്കു ക്യാച്ച് സമ്മാനിക്കുകയെന്നും അറിയാനാകണം. ഇങ്ങനെ ചെയ്താൽ ന്യൂസീലൻഡിൽ വിജയം നേടാവുന്നതേയുള്ളൂ’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA