sections
MORE

ധോണി പറഞ്ഞു, കുൽദീപ് കേട്ടു; ബൗൾട്ട് ഔട്ട്, ന്യൂസീലൻഡ് ഓൾഔട്ട്! – വിഡിയോ

dhoni-kuldeep
SHARE

നേപ്പിയർ∙ ന്യൂസീലൻഡിനെതിരെ നേപ്പിയറിൽ ഇന്ത്യ നേടിയ ഉജ്വല വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ വിഡിയോ. ന്യൂസീലൻഡ് ബാറ്റു ചെയ്യുമ്പോൾ ട്രെന്റ് ബൗൾട്ടിനെ പുറത്താക്കാൻ കുൽദീപ് യാദവിന് ധോണി തന്ത്രം പറഞ്ഞുകൊടുക്കുന്ന വിഡിയോയാണ് മൽസരത്തിനു പിന്നാലെ ട്വിറ്ററിൽ ഹിറ്റായത്. ധോണിയുടെ ഉപദേശം ശിരസ്സാവഹിച്ച് ബോൾ ചെയ്ത കുൽദീപ്, ബൗൾട്ടിനെ പുറത്താക്കുകയും ചെയ്തു!

ന്യൂസീലൻഡ് ഇന്നിങ്സിന്റെ 38–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ രണ്ടാം പന്തിൽ ടീം സൗത്തി കുൽദീപിനെതിരെ സിക്സ് നേടിയിരുന്നു. അഞ്ചാം പന്തിൽ സിംഗിൾ നേടിയതോടെ സ്ട്രൈക്ക് ട്രെന്റ് ബൗൾട്ടിന്. ബോൾ ചെയ്യുന്നതിനു തൊട്ടുമുൻപ് കുൽദീപിനു മുന്നിൽ ധോണി ഒരു നിർദ്ദേശം വച്ചു. ന്യൂസീലൻഡ് താരങ്ങൾക്കു മനസ്സിലാകാതിരിക്കാൻ ഹിന്ദിയിലായിരുന്നു ഇത്.

‘ബൗൾട്ട് പന്ത് കണ്ണുംപൂട്ടി പ്രതിരോധിക്കുകയേയുള്ളൂ. അതുകൊണ്ട് സ്റ്റംപിനോടു ചേർത്ത് റൗണ്ട് ദ വിക്കറ്റ് ആയി ബോൾ ചെയ്യൂ’ എന്നായിരുന്നു ധോണിയുടെ നിർദ്ദേശം. ഒട്ടേറെ മൽസരങ്ങളുടെ അനുഭവസമ്പത്തുള്ള ധോണി പറഞ്ഞത് കുൽദീപ് അക്ഷരംപ്രതി കേട്ടു.

ബൗൾട്ടിനെ ലക്ഷ്യമിട്ട് എറൗണ്ട് ദ് വിക്കറ്റായി കുൽദീപിന്റെ ഗൂഗ്ലി. ധോണി മുൻകൂട്ടി കണ്ടതുപോലെ കണ്ണുംപൂട്ടി പന്തു പ്രതിരോധിക്കാൻ ബൗൾട്ടിന്റെ ശ്രമം. ബാറ്റിന്റെ അരികിൽ തട്ടി ഉയർന്ന പന്ത് നേരെ സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലേക്ക്. ഇതോടെ, 72 പന്തുകൾ‌ ബാക്കിനിൽക്കെ ന്യൂസീലൻഡ് 157 റൺസിന് എല്ലാവരും പുറത്ത്! 85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA