sections
MORE

റിപ്പബ്ലിക്ക് ദിനത്തിലെ ആദ്യ ജയം, ന്യൂസീലൻഡിലെ വലിയ ജയം; പ്രതീക്ഷ വളരുന്നു!

indian-team-celebration-1
SHARE

മൗണ്ട് മോൻഗനൂയി∙ ഈ ലോകകപ്പ് വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് കോഹ്‍ലിപ്പട സമ്മാനിച്ചുകൊണ്ടിരിക്കുന്ന ശുഭവാർത്തകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. ഈ വർഷം കളിച്ച അഞ്ചാം ഏകദിനത്തിൽ തുടർച്ചയായ നാലാം വിജയം. ന്യൂസീലൻഡ് പരമ്പരയിലെ രണ്ടാം മൽസരത്തിൽ നേടിയ വിജയം 90 റൺസിന്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ, ന്യൂസീലൻഡിന്റെ പോരാട്ടം  40.2 ഓവറിൽ 234 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരം തോറ്റ് ലോകകപ്പ് വർഷത്തിനു തുടക്കമിട്ട ഇന്ത്യ, പിന്നീടു നേടിയതെല്ലാം അഭിമാനിക്കാനേറെയുള്ള വിജയങ്ങളാണ്. മൗണ്ട് മോൻഗനൂയിയിലെ ബേ ഓവലിൽ റിപ്പബ്ലിക് ദിനത്തിൽ നേടിയ വിജയത്തിന് ഇരട്ടി മധുരമാണ്. കാരണങ്ങൾ പലത്.

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ഏകദിന മൽസരം ജയിക്കുന്നത് ഇതാദ്യമായാണ്! ഇതിനു മുൻപ് മൂന്നു തവണ റിപ്പബ്ലിക് ദിനത്തിൽ കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും രണ്ടു തവണയും തോൽവിയായിരുന്നു ഫലം. ഒരു തവണ മൽസരം പൂർത്തിയാക്കാനുമായില്ല. 1986ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യ ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ ഏകദിന മൽസരം കളിക്കാനിറങ്ങിയത്. അന്ന് 37 റൺസിനു തോറ്റു. പിന്നീട് 2000ൽ ഇതേ വേദിയിൽ ഇതേ എതിരാളികളെ ഇതേ ദിനത്തിൽ നേരിട്ടപ്പോഴും ഫലം തോൽവി തന്നെ. ആഘാതം കുറച്ചുകൂടി വലുതായിരുന്നുവെന്നു മാത്രം. 152 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കടപുഴക്കിയത്. 2015ൽ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ കളിച്ചെങ്കിലും മൽസരം പൂർത്തിയാക്കനായിരുന്നില്ല. 

ഫലത്തിൽ, ഇക്കുറി ന്യൂസീലൻഡിനെതിരെ റിപ്പബ്ലിക് ദിനത്തിൽ നേടിയ വിജയം രാജ്യത്തിനുള്ള സമർപ്പണം കൂടിയാകുന്നു. പ്രത്യേകതകൾ വേറെയുമുണ്ട് ഈ വിജയത്തിന്. റൺ അടിസ്ഥാനത്തിൽ ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്!

∙ ബാറ്റിങ്ങിലെ ‘ഐകമത്യം മഹാബലം’

നേപ്പിയറിൽ നടന്ന ഒന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബോളിങ്ങിനാണ് നിയോഗിക്കപ്പെട്ടതെങ്കിൽ, ഇക്കുറി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയെന്നതായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ വിശേഷം. ഇന്ത്യൻ ഇന്നിങ്സിൽ ടോപ് ഫൈവിലെ എല്ലാവരും 40 റൺസിനു മുകളിൽ സ്കോർ ചെയ്തപ്പോൾ അതു ചരിത്രവുമായി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ ആദ്യമായാണ് ടോപ് ഫൈവിലെ എല്ലാവരും ഒരേ ഇന്നിങ്സിൽ 40 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. എല്ലാ ടീമുകളെയും പരിഗണിച്ചാൽ പത്താം തവണ മാത്രം. ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന അവസരത്തിൽ ഇതിലും വലിയ സദ്വാർത്ത എന്തുണ്ട്!

മാത്രമല്ല, ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണ് നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 324 റൺസ്. 2009ൽ ക്രൈസ്റ്റ് ചർച്ചിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 393 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. 

ഇന്ത്യൻ ഇന്നിങ്സിൽ ഓരോ താരങ്ങളുടെയും പ്രകടനം നോക്കുക: രോഹിത് ശർമ (96 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 87), ശിഖർ ധവാൻ (67 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 66), വിരാട് കോഹ്‍ലി (45 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 43), അമ്പാട്ടി റായുഡു (49 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 47), മഹേന്ദ്രസിങ് ധോണി (33 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം പുറത്താകാതെ 48), കേദാർ ജാദവ് (10 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം പുറത്താകാതെ 22).

∙ കരുത്തായി  കൂട്ടുകെട്ടുകൾ

കൂട്ടുകെട്ടുകളുടെ കാര്യത്തിലും ഇന്ത്യക്കാർ മോശമാക്കിയില്ല. ഓപ്പണിങ് വിക്കറ്റിലെ 154 റൺസ് കൂട്ടുകെട്ടിനു പുറമെ മൂന്നാം വിക്കറ്റിൽ കോഹ്‍ലി–അമ്പാട്ടി റായുഡു സഖ്യവും (64), പിരിയാത്ത അഞ്ചാം വിക്കറ്റിൽ ധോണി–കേദാർ ജാദവ് സഖ്യവും (53) ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി കരുതലോടെയായിരുന്നു രോഹിത് – ധവാൻ സഖ്യത്തിന്റെ തുടക്കം. പതിവുപോലെ സമയമെടുത്ത് നിലയുറപ്പിച്ച് പിന്നീട് കത്തിക്കയറിയ സഖ്യം ഒൻപത് ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. 18 ഓവറിൽ ഇന്ത്യ 100 കടന്നു.

ഇതിനു പിന്നാലെ 62 പന്തിൽ നിന്നായിരുന്നു രോഹിത് ശർമയുടെ 38–ാം ഏകദിന അർധസെഞ്ചുറി. ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമായിരുന്നു ഇത്. പിന്നാലെ ധവാനും അർധസെഞ്ചുറിയിലെത്തി. 53 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാന്റെ 27–ാം ഏകദിന അർധസെഞ്ചുറി. ഒടുവിൽ 25.2 ഓവറിൽ 154 റൺസ് കൂട്ടിച്ചേർത്താണ് സഖ്യം വഴിപിരിഞ്ഞത്. പിന്നീടെത്തിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെ ഇന്ത്യൻ സ്കോർ 300 കടന്നു.

∙ മധ്യ ഓവറുകളിലെ റൺ വരൾച്ച

ബാറ്റിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ വന്ന പിഴവ് എന്താണെന്നുള്ളത് മൽസരശേഷം മാധ്യമപ്രവർത്തകരെ കാണുമ്പോൾ കോഹ്‍ലി തന്നെ ഏറ്റു പറഞ്ഞു. മധ്യ ഓവറുകളിൽ റൺസ് വരുന്നില്ല! ഇന്ത്യ 25 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 150 കടന്നെങ്കിലും മധ്യ ഓവറുകളിൽ റണ്ണൊഴുക്കു കുറയുകയും അവസാന 10 ഓവറിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്ക് ഉയർത്താൻ സാധിക്കാതെ പോവുകയും ചെയ്തതോടെയാണ് സ്കോർ 324ൽ ഒതുങ്ങിയത്. അവസാന ഓവറിൽ ധോണിയും ജാദവും ചേർന്നു നേടിയ 21 റൺസ് മാറ്റിനിർത്തിയാൽ അതിനു മുൻപുള്ള ഒൻപത് ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 65 റൺസ് മാത്രമാണ്. അതിൽത്തന്നെ ഒരു ബൗണ്ടറി പോലും പിറക്കാതെ പോയ നാല് ഓവറുകളും ഉണ്ടായിരുന്നു.

ഇന്ത്യയ്ക്കു ലഭിച്ച തുടക്കം വച്ച് അനായാസം 350 കടക്കേണ്ട സ്കോറാണ് 324ൽ ഒതുങ്ങിപ്പോയത്. ഈ പിഴവ് മുതലെടുക്കാൻ ന്യൂസീലൻഡിന് സാധിക്കാതെ പോയത് ഭാഗ്യം! മൽസരശേഷം കോഹ്‍ലി തന്നെ ഇക്കാര്യ സമ്മതിച്ചു.

‘ന്യൂസീലൻഡിന്റെ ബാറ്റിങ് കരുത്ത് വച്ചു നോക്കുമ്പോൾ 324 റൺസ് പോരായിരുന്നുവെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. 34–40 ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്താൻ ഞാൻ ബോധപൂർവം ശ്രമിച്ചതാണ്. അതിനിടെയാണ് പുറത്തായത്. പിന്നീടെത്തിയ ബാറ്റ്സ്മാൻമാർക്ക് നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നു. ഇത് റണ്ണൊഴുക്കിനെ ബാധിച്ചു. ലോകകപ്പിന് തയാറെടുക്കുമ്പോൾ ഈ പിഴവ് പരിഹരിക്കാൻ ശ്രമിച്ചേ തീരൂ’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

∙ വീണ്ടും ‘കറക്കി വീഴ്ത്തി’ സ്പിന്നർമാർ

ന്യൂസീലൻഡിലെ പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാർ നടത്തുന്ന തേരോട്ടമാണ് രണ്ടാം ഏകദിനത്തെയും സുന്ദരമായ കാഴ്ചയാക്കിയത്. ബേ ഓവലിൽ ഇന്ത്യ വീഴ്ത്തിയ 10 വിക്കറ്റുകളിൽ ഏഴും സ്പിന്നർമാർ പോക്കറ്റിലാക്കി. രണ്ടു മൽസരത്തിലുമായി 14 വിക്കറ്റുകളാണ് സ്പിന്നർമാർ നേടിയത്. രണ്ടു മൽസരത്തിലും നാലു വിക്കറ്റ് പ്രകടനം കാഴ്ചവച്ച കുൽദീപ് യാദവ് പ്രത്യേകം ശ്രദ്ധ നേടി. ഇക്കുറി 45 റൺസ് വഴങ്ങിയാണ് കുൽദീപ് നാലു വിക്കറ്റ് പിഴുതതത്. തോൽവി ഉറപ്പായ ഘട്ടത്തിൽ ഡഗ് ബ്രേസ്‌വെൽ കണ്ണുംപൂട്ടി നടത്തിയ കടന്നാക്രമണം കൂടിയില്ലായിരുന്നെങ്കിൽ ഏകദിനത്തിൽ കുൽദീപിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായേനെ ഇത്.

രണ്ടു മൽസരത്തിലും യുസ്‍വേന്ദ്ര ചാഹൽ നൽകിയ പിന്തുണയും ശ്രദ്ധേയമായി. ആദ്യ മൽസരത്തിൽ 10 ഓവറിൽ 43 റൺസ് വഴങ്ങിയും രണ്ടാം മൽസരത്തിൽ 9.2 ഓവറിൽ 52 റൺസ് വഴങ്ങിയും ചാഹൽ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മൽസരത്തിൽ ഹെൻറി നിക്കോൾസിന്റെയും രണ്ടാം മൽസരത്തിൽ റോസ് ടെയ്‍‌ലറിന്റെയും വിക്കറ്റ് വീഴ്ത്തിയ കേദാർ ജാദവ് തന്റെ ‘പാർട്ട് ടൈം ജോബും’ ഭംഗിയാക്കി.

കണിശതയാർന്ന ബോളിങ്ങിലൂടെ പേസർമാർ നൽകുന്ന മികച്ച തുടക്കമാണ് പിന്നീട് സ്പിന്നർമാരുടെ തേരോട്ടത്തിനു വഴിയൊരുക്കുന്നതെന്നതും കാണാതെ പോകരുത്. ആദ്യ ഏകദിനത്തിൽ സ്പിന്നർമാർക്കു വഴിയൊരുക്കിയ പ്രകടനത്തിലൂടെ മുഹമ്മദ് ഷമി മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയപ്പോൾ, രണ്ടാം മൽസരത്തിലും മൂന്നു വിക്കറ്റ് പിഴുത് ഭുവിയും ഷമിയും ഉത്തരവാദിത്തം നിറവേറ്റി.

∙ റെക്കോർഡ് ബുക്കിൽ ‘കിൽ’ദീപ്

എന്തായാലും ഈ നാലു വിക്കറ്റ് പ്രകടനത്തോടെ ഏഷ്യയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ നാലു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ സ്പിന്നർ എന്ന അനിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പമെത്തി, കുൽദീപ്. 94 മൽസരങ്ങളിൽനിന്ന് അഞ്ചു തവണയാണ് ഏഷ്യയ്ക്ക് പുറത്ത് കുംബ്ലെ നാലു വിക്കറ്റ് നേട്ടം കൈവരിച്ചത്. കുൽദീപിന് ഇതിനു വേണ്ടിവന്നത് 18 മൽസരം മാത്രം.

37 ഏകദിന മൽസരങ്ങളിൽനിന്ന് ഇതോടെ കുൽദീപിന്റെ ആകെ വിക്കറ്റ് നേട്ടം 77 ആയി ഉയർന്നു. ഇത്രയും മൽസരങ്ങൾ പൂർത്തിയായപ്പോൾ ഇതിലും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ഒരേയൊരു താരമേ ഏകദിന ചരിത്രത്തിലുള്ളൂ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ. 86 വിക്കറ്റുകളാണ് ഈ സമയത്ത് റാഷിദ് ഖാന്റെ പേരിലുണ്ടായിരുന്നത്. സഖ്‌ലെയിൻ മുഷ്താഖ്, മിച്ചൽ സ്റ്റാർക്ക് (73), അജാന്ത മെൻഡിസ് (72), ഷെയ്ൻ ബോണ്ട്, ഹസൻ അലി (71) എന്നിവരെല്ലാം പിന്നിലായി.

∙ നിലതെറ്റി ന്യൂസീലൻഡ്

ശ്രീലങ്കയെ തൂത്തെറിഞ്ഞ പ്രകടനത്തോടെ ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കെത്തിയ ന്യൂസീലൻഡിന് ആദ്യ രണ്ടു മൽസരങ്ങളോടെ തന്നെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യ പഴയ ഇന്ത്യയല്ല! 2014ൽ ഇവിടെ പര്യടനത്തിനെത്തിയ ടീം ഇന്ത്യയെ 4–0ന് തകർത്തുവിട്ടതിന്റെ ഓർമകളൊന്നും ഇവിടെ ആതിഥേയരുടെ തുണയ്ക്കെത്തുന്നില്ല. രണ്ടു മൽസരങ്ങളിലും ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ കിവീസ് താരങ്ങളെ കടത്തിവെട്ടിയെന്ന് വ്യക്തം.

ആദ്യ മൽസരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുന്നില്ല. രണ്ടാം ഏകദിനത്തിൽ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായി രണ്ടു സിക്സും പിന്നീട് ബൗണ്ടറിയും ഡബിളും നേടി വില്യംസൻ പ്രതീക്ഷ നൽകിയ തുടക്കമിട്ടതാണ്. എന്നാൽ, തൊട്ടടുത്ത പന്തിൽ ഓഫ് സ്റ്റംപിനു വെളിയിൽപ്പോയ പന്തിനെ ബാറ്റുകൊണ്ട് വലിച്ച് സ്റ്റംപിലിട്ട് ഔട്ട്! മൗണ്ട് മോൻഗനൂയിയിൽ റോസ് ടെയ്‍ലർ മികച്ച തുടക്കമിട്ടെങ്കിലും ‘ധോണി സ്പെഷൽ’ സ്റ്റംപിങ്ങിൽ അടിപതറി.

തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ രണ്ടും കൽപ്പിച്ച് ബാറ്റുവീശി അർധസെഞ്ചുറി നേടിയ ഡഗ് ബ്രേസ്‌വെല്ലാണ് കിവീസിന്റെ ടോപ് സ്കോറർ. 46 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം ബ്രേസ്‌വെൽ 57 റൺസെടുത്തു. കോളിൻ മൺറോ (41 പന്തിൽ 31), ടോം ലാഥം (32 പന്തിൽ 34), ഹെൻറി നിക്കോൾസ് (38 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

∙ ധോണിയെക്കുറിച്ചും ഒരു വാക്ക്!

മൗണ്ട് മോൻഗനൂയി ഏകദിനം ധോണിയുടെ പ്രകടനം കൊണ്ടു കൂടിയാണ് ശ്രദ്ധേയമാകുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ബോളിനേക്കാൾ കൂടുതൽ റൺസ് നേടുന്ന ആ ധോണിയെ മൈതാനത്തു കണ്ടു. 32 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 48 റൺസെടുത്ത് പുറത്താകാതെ നിന്ന ധോണി, വമ്പനടികളുടെ കാര്യത്തിൽ തന്നെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിച്ചു. അല്ലെങ്കിലും ന്യൂസീലൻഡ് എന്നും ധോണിയുെട ഇഷ്ട കളിക്കളമാണ്. ന്യൂസീലൻഡിൽ അവസാന ഏഴ് ഇന്നിങ്സുകളിൽ ധോണിയുടെ പ്രകടനം ഇങ്ങനെ:  48*, 85*, 47, 79*, 50, 56, 40. 2019ൽ കളിച്ച നാല് ഇന്നിങ്സുകളിൽ ധോണിയുടെ ബാറ്റിങ് പ്രകടനവും നോക്കാം: 48*, 87*, 55*, 51. 

പിന്നീട് കിവീസ് ബാറ്റു ചെയ്യുമ്പോൾ റോസ് ടെയ്‌‌ലറിനെ പുറത്താക്കിയ തകർപ്പൻ സ്റ്റംപിങ്ങിലൂടെയും അദ്ദേഹം ശ്രദ്ധ നേടി. 25 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 22 റൺസുമായി ടെയ്‌ലർ നിലയുറപ്പിച്ചു വരുമ്പോഴായിരുന്നു ഇടിമിന്നൽ പോലെ ധോണിയുടെ നീക്കം സ്റ്റംപിളക്കിയത്. 18–ാം ഓവറിൽ കേദാർ ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്‌ലറിന്റെ കാൽപ്പാദം ഒരു സെക്കൻഡ് വായുവിലുയർന്നു. കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കിയശേഷം തേർഡ് അംപയറിന്റെ തീരുമാനമെത്തി; ടെയ്‌ലർ ഔട്ട്! രാജ്യാന്തര ക്രിക്കറ്റിൽ ഒരുപക്ഷേ ധോണിക്കു മാത്രം സാധ്യമാകുന്ന ഐറ്റം.

ഇനി ടെയ്‌ലർ എന്ന ‘അപകടകാരിയെക്കുറിച്ച്; ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിട്ടപ്പോൾ മൂന്നു മൽസരങ്ങളിൽ ടെയ്‌ലറിന്റെ സ്കോറുകൾ ഇങ്ങനെ: 54, 90, 137! ധോണി സ്റ്റംപു ചെയ്തു പുറത്താക്കുമ്പോൾ ടോം ലാഥത്തിനൊപ്പം കിവീസ് ഇന്നിങ്സിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ടെയ്‌ലർ. റൺസ് ചേസ് ചെയ്യുമ്പോൾ ടോം ലാഥത്തിനൊപ്പം ടെയ്‌ലർ പടുത്തുയർത്തിയിട്ടുള്ള കൂട്ടുകെട്ടുകൾ ഇങ്ങനെ: 71, 2, 30, 200, 79, 26, 178, 187.  ഈ വിക്കറ്റിന്റെ വിലയറിയാൻ ഇതിലും വലിയ കണക്കു വേണോ?

പിൻകുറിപ്പ്: ന്യൂസീലൻഡിൽ ഇന്ത്യ നേടിയ രണ്ടു വിജയങ്ങളിലും കേദാർ ജാദവെന്ന ‘കൊച്ചുതാര’ത്തിന്റെ പങ്കും കാണാതെ പോകരുത്. ലോകകപ്പിന് തയാറെടുക്കുമ്പോൾ ഇതുപോലൊരു താരം ടീമിനു മുതൽക്കൂട്ടാണെന്നു നൂറുവട്ടം. അൻപതിൽ അധികം മൽസരങ്ങൾ കളിച്ച താരങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള താരമാണ് ജാദവ് എന്ന് എത്രപേർക്കറിയാം. ഇതുവരെ ജാദവ് കളിച്ച 51 ഏകദിനങ്ങളിൽ 41ലും ഇന്ത്യ ജയിച്ചു. വിജയശതമാനം 80.39!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA