sections
MORE

കൊമ്പുകോർത്ത് മലിംഗയുടെയും പെരേരയുടെയും ഭാര്യമാർ; ശ്രീലങ്കയിൽ പ്രതിസന്ധി

malinga-perera-with-wives
SHARE

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാർ തമ്മിൽ ഉടലെടുത്ത ‘ഫെയ്സ്ബുക് സംഘർഷം’ പരിധിവിട്ടതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ പ്രതിസന്ധി. തുടർ തോൽവികളെ തുടർന്ന് കളത്തിൽ നേരിടുന്ന തിരിച്ചടികൾക്കു പുറമെയാണ് താരങ്ങളുടെ ഭാര്യമാർ തമ്മിലുള്ള പോർവിളി മൂലം കളത്തിനു പുറത്തും ടീമിന്റെ പ്രതിഛായ മോശമാകുന്നത്. സംഭവം കൈവിട്ടുതുടങ്ങിയതോടെ, പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു കത്തയച്ചു. ഈ പ്രശ്നങ്ങൾ മൂലം ‘രാജ്യത്തിനു മുന്നിൽ തങ്ങൾ വെറും പരിഹാസ പാത്രങ്ങളായി മാറി’യെന്നു ചൂണ്ടിക്കാട്ടിയാണ് തിസാര പെരേരയുടെ കത്ത്.

ശ്രീലങ്കൻ ഏകദിന ടീമിന്റെ നായകനായ ലസിത് മലിംഗയും മുൻ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളിലാണ് തുടക്കം. ഭാര്യമാർ ഇത് ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്. തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചുകയറ്റാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി മലിംഗയുടെ ഭാര്യ ടാനിയ മലിംഗ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത് ഈ മാസം ആദ്യമാണ്. ടീമിലെ സ്ഥാനം നിലനിർത്താനും ക്യാപ്റ്റൻ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കൻ ടീമിലെ ഒരു താരം ശ്രീലങ്കൻ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആക്ഷേപം.

ഫെയ്സ്ബുക് പോസ്റ്റിൽ ആരുടെയും പേര് ടാനിയ പരാമർശിച്ചിരുന്നില്ലെങ്കിലും പോസ്റ്റിനൊപ്പം ആദ്യം ഒരു പാണ്ടയുടെ ചിത്രവും ചേർത്തിരുന്നതായി ചില ലങ്കൻ വെബ്സൈറ്റുകൾ റിപ്പോർട്ടു ചെയ്തു. ‘പാവം പാണ്ട’ എന്ന വാക്കുകളോടെയായിരുന്നു ഇത്. ഓസ്ട്രേലിയയിൽ തിസാര പെരേര അറിയപ്പെടുന്നത് ‘പാണ്ട’ എന്ന പേരിലായതിനാൽ പോസ്റ്റിലെ ആക്ഷേപം അദ്ദേഹത്തെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ കണ്ടെത്തി (ഓസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിന്റെ താരമായിരുന്ന പെരേരയ്ക്ക്, മുൻ ഓസീസ് ക്യാപ്റ്റൻ ജോർജ് ബെയ്‌ലി ചാർത്തിക്കൊടുത്ത പേരാണ് പാണ്ട).

ഇതോടെ ‘ഹാലിളകിയ’ പെരേരയുടെ ഭാര്യ ഷെരാമി പെരേര മറുപടിയുമായി രംഗത്തെത്തി. ഫെയ്സ്ബുക് പോസ്റ്റിലൂടെ തന്നെയായിരുന്നു ഷെരാമിയുടെ മറുപടിയും. ടാനിയ മലിംഗയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിക്കാനും മറന്നില്ല. എന്താലായും നാണക്കേടുമൂലം സഹികെട്ടതോടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ തേടി പെരേര കത്തയച്ചിരിക്കുന്നത്.

∙ വിവാദങ്ങൾക്ക് കളത്തിൽ മറുപടി നൽകി പെരേര

2020 ട്വന്റി20 ലോകകപ്പിന് ശ്രീലങ്കയ്ക്ക് യോഗ്യത നേടിക്കൊടുക്കുക എന്ന ഭാരിച്ച ചുമതലയുമായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പെരേരയെ ലങ്കൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കിയത്. എന്നാൽ, തുടർ തോൽവികളെത്തുടർന്ന് ശ്രീലങ്ക റാങ്കിങ്ങിൽ പിന്നിലാവുകയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ന്യൂസീലൻഡ് പര്യടത്തിനു തൊട്ടുമുൻപ് ക്യാപ്റ്റൻ സ്ഥാനം മലിംഗയെ ഏൽപ്പിച്ചു.

malinga-family
ലസിത് മലിംഗ ഭാര്യ ടാനിയയ്ക്കും മക്കൾക്കുമൊപ്പം.

ന്യൂസീലൻഡിൽ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ 10 ഓവറിൽ 80 റൺസ് വഴങ്ങിയ പെരേര രണ്ടു വിക്കറ്റെടുത്തെങ്കിലും കടുത്ത വിമർശനമാണ് നേരിട്ടത്. മലിംഗയും 10 ഓവറിൽ 78 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തിരുന്നു. ബാറ്റിങ്ങിലും പെരേരയ്ക്കു തിളങ്ങാനാകാതെ പോയതോടെ മൽസരം ലങ്ക കൈവിട്ടത് 45 റൺസിന്.

ആദ്യ ഏകദിനത്തിലെ തിരിച്ചടിക്കും കളത്തിലെ വിവാദങ്ങൾക്കും രണ്ടാം ഏകദിനത്തിൽ പെരേര മറുപടി നൽകുന്നതാണ് കണ്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. 10 ഓവറിൽ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മലിംഗ മികച്ചുനിന്നപ്പോൾ, ഏഴ് ഓവറിൽ 69 റൺസ് വഴങ്ങിയ പെരേര ടീമിലെ ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായി.

thisara-perera-wife
തിസാര പെരേര ഭാര്യ ഷെരാമിക്കൊപ്പം.

മറുപടി ബാറ്റിങ്ങിൽ ലങ്ക ഏഴിന് 128 റൺസ് എന്ന നിലയിൽ തകർന്നതോടെ ക്രീസിൽ ഒരുമിച്ചത് പെരേര–മലിംഗ സഖ്യം. കളത്തിൽ അധികം സംസാരിക്കാതെ ക്രീസിൽ തുടർന്ന ഇരുവരും എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 75 റണ്‍സ്. ഇതിൽ ഏറിയ പങ്കും പെരേരയുടെ ബാറ്റിൽനിന്നായിരുന്നു. 22 പന്തിൽ 17 റൺസുമായി മലിംഗ മടങ്ങിയെങ്കിലും ഒൻ‌പതാം വിക്കറ്റിൽ ലക്ഷൻ സന്‍ഡാകനെ കൂട്ടുപിടിച്ച് 51 റൺസ് പെരേര കൂട്ടിച്ചേർത്തു. ഇതിൽ സന്‍ഡാകന്റെ സംഭാവന ആറു റൺസ് മാത്രം. സൻഡാകനും മടങ്ങിയശേഷം അവസാന വിക്കറ്റിൽ നുവാൻ പ്രദീപിനെ കൂട്ടുപിടിച്ച് പെരേര 44 റൺസ് കൂടി കൂട്ടിച്ചേർത്തു.

ടീമിനെ വിജയത്തിലെത്തിക്കാനുള്ള വെപ്രാവളത്തിനിടെ 47–ാം ഓവറിന്റെ രണ്ടാം പന്തിൽ മാറ്റ് ഹെൻറിയുെട പന്തിൽ ബൗൾട്ടിനു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ പെരേരയുടെ സ്കോർ ഇങ്ങനെ: 74 പന്തിൽ എട്ടു ബൗണ്ടറിയും 13 പടുകൂറ്റൻ സിക്സുകളും സഹിതം 140 റൺസ്! ശ്രീലങ്ക തോറ്റെങ്കിലും പെരേരയുടെ ഇന്നിങ്സ് ആരാധകരുടെ ഹൃദയം കവർന്നു. മൂന്നാം ഏകദിനവും ലങ്ക തോറ്റെങ്കിലും ടോപ് സ്കോററായത് 63 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 80 റൺസെടുത്ത പെരേര തന്നെ. പരമ്പരയിലെ ഏക ട്വന്റി20 മൽസരവും ലങ്ക തോറ്റു. ടോപ് സ്കോറർ മാറിയില്ല. 24 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 43 റൺസെടുത്താണ് പെരേര പുറത്തായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA