sections
MORE

സീസൺ കേരള നായകൻ, വി. മിഥുൻ വൈസ് ക്യാപ്റ്റൻ; സന്തോഷമാകട്ടെ ഈ ‘സീസൺ’

Santhosh-trophy
SHARE

കൊച്ചി∙ ചാംപ്യൻ പട്ടം നിലനിർത്താനിറങ്ങുന്ന കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിനെ തിരുവനന്തപുരം സ്വദേശി എസ്.സീസൺ നയിക്കും. കണ്ണൂർക്കാരൻ ഗോൾകീപ്പർ വി.മിഥുനാണ് വൈസ് ക്യാപ്റ്റൻ. 20 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

മറ്റ് ടീമംഗങ്ങൾ: ഗോൾ കീപ്പർമാർ– മുഹമ്മദ് അസ്ഹർ (മലപ്പുറം), എസ്.ഹജ്മൽ (പാലക്കാട്). ഡിഫൻഡർമാർ: വൈ.പി.മുഹമ്മദ് ഷെരീഫ് (മലപ്പുറം), അലക്സ് സജി (വയനാട്), രാഹുൽ വി. രാജ് (തൃശൂർ), എസ്.ഫ്രാൻസിസ്, എസ്.ലിജോ (തിരുവനന്തപുരം), മുഹമ്മദ് സലാ, എം.സഫ്‌വാൻ,(മലപ്പുറം). മിഡ്ഫീൽഡർമാർ: ഗിഫ്റ്റി സി. ഗ്രേഷ്യസ് (കോട്ടയം), മുഹമ്മദ് ഇനായത്ത്, ജിപ്സൺ ജസ്റ്റസ് (തിരുവനന്തപുരം), മുഹമ്മദ് പാറക്കോട്ടിൽ (പാലക്കാട്), ജി.ജിതിൻ (തൃശൂർ). സ്ട്രൈക്കർമാർ: പി.സി.അനുരാഗ്, ക്രിസ്റ്റി ഡേവിസ് (തൃശൂർ), സ്റ്റെഫിൻ ദാസ്, സജിത് പൗലോസ് (തിരുവനന്തപുരം). 

Shaji,-Season
സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ച് വി.പി.ഷാജിയും ക്യാപ്റ്റൻ എസ്. സീസണും

കോച്ച്: വി.പി.ഷാജി. അസിസ്റ്റന്റ് കോച്ച്: മിൽട്ടൺ ആന്റണി, ഗോൾ കീപ്പർ കോച്ച്: പി.സി.സുഭീഷ് കുമാർ, മാനേജർ: എസ്.ഗീവർഗീസ്, ഫിസിയോ: എം.എ.സനീഷ്. 

കഴിഞ്ഞ തവണത്തെ നിർണായക താരങ്ങളായ ലിബിൻ തോമസിനെയും ശ്രീരാജിനെയും കേരള പൊലീസ് വിട്ടുകൊടുത്തില്ല. അഖിലേന്ത്യാ പൊലീസ് മീറ്റ് നടക്കുന്നതിനാൽ ഇവരുടെ സേവനം വിട്ടു നൽകാനാവില്ലെന്ന് പൊലീസ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അന്തിമ ഇലവനിൽ ഇടംകിട്ടാത്ത എം.എസ്.ജിതിനെയും ക്ളബ് വിട്ടു കൊടുത്തിട്ടില്ല. മൂവരുടെയും സേവനം ആവശ്യപ്പെട്ടിരുന്നെന്നും കളിക്കാരുടെ കരിയർ കൂടി കണക്കിലെടുത്ത് ഒത്തുതീർപ്പുകൾക്കു വഴങ്ങുകയായിരുന്നു എന്നും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ.മേത്തറും സെക്രട്ടറി അനിൽകുമാറും. 

റാംകോ സിമന്റ്സാണ് കേരള ടീമിന്റെ സ്പോൺസർമാർ. തിരുവനന്തപുരത്തും എറണാകുളത്തുമായി നടത്തിയ പരിശീലന ക്യാംപിലാണ് കളിക്കാരെ തിരഞ്ഞെടുത്തത്. 

കേരളത്തിന്റെ മൽസരങ്ങൾ: ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലാണ് കേരളം. ഫെബ്രുവരി 4ന് തെലങ്കാനയെ നേരിടും. 6ന് പോണ്ടിച്ചേരിയും 8ന് കരുത്തരായ സർവീസസും എതിരാളികൾ. 

മൽസരവേദി: തമിഴ്നാട്ടിലെ നെയ്‌വേലി. 31ന് രാവിലെ 7.10ന് ധൻബാദ് എക്സ്പ്രസിൽ കേരള ടീം യാത്ര തിരിക്കും.

ആറു തവണ കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ചൂടിയിട്ടുണ്ട്. 1973ൽ ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ കിരീടം. റയിൽവേസിനെ 3–2നു തോൽപ്പിച്ച ഫൈനലിൽ ക്യാപ്റ്റൻ മണി ഹാട്രിക്കും നേടി. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ കരുത്തരായ ബംഗാളിനെ തോൽപ്പിച്ചാണ് ആറാം കിരീടം ചൂടിയത്. 1992,1993,2001,2004 വർഷങ്ങളിലായിരുന്നു മറ്റു കിരീടങ്ങൾ.

ടീമിൽ ഒമ്പതു പുതുമുഖങ്ങൾ: ഫ്രാൻസിസ്, സ്റ്റെഫിൻ ദാസ്, അലക്സ് സജി, മുഹമ്മദ് അസ്ഹർ, മുഹമ്മദ് സലാ, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, എം.സഫ്‌വാൻ, ഗിഫ്റ്റി സി. ഗ്രേഷ്യസ്.

∙ വി.പി. ഷാജി(കോച്ച്): യുവാക്കൾ അടങ്ങിയ ടീമിൽ ഏറെ പ്രതീക്ഷയുണ്ട്.  ലഭ്യമായതിൽ ഏറ്റവും നല്ല ടീമിനെയാണ് ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളുടെ സേവനം വിട്ടു കിട്ടാത്തതിൽ നിരാശയില്ല. ഓരോ സന്തോഷ് ട്രോഫിയും യുവ താരങ്ങൾക്ക് മികച്ച അവസരമാണ് തുറന്നിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA