sections
MORE

വാസുകിയുടെ ആ ‘വൈറൽ’ സാരിക്ക് 50 രൂപ; തിരുത്തും കയ്യടിയും

vasuki-sari-price-viral-talk
SHARE

മറ്റൊരാൾ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി, അതും റീസൈക്കിൾ ചെയ്തത്. 50 രൂപ വിലയിട്ടു വാങ്ങിയത്. ഒരു പൊതുപരിപാടിയിൽ ആ പഴയ ചുവന്ന സാരിയുടുത്തു വന്ന് കയ്യടി നേടി തിരുവനന്തപുരം കലക്ടർ ഡോ. കെ. വാസുകി. വർക്കല മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ (RRF) നിന്ന് വാങ്ങിയ സാരിയാണ് വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം നൽകുന്നതിനായി കലക്ടർ ധരിച്ചത്. ‘‘മറ്റൊരാൾ ഉപയോഗിച്ച വസ്ത്രം ഉടുക്കാൻ എനിക്കു മടിയില്ല. പഴയത് ഫാഷനബിൾ ആണ്’’. ഗ്രീൻ പ്രോട്ടൊക്കോൾ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡോ. വാസുകി സ്വയം മാതൃകയായത്.

collector-vasuki-wears-used-clothes-to-promote-reuse

ഓൾഡ് ഈസ് ഫാഷനബിൾ എന്ന്  ഡോ. കെ. വാസുകി പറഞ്ഞപ്പോൾ രണ്ടു രീതിയിലുള്ള പ്രതികരണമുണ്ടായി. കലക്ടറുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലെങ്കിലും ‘‘ബ്രഡ് ഇല്ലെങ്കിൽ അവർ കേക്ക് കഴിക്കട്ടെ ’’ എന്ന മട്ടിലായില്ലേ അതെന്നു  ചിലരെങ്കിലും ചിന്തിച്ചു. മാറിയുടുക്കാൻ പുതിയതല്ല, പഴയതു കിട്ടിയാലും ആർഭാടമാകുന്ന കയ്പുള്ള കാലമാണ് പലരും ഓർത്തെടുത്തത്. 

യൂണിഫോം അല്ലാതെ കളർ ഡ്രസ് അനുവദിക്കുന്ന ദിവസങ്ങളിൽ സ്കൂളില്‍ പോകാൻ മടിച്ചത്, ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് അമ്മ കൊണ്ടുവരുന്ന പഴയ വസ്ത്രങ്ങൾ മാത്രം മാറിമാറി ധരിച്ചത്, അതിന്റെ പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെട്ടത്, അങ്ങനെ ‘സോഷ്യൽ സ്റ്റിഗ്‌മ’യെന്ന അപമാനത്തിന്റെ തീച്ചൂളയിൽ നിൽക്കേണ്ടിവന്നവർ ഏറെയുണ്ട്. പ്രിവിലേജ് ഉള്ളവർക്കു മാത്രമാണ്, പഴയ വസ്ത്രങ്ങളിലും ഫാഷനും പുതുമയും അവകാശപ്പെടാനാകൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 

മാറിച്ചിന്തിക്കാം, സ്‌ലോ ആകാം

വസ്ത്രം അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്ന നിലയിൽ നിന്ന് സമൂഹത്തിൽ വ്യക്തിയുടെ നിലയും വിലയും നിശ്ചയിക്കുന്ന ‘സ്റ്റേറ്റ്മെന്റ്’ ആകുമ്പോൾ, ഫാഷൻ എന്നാൽ പുതിയതെന്ത് എന്നുള്ള അന്വേഷണമാകുമ്പോൾ, ട്രെൻഡുകൾ ആഴ്ച തോറും മാറുമ്പോൾ,  കാര്യങ്ങളെക്കുറിച്ച് അൽപം മാറി ചിന്തിക്കേണ്ടതും ആവശ്യമാണ്.

ട്രെൻഡ് എന്ന പേരിൽ വസ്ത്രങ്ങൾ ഉപയോഗിച്ചു തള്ളുന്നതിനെതിരെ നിലപാടെടുക്കുകയാണ് ഫാഷൻ ലോകവും. പരിസര മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ മുന്നിലാണ് ടെക്സ്റ്റൈൽ രംഗം. അതുകൊണ്ടുതന്നെ ഫാസ്റ്റ് ഫാഷനെ പിന്തള്ളി സ്‌ലോ ഫാഷൻ എന്ന ആശയത്തിനു പ്രാധാന്യം കൊടുക്കുകയാണ് രാജ്യാന്തര ഫാഷൻ രംഗം. സസ്റ്റെനബിൾ ഫാഷൻ എന്നാൽ പ്രകൃതി സൗഹൃദ തുണിത്തരം എന്നുമാത്രമല്ല,  ഒരു വസ്ത്രം കഴിയുന്നത്ര കാലം മികച്ച രീതിയിൽ ഉപയോഗിക്കുക എന്നതൂകൂടിയാണ്. അതുകൊണ്ടുതന്നെ റിവേഴ്സബിൾ പോലുള്ള ഘടകങ്ങളും  ഡിസൈനർമാർ വസ്ത്രങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. 

വസ്ത്ര പുനരുപയോഗം പ്രോത്സാഹിപ്പിക്കണം : ശ്രീജിത് ജീവൻ, ഫാഷൻ ഡിസൈനർ

sreejith-jeevan

ഒരു വസ്ത്രം നമ്മൾ ഉപേക്ഷിച്ച് പുറന്തള്ളുന്നതിനേക്കാൾ അത് വീണ്ടും ഉപയോഗിക്കുന്നതിനെ വ്യക്തിപരമായി ഇഷടപ്പെടുന്നയാളാണ് ഞാൻ. കലക്ടറെ പോലെ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളയാൾ വസ്ത്രത്തിന്റെ പുനരുപയോഗത്തെ പ്രോൽസാഹിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. വസ്ത്രങ്ങൾ ഉപയോഗിച്ച് വേഗത്തിൽ കളയാനുള്ളതാണ് എന്ന ആശയം മുന്നോട്ടുവച്ചതു തന്നെ ഫാസ്റ്റ് ഫാഷനാണ്. പക്ഷേ, അത് നമ്മുടെ പരിസ്ഥിതിക്ക് അത്യന്തം ഭീഷണിയാണ്. കുറച്ചു നാളത്തേക്കു മാത്രം ഉപയോഗിക്കാവുന്ന ഗുണമേന്മ കുറഞ്ഞ വസ്ത്രങ്ങൾ എന്ന ആശയത്തെ പ്രോൽസാഹിപ്പിക്കുന്നതും ഫാസ്റ്റ് ഫാഷനാണ്.  മികച്ച രീതിയിൽ നിർമിച്ച കൂടുതൽ കാലം നിലനിൽക്കുന്ന വസ്ത്രങ്ങൾ നമ്മൾ വാങ്ങുന്നു, കഴിയുന്നത്രയും കാലം ഉപയോഗിക്കുന്നു എന്ന തത്വത്തെയാണ് സസ്റ്റൈനബിലിറ്റി എന്ന ആശയം പിന്തുണയ്ക്കുന്നത്.  മുൻപ് ഉപയോഗിച്ച റെഡ് കാർപറ്റ് ഗൗണുകൾ റീ ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ പല സെലിബ്രിറ്റികളും വസ്ത്ര പുനരുപയോഗമെന്ന ആശയം  തന്നെയാണ് പങ്കുവയ്ക്കുന്നതും. ’’

വസ്ത്രമെന്നത് വികാരം കൂടിയാണ് : രജിഷ വിജയൻ

വസ്ത്രം എന്നത് എനിക്ക് ഇണങ്ങുന്നതും സന്തോഷം തരുന്നതുമായിരിക്കണം. വസ്ത്രങ്ങൾ വികാരം കൂടിയാണ്. എന്റെ അമ്മയുടെ പത്തും പതിനഞ്ചും വർഷം പഴക്കമുള്ള സാരി, ചിലപ്പോൾ അതിലൊരു തുള വീണിട്ടുണ്ടാകും, എങ്കിലും അതുടുത്തു കഴിയുമ്പോൾ വലിയ സന്തോഷം കിട്ടും. സ്കൂളിൽ പഠിക്കുന്നകാലത്തുണ്ടായിരുന്ന വസ്ത്രങ്ങൾ ഇപ്പോഴും ഫിറ്റ് ആണെന്നു കാണുന്നതും സന്തോഷമാണ്. അതുപോലെ ഓണക്കോടിയും വികാരമാണ്. അതുകൊണ്ട് പഴയ വസ്ത്രം പുതിയ വസ്ത്രം എന്ന വേർതിരിവില്ല. അതു ധരിക്കുമ്പോൾ, ചേരുമ്പോൾ, ഞാൻ കംഫർട്ടബ്‌ളി ബ്യൂട്ടിഫുൾ ആകുമ്പോൾ, അതാണ് എന്റെ ഫാഷൻ സ്റ്റേറ്റ്മെന്റ്. വസ്ത്രങ്ങൾ ഡൊണേറ്റ് ചെയ്യുന്നതും പഴയതു നോക്കിയല്ല, പുതിയതും  നൽകാറുണ്ട്. ഞാനൊരുപാട് ബ്രാൻഡ്ഡ് വസ്ത്രങ്ങൾ  ഉപയോഗിക്കാറില്ല. വസ്ത്രം നൽകുന്ന ഇമോഷനാണ് പ്രധാനം. 

rajisha-vijayan
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA