sections
MORE

ഇത് നോക്കിയയുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ്, അഞ്ചു മോഡലുകളും ഒന്നിനൊന്ന് മികച്ചത്

Nokia-8-Sirocco
SHARE

കഴിഞ്ഞ വര്‍ഷം ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരവു നടത്തിയ നോക്കിയ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അഞ്ചു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത് - നോക്കിയ 8 സിറോക്കൊ (Sirocco) നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018) നോക്കിയ 1 കാലത്തിനൊത്തു പരിഷ്‌കരിച്ച നോക്കിയ 8110 എന്നിവയാണ് അവ.

നോക്കിയ 8 സിറോക്കൊ

നോക്കിയ സിറോക്കോ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളിലൊന്നാണ്. ആ കാലത്തെ കുലീനത്തമുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായിരുന്നു ഈ മോഡല്‍. എന്നാല്‍ പുതിയ നോക്കിയ 8 സിറോക്കോ മോഡലില്‍ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഒന്നുമില്ല, പേരല്ലാതെ. മറിച്ച്, പുതിയ മോഡല്‍ സാംസങ് ഗ്യാലക്‌സി S7 Edgeനെയാണ് ഓര്‍മിപ്പിക്കുന്നത്. മുകളിലും താഴെയും ബെസലിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഫോണിന്റെ ഡിസൈനില്‍ പുതിയ ട്രെന്‍ഡിന്റെ പിന്നാലെ നോക്കിയ പോയിട്ടില്ലെന്നു കാണാം. സിറോക്കൊ മോഡലിന്റെ നിര്‍മാണത്തിന് സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് കറുത്ത പോളിഷ് ആണുള്ളത്. ഇത് പൊളിഞ്ഞു പോകാതെ നില്‍ക്കുമോ എന്നത് മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ പറയാനാകൂ.

5.5-ഇഞ്ച് ക്യുഎച്ച്ഡി പി–ഓലെഡ് ഡിസ്‌പ്ലെയാണ് (5.5-inch QHD P-OLED) ഫോണിനുള്ളത്. ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ ഉള്ളിലേക്കു കടന്നാല്‍ സ്‌നാപ്ഡ്രാഗണ്‍ 835ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു കാണാം. ഇത് കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രൊസസറാണ്. ഒപ്പം 6 GB LPDDR 4X റാമും 128GB സ്റ്റോറേജുമുണ്ട്.

പിന്നില്‍ 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്- ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ അടുത്തത് ടെലിയാണ്. കാള്‍ സൈസിന്റെ (Zeiss)ലെന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്‍-സൈറ്റ് (dual-sight) എന്നാണ്. ഇവയ്ക്ക് f/1.7 ഉം f/2.6 ഉം ആണ് അപേര്‍ച്ചര്‍. പക്ഷേ, ക്യാമറകള്‍ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ മോഡലായ നോക്കിയ 8ന്റെ ക്യാമറാ പ്രകടനം എതിരാളികളുടേതിനോടു കിടപിടിക്കുന്നതായിരുന്നില്ല എന്നോര്‍ക്കുക. സിറോക്കൊയുടെ സെല്‍ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്. പ്രോ മോഡില്‍ എല്ലാ ഫങ്ഷനുകളും മാന്യുവലായി ലഭ്യമാക്കിയിട്ടുണ്ടെന്നത് ചിലര്‍ക്കെങ്കിലും ഇഷ്ടമാകും.

വേണ്ട കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ഉള്ള ഈ മോഡലിന് 3,260 mAh ബാറ്ററിയാണ് ഉള്ളത്. ഒപ്പം ക്വിക് ചാര്‍ജിങും ഉണ്ട്. 50 ശതമാനം ചാര്‍ജാകാന്‍ അര മണിക്കൂര്‍ മതി. ഫോണിന് IP 67 മികവുള്ളതിനാല്‍ അല്‍പ്പം മഴ നനഞ്ഞാലും മറ്റും കുഴപ്പം വരില്ല. ആന്‍ഡ്രോയിഡ് 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 60,000 രൂപയോളമായിരിക്കും ഈ ഫോണിന്റെ വില. ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും ഭംഗിയുള്ള തങ്ങളുടെ സ്മാര്‍ട്ട്‌ഫോണാണ് ഇതെന്നാണ് നോക്കിയ പറയുന്നത്.

നോക്കിയ 7 പ്ലസ്

ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള (1080x2160 പിക്‌സല്‍സ്) ഉള്ള 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ഈ മോഡലിനുള്ളത്. എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും അഡ്രെനോ 512 ഗ്രാഫിക്‌സ് പ്രൊസസറും നിയന്ത്രിക്കുന്ന ഫോണിന് 4GB റാമുമുണ്ട്. ആന്‍ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 12MP+13MP ഇരട്ട ക്യാമറകളാണ് പിന്നില്‍. സെല്‍ഫിക്കായി 16MP ക്യാമറയും ഉണ്ട്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയത്തും പോലും സെല്‍ഫികള്‍ വളരെ നന്നായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3800mAh ബാറ്ററിയാണ് ഫോണിനുള്ളത്. ക്വിക് ചാര്‍ജിങും ഉണ്ട്.

നോക്കിയ 6 (2018)

നോക്കിയ 7നെക്കാള്‍ അല്‍പ്പം കൂടെ കുറഞ്ഞ മോഡലാണ് നോക്കിയ 6 (2018). (ഇവിടെ ഒരു കാര്യം പറയാതെ വയ്യ: ഫോണ്‍ മോഡലുകള്‍ക്ക് ഏറ്റവും മോശപ്പെട്ട രീതിയില്‍ പേരിടുന്നതിന് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അത് നോക്കിയയ്ക്കു തന്നെ കൊടുക്കണം. ഒരേ പേരുകള്‍ ബ്രാക്കറ്റില്‍ ന്യൂ എന്നോ, ഇറക്കിയ വര്‍ഷമോ ഒക്കെ എഴുതിവച്ചും കഴിഞ്ഞകാല മോഡലുകളുടെ പേരുകള്‍, പുതിയ ഫോണുകളുമായി ഒരു ബന്ധവുമില്ലെങ്കില്‍ പോലും ഉപയോഗിച്ചും ദുരൂഹതയുണ്ടാക്കുന്നു.) സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസറാണ് ഈ മോഡലിനുള്ളത്. 3GB റാമും ഉണ്ട്. 16MP പിന്‍ ക്യാമറയും 8MP മുന്‍ ക്യാമറയും ഉണ്ട്. 4K വിഡിയോ റെക്കോഡിങ് ശേഷിയുണ്ട് ഫോണിന്. അലൂമിനിയം ഉപയോഗിച്ചു നിര്‍മിച്ച ഈ മോഡലിന് നിര്‍മാണത്തികവുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

ഈ മൂന്നു മോഡലുകള്‍ക്കും ഇത്തരം ഫോണുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫങ്ഷനുകളും ഉണ്ട്. ഇവയുടെ മറ്റൊരു സവിശേഷത ഇവയില്‍ പ്യൂവര്‍ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. രണ്ടു വര്‍ഷത്തേക്കുള്ള എല്ലാ അപ്‌ഡേറ്റുകളും ലഭ്യമായിരിക്കും.

നോക്കിയ 1

വില കുറഞ്ഞ ഒരു ഹാന്‍ഡെസെറ്റ് നോക്കിയിരിക്കുന്നവര്‍ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1. നാലു കോറുള്ള മീഡിയടെക് MT6737M പ്രൊസസറാണ് ഈ ഫോണിനുള്ളത്. 1GB റാമും ഉണ്ട്. കൈയ്യില്‍ ഒതുങ്ങുന്ന, 4.5-ഇഞ്ച് വലിപ്പമാണ് വലിയ 'ഡെക്കറേഷന്‍സ്' ഒന്നുമില്ലാത്ത ഈ മോഡലിനുള്ളത്. ആന്‍ഡ്രോയിഡ് 8 (ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5MPയുള്ള പിന്‍ക്യാമറയ്ക്ക് എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. മുന്‍ക്യാമറ 2MPയാണ്. ഏകദേശം 5,500 രൂപ വില വരുന്ന ഈ ഫോണ്‍ സാധാരണ ആളുകള്‍ ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറും ഉള്‍ക്കൊള്ളുന്നതാണ്. 8GB സറ്റോറേജ് എന്നത് ചിലര്‍ക്ക് ഒരു പരിമിതിയായിരിക്കാം. 128GB വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും.

നോക്കിയ 8110 4G

ഓരോ കൊല്ലവും നോക്കിയയുടെ നല്ല കാലത്ത് വിലസി ചരമമടഞ്ഞ ഓരോ മോഡലിനെ വച്ച് പുനര്‍ജീവിപ്പിക്കുക എന്നൊരു ദൗത്യവും കമ്പനിക്കുണ്ടെന്നു തോന്നും ഓരോ വര്‍ഷത്തെയും അവരുടെ പുതിയ മോഡലുകളെ കാണുമ്പോള്‍. കഴിഞ്ഞ വര്‍ഷം 3210യാണ് പുനര്‍ജനിച്ചതെങ്കില്‍ ഈ വര്‍ഷം കുറി വീണത് നോക്കിയ 8110യ്ക്കാണ്. 4G മുതലായ കണക്ടിവിറ്റി ഓപ്ഷന്‍സ് ഉണ്ട്. ഏഴു മണക്കൂര്‍ 4G ടോക് ടൈം കിട്ടുമെന്നാണ് നോക്കിയ പറയുന്നത്. 25 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈമും കിട്ടും. 2MP പിന്‍ ക്യാമറയും എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. 1500 mAh ബാറ്ററിയാണ് ഫോണിനുള്ളത്. വില നോക്കിയ 1നെക്കാള്‍ കൂടുതലായിരിക്കും എന്നാണ് കേള്‍ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA