sections
MORE

നോക്കിയ തിരിച്ചുവരവ് വൻ വിജയം, രണ്ടാം വരവിന് നോക്കിയ 9, 41 മെഗാപിക്സലിന്റെ 3 ക്യാമറകൾ

nokia-9
SHARE

നോക്കിയ എന്ന പേര് പലരിലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കാരണം മിക്കവരുടെയും ആദ്യ ഫോണ്‍ നോക്കിയ ആയിരിക്കും. കമ്പനി ഇപ്പോള്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ലിസ്റ്റില്‍ ഇല്ലെങ്കിലും അവര്‍ ഒരു തിരിച്ചുവരവു നടത്തണം എന്നാഗ്രഹിക്കുന്നവരാണ് മിക്ക നോക്കിയ ആരാധകരും. മൈക്രോസോഫ്റ്റില്‍ നിന്ന് ബ്രാന്‍ഡ് നെയിം തിരിച്ചുവാങ്ങി, നോക്കിയ എന്ന പേരില്‍ ഇപ്പോള്‍ ഫോണ്‍ ഇറക്കുന്നത് ഫിന്‍ലന്‍ഡില്‍ നിന്നുള്ള എച്എംഡി ഗ്ലോബല്‍ കമ്പനിയാണ്.

തിരിച്ചുവരവില്‍ അവര്‍ അത്ര മോശമല്ല എന്നാണ് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് ഗവേഷണ കമ്പനി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ തിരിച്ചു വരവു നടത്തിയ കമ്പനി ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയെ കുറിച്ചുള്ള ഗവേഷണത്തില്‍ ഗൗരവത്തിലെടുക്കാവുന്ന കണക്കുകള്‍ പുറത്തു വിടുന്ന കൗണ്ടര്‍ പോയിന്റ് റീസേര്‍ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ ബ്രിട്ടണിലും ഇന്തൊനീഷ്യയിലും മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രകടനവും മോശമല്ല. മൊത്തം ഫോണ്‍ വില്‍പ്പനയിലെ അഞ്ചാം സ്ഥാനത്ത് നോക്കിയ എത്തിയിരിക്കുന്നു. എന്നാല്‍, കൂടുതലും ബെയ്‌സിക് ഫോണുകളുടെ വില്‍പ്പനയിലാണ് നോക്കിയ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കുന്നത്.

നോക്കിയ 9: 41 മെഗാപിക്സൽ, 3 ക്യാമറകൾ, അത്യുഗ്രൻ ഫീച്ചറുകള്‍

‘നാട് ഓടുമ്പോള്‍ നടുവേ ഓടണം’ ഈ പഴമൊഴി ആധുനിക യുഗത്തിലും പ്രസക്തമാണ്. സ്മാർട് ഫോൺ കമ്പനികളെല്ലാം രണ്ടും മൂന്നും ക്യാമറകളുടെ ഫോണുകളാണ് ഇറക്കുന്നത്. മൂന്നു ക്യാമറകളുമായി ഇറങ്ങിയ വാവെയ്‌യുടെ P20 പ്രോ ക്യാമറയുടെ കാര്യത്തില്‍ ഐഫോണ്‍ Xഉം പിക്‌സല്‍ 2ഉം അടക്കമുള്ള ഇപ്പോഴത്തെ സ്മാര്‍ട് ഫോണുകളെ ബഹുദൂരം പിന്തള്ളി മുന്നേറുകയാണ്. പഴയ പടക്കുതിരയായ നോക്കിയയും മൂന്നു ക്യാമറ ഫോണിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. 

നോക്കിയ 9 ഹാൻഡ്സെറ്റ് മൂന്നു ക്യാമറയുമായി എത്തുമെന്ന അഭ്യൂഹമുണ്ട്. നോക്കിയയുടെ 2018ലെ ഏറ്റവും സുപ്രധാനമായ മോഡലായിരിക്കും ഈ ഫോണ്‍. ക്യാമറയുടെ എണ്ണത്തില്‍ മാത്രമല്ല നോക്കിയ 9, വാവെയ് P20 പ്രോയോടു മൽസരിച്ചു നില്‍ക്കുക. നോക്കിയ 9 ലെ പ്രധാന ക്യാമറയുടെ റെസലൂഷൻ 41 മെഗാപികസൽ ആയിരിക്കുമെന്നാണ് പ്രവചനം‍. രണ്ടാമത്തെ ക്യാമറയ്ക്കാകട്ടെ 20 മെഗാപിക്സൽ സെന്‍സറും മൂന്നാമത്തെ ക്യാമറയ്ക്ക് 9.7 മെഗാപിക്സൽ റെസലൂഷനും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വാവെയ്‌യുടെ ടെലി ലെൻസിന്റെ ഏറ്റവും കുറഞ്ഞ റെസലൂഷന്‍ 8 മെഗാപിക്സൽ ആണ്. എന്നാൽ നോക്കിയയുടെ ടെലി ലെന്‍സിന് 20 മെഗാപിക്സൽ റെസലൂഷനുണ്ട്. 

nokia-9

വാവെയ്‌യുടെ മോണോക്രോം സെന്‍സറിന് 20 മെഗാപിക്സൽ റെസലൂഷനാണ് ഉള്ളതെങ്കില്‍ നോക്കിയയുടെ മോണോക്രോം സെന്‍സറിന് 9.7 മെഗാപിക്സൽ റെസലൂഷനാണ് നല്‍കിയിരിക്കുന്നത്. എല്ലാം ഒത്തു വരികയാണെങ്കില്‍ ടെലി ഫോട്ടോ ലെന്‍സിന്റെ കാര്യത്തിലെങ്കിലും നോക്കിയ വാവെയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാം. ക്യാമറ നിര്‍മാണത്തില്‍ വാവെയ്‍ക്ക് ലൈക്കയാണു കൂട്ടെങ്കില്‍ നോക്കിയ സൈസിനെയാണ് (ZEISS) പങ്കാളിയാക്കിയിരിക്കുന്നത്. സുപ്രാധാന ലെന്‍സ് നിര്‍മാണ കമ്പനിയായ സൈസ് ആണ് നോക്കിയുടെ ക്യാമറയ്ക്കുള്ള ലെന്‍സ് നിര്‍മിച്ചു നല്‍കുന്നത്. മുന്‍ ക്യാമറ 21 മെഗാപിക്സൽ റെസലൂഷനുള്ളതാണ്. സെനോണ്‍, എല്‍ഇഡി ഫ്‌ളാഷുകളുമുണ്ട്. ക്യാമറയുടെ സ്‌പെക്‌സില്‍ മാത്രമെയുള്ളോ മികവ് അതോ പ്രകടനവും മികച്ചതാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. 

മസില്‍ ശേഷിയിലും നോക്കയ 9 അശേഷം പിന്നിലല്ല. ക്വാല്‍കമിന്റെ ഇപ്പോഴത്തെ ഏറ്റവും ശക്തി കൂടിയ പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഫോണിന്റെ നിയന്ത്രണം. കൂട്ടിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. സ്‌ക്രീനും മികച്ചതാണ്. 6.1-ഇഞ്ച് വലിപ്പമുള്ള ക്യുഎച്ഡി അമോലെഡ് സ്‌ക്രീന്‍, പഴയ 5.5-ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിനുള്ളില്‍ ഒതുക്കിയിരിക്കുന്നു. ബെസല്‍ നേര്‍പ്പിച്ചാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്‌ക്രീന്‍ നിര്‍മാണ അനുപാതമായ 18:9 ആണ് പുതിയ ഫോണിന്. 

ആന്‍ഡ്രോയിഡ് 8.1.0 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് IP68 വാട്ടര്‍ റെസിസ്റ്റന്‍സുമുണ്ട്. 3,900 mAh ബാറ്ററിയുള്ള നോക്കിയ 9ന് ക്യുക്ക് ചാര്‍ജിങ്ങും യുഎസ്ബി-സി പോര്‍ട്ടും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട മോഡലുകളോടു പിടിച്ചു നില്‍ക്കാന്‍ വേണ്ട എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും നോക്കിയ 9 നുണ്ട്. പുതിയ മോഡലിലൂടെ ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നോക്കിയ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA