sections
MORE

ഐഫോണ്‍ X 'അന്തരിച്ചു', നഷ്ടം 3,97,480 കോടി, ആപ്പിൾ ഓഹരി തകര്‍ന്നു; വീണ്ടും സാംസങ്ങിലേക്ക്

iphone-X-face-ID-
SHARE

വിചിത്രമാണ് ഐഫോണ്‍ Xനെക്കുറിച്ചുള്ള വാര്‍ത്തകള്‍. സ്മാര്‍ട് ഫോണ്‍ ആരാധകര്‍ ഇത്രയധികം കാത്തിരുന്ന മറ്റൊരു മോഡല്‍ ഉണ്ടാവില്ല. കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഫോണ്‍ വില്‍പ്പനയിലെ 35 ശതമാനം ലാഭവും വാരി, ലോകത്തെ മറ്റു മോഡലുകളെ ബഹുദൂരം പിന്നിലാക്കിയ ഫോണ്‍. പക്ഷേ, ആപ്പിളിന് ഫോണ്‍ നിര്‍മാണത്തിന് യന്ത്രഭാഗങ്ങള്‍ എത്തിച്ചുകൊടുക്കുന്ന തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി (TSMC) അവരുടെ റിപ്പോര്‍ട്ടില്‍ സ്മാര്‍ട് ഫോണ്‍ 'ആവശ്യക്കാരുടെ കുറവുമൂലം രണ്ടാം പാദത്തിലെ വരുമാനത്തില്‍ ഇടിവുണ്ടാകും' എന്ന് എഴുതിയപ്പോള്‍ ആപ്പിളിന് വിപണിയിൽ 60 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 3,97,480 കോടി രൂപ) നഷ്ടമായത്. ഏഴു ശതമാനമാണ് കമ്പനിയുടെ ഓഹരികൾ കഴിഞ്ഞയാഴ്ച താഴ്ന്നത്. 'ഐഫോണ്‍ ഭീതി' മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

സിഎന്‍ബിസിയില്‍ വന്ന റിപ്പോര്‍ട്ടില്‍ വിശകലന വിദഗ്ധന്‍ നീല്‍ കാംബ്ലിങ് പറഞ്ഞത് ടിഎസ്എംസിയുടെ പ്രശ്‌നങ്ങള്‍ക്കു കാരണം ഐഫോണ്‍ Xനു വേണ്ടി ആപ്പിള്‍ വീണ്ടും യന്ത്രഭാഗങ്ങള്‍ വാങ്ങാത്തതാണെന്നാണ്. ഐഫോണ്‍ Xന്റെ നിലവിലുള്ള സ്‌റ്റോക്ക് വിറ്റഴിക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുക എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിനാല്‍ 'ഐഫോണ്‍ X അന്തരിച്ചു' എന്ന തീരുമാനത്തില്‍ എത്തുകയാണ് അദ്ദേഹം. 

ആപ്പിളാകട്ടെ 2018ലെ ഐഫോണിന്റെ പിന്‍ഗാമികളുടെ പണിപ്പുരയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതു കൂടാതെ ആപ്പിളിന് ഓലെഡ് ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കുന്ന എല്‍ജി ഡിസ്‌പ്ലെ കമ്പനിക്ക് സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതും ഐഫോണ്‍ Xന്റെ നിര്‍മാണത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

iPhone-X

ഈ വര്‍ഷം ഇറങ്ങുമെന്നു പറയുന്ന മൂന്ന് ഐഫോണ്‍ മോഡലുകളില്‍ രണ്ടെണ്ണമെങ്കിലും ഓലെഡ് സ്‌ക്രീന്‍ ഉള്ളവയായിരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ എല്‍ജി ഡിസ്‌പ്ലെയിലെ പ്രശ്‌നങ്ങള്‍ ഈ വര്‍ഷത്തെ ഐഫോണ്‍ നിര്‍മാണത്തിലും ബാധിക്കില്ലേ എന്നും പേടിയുണ്ട്. അങ്ങനെയാണെങ്കിൽ ആപ്പിളിന് കഴിഞ്ഞ വര്‍ഷത്തെ പോലെ അവരുടെ ഏറ്റവും അടുത്ത എതിരാളിയായ സാംസങ്ങിനെ തന്നെ ഓലെഡ് സ്‌ക്രീനുകളുടെ നിര്‍മാണത്തിനായി ആശ്രിയക്കേണ്ടി വരും. സാംസങ്ങിനു പകരംവയ്ക്കാന്‍ എല്‍ജിയ്ക്കു സാധിച്ചേക്കില്ലെന്ന ഭയം ആപ്പിളിനുണ്ട്. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 8/8 പ്ലസ് മോഡലുകളുടെ എല്‍സിഡിയും ആപ്പിള്‍ വാച്ചിന്റെ സ്‌ക്രീനും നിര്‍മിച്ചിരിക്കുന്നത് എല്‍ജിയാണ്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ആപ്പിള്‍ സ്വന്തമായി സ്‌ക്രീന്‍ നിര്‍മിക്കാനാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ ഈ വര്‍ഷം ലഭ്യമായേക്കില്ല. ഐഫോണ്‍ Xന്റെ പ്രധാന പ്രശ്‌നം വിലക്കൂടുതൽ തന്നെയാണെന്നാണ് വിലയിരുത്തല്‍. 

ശരിക്കും ഐഫോണ്‍ Xന്റെ നിര്‍മാണം നിറുത്തുന്നതില്‍ എന്താണു പ്രശ്‌നം?

ആപ്പിള്‍ തുടരുന്ന പാരമ്പര്യപ്രകാരം മുൻ വര്‍ഷത്തെ മോഡലുകള്‍, അടുത്ത വര്‍ഷം പുതിയ ഫോണുകള്‍ ഇറക്കി കഴിയുമ്പോള്‍ വിലകുറച്ചു വില്‍ക്കുക എന്നതാണ്. അത് ഐഫോണ്‍ Xന്റെ കാര്യത്തില്‍ ഉണ്ടായേക്കില്ല. ഈ വര്‍ഷം 6.5-ഇഞ്ച്, 5.8-ഇഞ്ച് എന്നീ വലുപ്പത്തിലുള്ള ഓലെഡ് സ്‌ക്രീനുള്ള രണ്ട് ഐഫോണുകളായിരിക്കും കമ്പനി അവതരിപ്പിക്കുക. ഇവയില്‍ 5.8-ഇഞ്ച് സ്‌ക്രീനുള്ള മോഡലിന് ഐഫോണ്‍ Xനേക്കാള്‍ 100 ഡോളര്‍ കുറവായിരിക്കും വിലയെന്നും ചിലര്‍ പറയുന്നു.

iphone-x

എന്നാല്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയിലുള്ള കുറവ് ആപ്പിള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല. ക്വാല്‍കം അടക്കമുള്ള ചിപ്പ് നിര്‍മാതാക്കള്‍ക്ക് നഷ്ടം നേരിട്ടിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA