sections
MORE

ഷവോമിയെ രക്ഷിച്ചത് റെഡ്മി നോട്ട് 5, വാങ്ങിയത് 50 ലക്ഷം ഇന്ത്യക്കാർ

Redmi-Note-5-Pro-black
SHARE

രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ‌ ഷവോമിയുടെ റെക്കോർഡ് മുന്നേറ്റം തുടരുകയാണ്. സാംസങ്, ആപ്പിൾ, സോണി, എൽജി തുടങ്ങി കമ്പനികളെ ബഹുദൂരം പിന്നിലാക്കിയ ഷവോമി ഇന്ത്യൻ വിപണി പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ 31 ശതമാനം വിഹിതമാണ് ഷവോമിക്ക്.

റെഡ്മി നോട്ട് 5 എന്ന ഹാൻഡ്സെറ്റാണ് ഷവോമിയുടെ ഉന്നതങ്ങളിൽ എത്തിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ ഷവോമി വിറ്റത് 50 ലക്ഷം റെഡ്മി നോട്ട് 5 ഹാൻഡ്സെറ്റുകളാണ്. റെഡ്മി നോട്ട്5, നോട്ട് 5 പ്രോ ഹാൻഡ്സെറ്റുകളെല്ലാം അതിവേഗത്തിലാണ് വിറ്റഴിഞ്ഞത്. കുറഞ്ഞ കാലത്തിനിടെ ഇന്ത്യയിൽ വിറ്റുപോയ സ്മാർട് ഫോൺ എന്ന റെക്കോർഡും റെഡ്മി നോട്ട് 5 സ്വന്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 14 നാണ് ഇന്ത്യയില്‍ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ അവതരിപ്പിച്ചത്. ആദ്യ വിൽപ്പനയിൽ തന്നെ മൂന്നു ലക്ഷം ഫോണുകൾ വിറ്റിരുന്നു. വിലക്കുറവിന്റെ ‘മാജിക്ക്’ മായി റെഡ്മി നോട്ട് 5, അതിവേഗം, കുത്തിനിറച്ച് ഫീച്ചറുകളും 

ചൈനീസ് കമ്പനിയായ ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു നോട്ട് സീരിസ്. പല കാര്യങ്ങളിലും ആപ്പിളിനെ അനുകരിക്കുന്നുവെന്ന ആരോപണമുള്ള ഷവോമി നോട്ട് സീരിസിന്റെ നാമകര്‍മ്മം സാംസങ്ങിന്റെ അതേ പേരിലുള്ള, വിശ്രുതമായ ശ്രേണിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നടത്തിയത്. എന്തായാലും സ്വന്തം പാത വെട്ടിത്തുറന്ന് ശരാശരി ഇന്ത്യന്‍ ഉപയോക്താവിന്റെ മനസറിഞ്ഞിറക്കുന്ന ഷവോമിയുടെ നോട്ട് സീരിസ് വില കൊണ്ടും ഫീച്ചറുകളുടെ ധാരാളിത്തം കൊണ്ടും വിപണി കീഴടക്കി. 

എന്തൊക്കെയാണ് റെഡ്മി നോട്ട് 5 ന്റെ പ്രധാന ഫീച്ചറുകളെന്നു നോക്കാം. ഫീച്ചറുകളേക്കാളേറെ വിലക്കുറവിലൂടെയാണ് ഷവോമി ഉപയോക്താവിനു നേരെ ലക്ഷ്യമിട്ടത്. കാഴ്ചയില്‍ രണ്ടു ഫോണുകളുടെയും (റെഡ്മി നോട്ട്5, നോട്ട് 5 പ്രോ) പ്രധാന ആകര്‍ഷണീയത അവയുടെ വിശാലമായ 5.99 ഇഞ്ച് ഡിസ്‌പ്ലെയാണ്. 18:9 അനുപാതത്തില്‍ നിര്‍മിച്ചൊരുക്കിയ സ്‌ക്രീന്‍ വളരെ ആകര്‍ഷകമാണ്. ഇരു ഫോണുകള്‍ക്കും 4000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഈ മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം റെഡ്മി നോട്ട് പ്രോയ്ക്ക് ഇരട്ട പിന്‍ ക്യാമറകള്‍ ഉണ്ടെന്നതാണ്. മുന്‍ ക്യാമറയ്ക്ക് റെസലൂഷനും കൂടുതലുണ്ട്. 

റെഡ്മി നോട്ട് 5 

ഇത് ഡിസംബറില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 5 പ്ലസ് മോഡല്‍ ഇന്ത്യക്കായി പേരുമാറ്റി ഇറക്കുന്നതാണ്. ഇരട്ട സിം ഇടാവുന്ന ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ആസ്പദമാക്കി സൃഷ്ടിച്ച ഷവോമിയുടെ സ്വന്തം MIUI 9 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ടു കോര്‍ ഉള്ള സ്‌നാപ്ഡ്രാഗണ്‍ 625 ആണ് പ്രൊസസര്‍. അഡ്രെനോ 506 ഗ്രാഫിക്‌സ് പ്രൊസസറും ഫോണിനുണ്ട്. 3ജിബി/4ജിബി റാമുള്ള രണ്ടു വേര്‍ഷനുകളും ഇറക്കുന്നുണ്ട്. സ്‌ക്രീന്‍ റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080x2160 പിക്‌സല്‍സ്). 450-നിറ്റ് ബ്രൈറ്റ്‌നെസും ഉണ്ട്. 2.5D വളവുള്ള ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 

12MP സെന്‍സറും f/2.2 അപേര്‍ച്ചറുമുള്ളതാണ് പിന്‍ ക്യാമറ. DSLRകളിലുള്ള ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് സിസ്റ്റവും ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ക്യാമറയ്ക്ക് നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. സ്‌റ്റോറേജ് ഓപ്ഷനിലും രണ്ടു വേരിയന്റുകളുണ്ട്- 32ജിബി/64ജിബി. മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വര്‍ധിപ്പിക്കുയും ചെയ്യാം. ഹൈബ്രിഡ് ഇരട്ട സിം ആണ് ഉള്ളത്. 

redmi-note-5

ഇത്തരം ഒരു ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ വയര്‍ലെസ് കണക്ടിവിറ്റി ഓപ്ഷനും റെഡ്മി നോട്ട് 5ന് ഉണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം നിര്‍മിച്ച പവര്‍ അഡാപ്റ്ററും ഫോണിനൊപ്പം നല്‍കും. ഫോണിന്റെ തുടക്ക വില 9,999 രൂപയാണ്. 3GB RAM, 32GB വേരിയന്റിനാണ് ഇത്. കൂടിയ വില 11,999 രൂപയാണ് 4GB RAM, 64GB വേരിയന്റിന് ഈ വില നല്‍കണം. വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ഈ മോഡലിന് ആരൊക്കെ വെല്ലുവിളി ഉയര്‍ത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

റെഡ്മി നോട്ട് 5 പ്രോ 

ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും കരുത്തു കൂടിയ റെഡ്മി നോട്ട് ഫോണ്‍ എന്നാണ് ഷവോമി പറയുന്നത്. സ്‌ക്രീന്‍ അടക്കമുള്ള പല കാര്യങ്ങളിലും റെഡ്മി നോട്ട് 5 ല്‍ കണ്ടതു തന്നെയാണ് ഈ മോഡലിനും. പ്രൊസസര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട സ്‌നാപ്ഡ്രാഗണ്‍ 636 ആണ്. ഈ പ്രൊസസര്‍ ഉപയോഗിച്ച് ഇറക്കുന്ന ലോകത്തെ ആദ്യ ഫോണാണ് എന്നതാണ് ഹാൻഡ്സെറ്റിനെ വേര്‍തിരിച്ചു നിറുത്തുന്ന ഒരു ഗുണം. ഗ്രാഫിക്‌സ് പ്രൊസസറിനും നേരിയ വ്യത്യാസം ഉണ്ട്. അഡ്രിനോ 509ആണ് പ്രോ മോഡലിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. റാം 4ജിബി/6ജിബി ഉള്ള രണ്ടു വേരിയന്റുകള്‍ ഇറക്കും. പ്രോയുടെ കരുത്തിനു പിന്നില്‍ ഇവയെല്ലാം ആണ്. 

ഈ മോഡലിന്റെ ഫിംഗർപ്രിന്റ് സെന്‍സര്‍ പിന്നിലാണ്. ഇരട്ട പിന്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. 12MP/f2.2 പ്രഥമ സെന്‍സറും 5MP/f2.0 സെന്‍സറുമാണ് ക്യാമറയ്ക്ക് ഉള്ളത്. എല്‍ഇഡി ഫ്‌ളാഷ് മൊഡ്യൂളും കൂട്ടിനുണ്ട്. മുന്‍ ക്യാമറയുടെ കാര്യത്തിലാണ് ഒരു വമ്പന്‍ മാറ്റമുള്ളത്. സോണിയുടെ IMX376 20MP സെന്‍സറാണ് മുന്‍ക്യാമറയ്ക്ക്. ഫെയ്‌സ് അണ്‍ലോക്കിങ് അടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായ ഈ ക്യാമറയ്ക്ക് എല്‍ഇഡി സെല്‍ഫി ലൈറ്റും ബ്യൂട്ടിഫൈ 4.0 ഫങ്ഷനുമുണ്ട്. മുന്‍ പിന്‍ ക്യാമറകള്‍ക്ക് പോര്‍ട്രെയ്റ്റ് മോഡുകളും ബോ-കെ ശേഷിയും നല്‍കിയിട്ടുണ്ട്. ഒറ്റ സംഭരണ ശേഷിയില്‍ മാത്രമാണ് ഫോണ്‍ ഇറങ്ങുന്നത്- 64ജിബി. 4ജിബി റാമുള്ള തുടക്ക മോഡലിന് 13,999 രൂപയാണു വിലയെങ്കില്‍ രണ്ടാമത്തെ 6 ജിബി റാമുള്ള ഫോണ്‍ മോഹിക്കുന്നവര്‍ 16,999 രൂപ കരുതണം. സാധാരണ ഉപയോക്താവ് ഉപയോഗിക്കാന്‍ സാധ്യതയുള്ള മിക്ക ഫീച്ചറുകളും ഇതിനുണ്ട്. 

തുടക്ക ഓഫറായി രണ്ടു മോഡലുകള്‍ക്കും കനം കുറഞ്ഞ പുറംചട്ട ഫ്രീ ആയി നല്‍കും. ഒപ്പം ജിയോയുടെ സ്‌പെഷ്യല്‍ ഓഫറും ഉണ്ട്. 2,200 രൂപ ക്യാഷ്ബാക് ജിയോ നല്‍കുന്നുണ്ട്. നൂറു ശതമാനം അധിക ഡേറ്റയും ജിയോ നല്‍കുന്നു. രണ്ടു വേരിയന്റുകള്‍ക്കും ഇത് ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA