sections
MORE

ചൈനയെ സുഖിപ്പിക്കാൻ 'വേഷംകെട്ടി‍' ആപ്പിൾ; യുവതിയുടെ അനുഭവം ഇങ്ങനെ...

iphone-crash
SHARE

ചൈന-തയ്‌വാന്‍ ശത്രുതയുടെ പശ്ചാത്തലത്തിലില്‍ കാണേണ്ട ഒരു സംഭവമാണ്. പക്ഷേ, സാക്ഷാല്‍ ആപ്പിള്‍ കമ്പനി ആവശ്യമില്ലാതെ വരുത്തിയ ഒരു പിഴവിന്റെ കഥയുമാണിത്. തയ്‌വാന്‍ അവരുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന കരുതുന്നതെന്നു മനസില്‍വച്ചു കൊണ്ട് തുടര്‍ന്നു വായിക്കുക:

സുരക്ഷാ ഗവേഷകന്‍ പാട്രിക് വോഡ്ല്‍ (Patrick Wardle) സാന്‍സ്ഫ്രാന്‍സിസ്‌കോയില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ തയ്‌വാന്‍കാരിയായ സുഹൃത്തില്‍നിന്ന് ഫോണ്‍ കോള്‍ ലഭിക്കുന്നു. താന്‍ ഗൗരവമുള്ള ഒരു പ്രശ്‌നം നേരിടുകയാണ്, ചൈന തന്റെ ഐഫോണ്‍ ഹാക്കു ചെയ്യുന്നു എന്നാണ് അവള്‍ പറഞ്ഞത്. 

വോഡ്ല്‍ നാസയുടെ ഒരു മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ ആപ്പിള്‍-കേന്ദ്രീകൃത ഹാക്കിങ്ങിനായി ഡിജിറ്റല്‍ സെക്യൂരിറ്റി (Digita Security)  എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നയാളുമാണ്. അദ്ദേഹം ഇതേ പരാതി അമേരിക്കക്കാരായ തന്റെ പല ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മുന്‍പും കേട്ടിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് അത്ര ഗൗരവം തോന്നിയിട്ടുമില്ല. അമേരിക്കക്കാര്‍ക്കും ഇന്ന് പ്രബലനായ ഒരു ശത്രുവുണ്ടെങ്കില്‍ അതു ചൈനയാണല്ലൊ. 

എന്തായാലും വോഡ്ല്‍ തന്റെ സുഹൃത്തിനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ തന്റെ ഫോണിന്റെ ഒരു വിചിത്ര പ്രവര്‍ത്തന രീതിയാണ് അവള്‍ കാണിച്ചു കൊടുത്തത്- ഏതെങ്കിലും കാര്യത്തിന് അവളുടെ ഫോണില്‍ തയ്‌വാന്റെ പതാകയുടെ ഇമോജി ഫോണില്‍ കാണേണ്ടി വന്നാല്‍, ഇമോജി പ്രത്യക്ഷപ്പെട്ട ആപ്പ് ക്ഷണം ക്രാഷ് ആകും. ഇതില്‍ നിന്ന് വോഡ്‌ലിനു മനസിലായ മറ്റൊരു കാര്യം ആരെങ്കിലും തയ്‌വാന്റെ പതാക തന്റെ സുഹൃത്തിനു മെസെജായി അയച്ചാലും അവളുടെ ഫോണ്‍ ക്രാഷ് ആക്കാം. ഇത് ഒരു ടെക്‌സ്‌റ്റ് മെസെജിനൊപ്പമോ, അല്ലെങ്കില്‍ നോട്ടിഫിക്കേഷനൊപ്പമോ ഒക്കെ തായ്‌വാന്റെ പതാക വന്നാല്‍ ഫോണ്‍ ക്രാഷ് ആകും. താനപ്പോള്‍ തയ്‌വാന്റെ പതാക ഇമോജിയുമായി മെസേജ് അയച്ചാല്‍ പോലും അവളുടെ ഫോണ്‍ ക്രാഷു ചെയ്യാമെന്ന് അദ്ദേഹത്തിനു മനസിലായി.

പിന്നീടുള്ള പല മാസങ്ങള്‍ അദ്ദേഹം ഈ 'ഇമോജി നിഗൂഢത' അനാവരണം ചെയ്യാനായി ഗവേഷണത്തിലേര്‍പ്പെട്ടു. തുടർന്നു കണ്ടെത്തലുകളള്‍ അദ്ദേഹം ആപ്പിളിനോടും പറയുകയും കമ്പനി പിന്നീട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ രസകരമാണ്: തയ്‌വാനില്‍ നിന്നുള്ള തന്റെ സുഹൃത്തിന്റെയൊ, ഈ പ്രശ്‌നം നേരിടുന്ന മറ്റാരുടെയെങ്കിലുമോ ഫോണ്‍ ഹാക്കു ചെയ്യാന്‍ ചൈന ശ്രമിച്ചിട്ടില്ല. മറിച്ച് ആപ്പിള്‍ കമ്പനി, ചൈന സർക്കാരിനെ സുഖിപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഫലമായിരിക്കാം ഈ ക്രാഷാകല്‍ എന്നാണ് അദ്ദേഹത്തിന്റ കണ്ടെത്തല്‍.

അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഇനി വളര്‍ച്ചയുണ്ടാകില്ല. പക്ഷേ, ചൈന, ഇന്ത്യ പോലെയുള്ള വിപണികളില്‍ വികസന സാധ്യത അപാരവുമാണ്. ചൈന-അമേരിക്ക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ചൈനീസ് സർക്കാർ തങ്ങളോട് 'കടക്കു പുറത്ത്' പറയാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആപ്പിള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിരിക്കാം ഇത്. ചൈനയുടെ താത്പര്യത്തിനനുസരിച്ച് 2017 മുതല്‍ ആപ്പിള്‍ പല മാറ്റങ്ങള്‍ക്കും തയാറായിരുന്നതായും കാണാം. ചൈനീസ് ഉപയോക്താക്കളുടെ ഡേറ്റ ചൈനയില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കണമെന്ന ചൈനയുടെ ശാസനയും വിപിഎന്‍ ആപ്പുകള്‍ ചൈനീസ് ആപ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്യണമെന്നതും അടക്കം പല നിബന്ധനകളും ആപ്പിള്‍ അക്ഷരംപ്രതി അനുസരിച്ചിരുന്നതായും കാണാം.

അതു പോലെ ഒരു സാധ്യതയാണ് ഐഫോണ്‍ തകര്‍ക്കുന്ന തയ്‌വാന്‍ കൊടിയുടെ കാര്യത്തിലും കാണുന്നത്. ഐഒഎസില്‍ ചൈനയിലുള്ള ഫോണുകളില്‍ തയ്‌വാന്റെ കൊടി കാണിക്കാതിരിക്കാനുള്ള എന്തൊ കോഡ് ആപ്പിള്‍ നിക്ഷേപിച്ചിരുന്നു എന്നാണ് വോഡ്‌ലിന്റെ അനുമാനം. ആ കോഡില്‍ ഒരു ബഗ് ഉണ്ടായിരുന്നു. 

ഈ പ്രശ്‌നം കാണിക്കുന്ന ഫോണുകളുടെ ലൊക്കേഷന്‍ ചൈനയായി മാറ്റിക്കഴിഞ്ഞാല്‍ ഐഫോണിന്റെ ഇമോജി ലൈബ്രറിയില്‍ നിന്ന് തയ്‌വാന്റെ ഫ്‌ളാഗ് ഇമോജി അപ്രത്യക്ഷമാകുന്നതു കാണാം. അത്തരം ഫോണുകളിലേക്കു വരുന്ന മെസേജുകളിലും ഈ ഇമോജി കാണിക്കില്ല. ഇത് ആപ്പിള്‍ ചൈനീസ് സർക്കാരിനു നല്‍കിയ ഒരു സേവനമായിരിക്കുമെന്നാണ് ഗവേഷകന്‍ കരുതുന്നത്. കഴിഞ്ഞ 70 വര്‍ഷമായി തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് തയ്‌വാന്‍ എന്നാണ് ചൈന പറയുന്നത്. തയ്‌വാനെ ഒരു പ്രത്യേക രാജ്യമായി അംഗീകരിക്കാന്‍ ചൈനയ്ക്കു സമ്മതമല്ല.

ചുരുക്കം ചില ഐഫോണുകള്‍, 'തയ്‌വാന്‍-സെന്‍സര്‍ഷിപ്പ് കോഡ്' വഴി അപ്രത്യക്ഷമാക്കിയിരിക്കുന്ന തയ്‌വാന്റെ പതാകയെ ഒരു പ്രാബല്ല്യത്തിലില്ലാത്ത ഔട്പുട്ട് ആയാണ് കാണുന്നത്. ഇതാണ് ഫോണ്‍ പൂര്‍ണ്ണമായും ക്രാഷാകാന്‍ ഇടയാക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇത് ഹാക്കര്‍മാരുടെ ഡിനയല്‍-ഓഫ്-സര്‍വീസ് ആക്രമണത്തിന് (denial-of-service attack ) തുല്യമാണ്. 

എന്നാല്‍ ഈ പ്രശനം എത്ര ഫോണുകളെ ബാധിച്ചിരുന്നു എന്നോ, ചില ഐഫോണുകളെ മാത്രം ഇത് എന്തുകൊണ്ടു ബാധിച്ചുവെന്നോ വോഡ്‌ലിനു മനസിലായില്ല. ലൊക്കേഷന്‍ ആന്‍ഡ് ലാങ്‌ഗ്വെജ് സെറ്റിങ്‌സിലെവിടെയൊ ആയിരിക്കണം ഇതിന്റ പ്രഭവകേന്ദ്രം എന്നാണ് അനുമാനിക്കുന്നത്. ഏതു ലൊക്കേഷനിലെ ഫോണ്‍ ആണിതെന്ന തീര്‍ച്ച ഇല്ലായ്മ വരുമ്പോഴാകാം ഈ പ്രശ്നം വരുന്നതെന്നാണ് അദ്ദേഹം കരുതുന്നത്. 

എന്നാല്‍ ചൈന സർക്കാരിനെ സുഖിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ ഈ പ്രശ്‌നം വരില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ പ്രശ്‌നം ഒരിക്കലും ഗുരുതരമായ തലവേദനയായി തീര്‍ന്നില്ല എന്നതു കൊണ്ട് എത്ര വ്യാപകമായിരുന്നു ഇതെന്ന് അറിയില്ല. എന്നാല്‍, വോഡ്ല്‍ പറയുന്നത് വിവിധ സര്‌ക്കാരുകളെ സുഖിപ്പിക്കാന്‍ ഇത്തരം കോഡുകള്‍ നിക്ഷേപിക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇനിയും വരാമെന്നാണ്. 

അമേരിക്കന്‍ സർക്കാർ ആവശ്യപ്പെട്ടാല്‍ ആപ്പിള്‍ പറയുന്നത് 'തങ്ങളുടെ ഉപയോക്താക്കളെ ഒളിഞ്ഞു നോക്കാന്‍ അനുവദിക്കില്ല' എന്നായിരിക്കും. പക്ഷേ, ചൈനീസ് സർക്കാർ ആവശ്യപ്പെട്ടാല്‍ അവരതു ചെയ്യാനും വഴിയുണ്ട്. ഇതിനെയാണ് തനി വേഷംകെട്ടല്‍ എന്നോ കാപട്യം എന്നോ വിളിക്കുന്നതെന്ന് വോഡ്ല്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA