sections
MORE

1,000 അടി താഴ്ചയിലേക്കു വീണിട്ടും ഒന്നും സംഭവിച്ചില്ല, ഐഫോൺ 7 ഇത്ര മികച്ചതോ?

iPhone7-plus
SHARE

ഐഫോണുകളുടെ നിര്‍മാണ മികവ് പുകള്‍പെറ്റതാണല്ലോ. ചെറിയ വീഴ്ചകളും മറ്റും അവ പൊതുവെ വലിയ പരിക്കുകളില്ലാതെ തരണം ചെയ്യാറുണ്ട്. പൊടിയും വെള്ളവും ചില മോഡലുകളെ പ്രശ്‌നത്തിലാക്കാറില്ല. കഴിഞ്ഞമാസം വാട്ടര്‍പ്രൂഫ് കെയ്‌സ് ഇല്ലാതെ ഒരു ഐഫോണ്‍ X, രണ്ടാഴ്ച വെളളത്തില്‍ കിടന്നു. ഡ്രോപ് ടെസ്റ്റുകളിലും പൊതുവെ മറ്റു പല ഫോണുകളെക്കാളും നല്ല പ്രകടനമാണ് ഐഫോണ്‍ മോഡലുകള്‍ കാണിക്കാറ്. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയില്‍ ഐഫോണുകള്‍ 1,000 അടി താഴ്ചയിലേക്കു വരെ വീണിട്ടും രക്ഷപെടുന്നതായാണ് കാണിച്ചിരിക്കുന്നത്.

ആദ്യ വിഡിയോയില്‍ ഐയോവയിലെ സാര്‍വിന്ദര്‍ എന്ന യുവതി തന്റെ സുഹൃത്തിനൊപ്പം ഒരു പഴയകാല ബൈപ്ലെയ്‌നില്‍ പറക്കുന്നതും അവരുടെ ഐഫോണ്‍ താഴെ വീഴുന്നതുമാണ് കാണിച്ചിരിക്കുന്നത്. നല്ല കാറ്റുണ്ടായിരുന്നതിനാല്‍ ഫോണ്‍ കുറേ ദൂരം മാറിയാണു വീഴുന്നത്. വിമാനത്തിന്റെ പൈലറ്റും സാമാന്യബുദ്ധിയും ഫോണിനെ ഇനി അന്വേഷിക്കേണ്ട എന്നു പറയുന്നു. എന്നാല്‍, പിന്നീട താഴെയിറങ്ങിക്കഴിഞ്ഞു നടത്തിയ തിരച്ചിലില്‍ ഫൈന്‍ഡ് മൈ ഐഫോണ്‍ ആപ്പിലൂടെ സാര്‍വിന്ദര്‍ തന്റെ ഐഫോണ്‍ കണ്ടെത്തി. ഫോണ്‍ വീണത് കട്ടികൂടിയ പുല്‍മെത്തയിലേക്കാണെന്നാണ് കണ്ടെത്തിയത്. ഫോണ്‍ പഴയതുപോലെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നു.

'ഇതു തന്നെയാണോ എന്റെ ഫോണ്‍? ഞാന്‍ കാണുന്നത് യാഥാര്‍ഥ്യമാണോ എന്നൊക്കെ ഞാന്‍ ചോദിച്ചു പോയി, എന്നാണ് അവര്‍ പ്രതികരിച്ചത്. 1,000 അടി താഴ്ചയിലേക്കു വീണിട്ടും പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ഒരു അദ്ഭുത ഫോണാണ് എന്നാണ് അവര്‍ പറഞ്ഞത്. ഏത് ഐഫോണ്‍ മോഡലാണ് താഴെ വീണത് എന്നെടുത്തു പറഞ്ഞിട്ടില്ല. പുല്ലില്‍ വീണതാണ് ഒരു പോറല്‍ പോലും ഏക്കാതെ ഐഫോണിനെ സംരക്ഷിച്ചതെന്നാണ് നിഗമനം. എന്നാല്‍, അമേരിക്കയിലെ തന്നെ ഒര്‍ളാണ്ടോയില്‍ നിന്നും പോസ്റ്റു ചെയ്തിരിക്കുന്ന മറ്റൊരു വിഡിയോയില്‍ കാന്‍സെല്‍ യില്‍ഡിറിം (Cansel Yildirim) എന്ന ഐഫോണ്‍ 7 പ്ലസിന്റെ ഉടമ ഒരു സ്റ്റാര്‍ഫ്‌ളൈയറില്‍ (StarFlyer) റൈഡു ചെയ്യുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വിങ് റൈഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. അപ്പോള്‍ അവരുടെ കയ്യില്‍ നിന്ന് ഫോണ്‍ വഴുതി താഴെ വാര്‍ക്കത്തറയിലേക്കു വീണുവെങ്കിലും വലിയ പരിക്കേറ്റില്ല. ഈ ഫോണിനും കെയ്‌സ് ഇല്ലാതിരുന്നു.

ആദ്യ ഉപയോക്താവിനെ പോലെ തന്നെ ഫൈൻഡ് മൈ ഐഫോണ്‍ ഉപയോഗിച്ചാണ് യില്‍ഡിറിമും ഫോണ്‍ കണ്ടുപിടിച്ചത്. ആകെ ഒരു പോറല്‍ മാത്രമാണ് ഫോണില്‍ കണ്ടത്. വിഡിയോ ക്യാമറ ആപ്പ് 450 അടി താഴ്ചയിലേക്കള്ള വീഴ്ച മുഴുവന്‍ റെക്കോഡു ചെയ്തിട്ടുമുണ്ട്. ഇവ രണ്ടും യാദൃശ്ചിക സംഭവങ്ങളാകാം. ആരും ഫോണ്‍ താഴെയിട്ടു ടെസ്റ്റു ചെയ്യേണ്ട. കൂടാതെ, താഴെ വീണ ഫോണ്‍ കുറച്ചു നേരത്തേക്കൊ, ദിവസത്തേക്കോ പ്രവര്‍ത്തിച്ചുവെന്നു പറഞ്ഞ് ഭാവിയില്‍ വീഴചയുടെ ആഘാതം നല്‍കിയ പ്രശ്‌നങ്ങള്‍ ഫോണ്‍ കാണിച്ചു തുടങ്ങില്ലെന്നും പറയാന്‍ പറ്റില്ല. വീണു പരിക്കേറ്റാല്‍ ഗ്യാരന്റിയും കിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA