sections
MORE

ഐഫോൺ Xനെ ‘വധിക്കാൻ’ ഗ്യാലക്സി X, ഞെട്ടിക്കും ഡിസ്പ്ലെ

Galaxy-X-Concept
SHARE

കുറച്ചു കാലമായി പറഞ്ഞു കേള്‍ക്കുന്ന സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇത്രയും കാലം ഫോണ്‍ നിര്‍മാണത്തില്‍ തുടര്‍ന്നിട്ടും കാര്യമായി തങ്ങളുടേതായ പുതുമകള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നു പഴികേട്ട കമ്പനിയാണ് സാംസങ്. (ഡിസൈനില്‍, ഒരു പക്ഷേ, അവരുടെ ഏറ്റവും നല്ല സംഭാവന ഗ്യാലക്‌സി നോട്ട് എഡ്ജ് (Edge) സീരിസായിരിക്കും. അതാകട്ടെ, നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അത്ര വലിയൊരു ഹിറ്റുമായില്ല.) ചൈനീസ് കമ്പനി വാവെയ് പോലും തങ്ങളുടെ സ്വന്തം പാത വെട്ടിത്തുറന്നു മുന്നേറുന്നു. സാംസങ് ആകട്ടെ, അടുത്ത കാലത്ത് സ്മാര്‍ട് ഫോണ്‍ ബിസിനസില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാര്യമെടുത്താല്‍, വിപണി നിരീക്ഷകര്‍ പറയുന്നത് ഷവോമി അവരെ പുറത്താക്കുന്ന ലക്ഷണമാണ് കാണുന്നതെന്നാണ്.

എന്നാല്‍, ഒരു വര്‍ഷത്തിലേറെയായി സാംസങ് അവരുടെ ഒരു സവിശേഷ ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണത്തിലാണ് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. പുതിയ മോഡല്‍, ഫോണ്‍ സങ്കല്‍പത്തില്‍ കുറേ മാറ്റങ്ങള്‍ വരുത്തുമെന്നും പറയുന്നു. ഐഫോണ്‍ X സീരിസിനെയൊക്കെ തോല്‍പ്പിക്കുമത്രെ. എന്തായാലും വിലയുടെ കാര്യത്തില്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കാമെങ്കില്‍, തോല്‍പ്പിക്കുക തന്നെ ചെയ്യും. തുടക്ക മോഡല്‍ ഐഫോണ്‍ Xന് 999 ഡോളറായിരുന്നല്ലോ വില. 2018 ല്‍ ഐഫോണ്‍ Xന്റെ പിന്‍ഗാമിക്കു വില കുറയ്ക്കുമെന്നും കേള്‍ക്കുന്നു. എന്തായാലും സാംസങ് അവരുടെ സവിശേഷ ഹാന്‍ഡ്‌സെറ്റിന് ഒരു ഒന്നര ഐഫോണ്‍ Xന്റെ വില (1500 ഡോളറിനു മുകളില്‍) ഇടാനാണു തീരുമാനിച്ചിരിക്കുന്നതെന്നാണു പറയുന്നത്. എന്താണാവോ ഈ ഫോണില്‍ നിറച്ചിരിക്കുന്നത്? നോക്കാം:

ഈ ഫോണിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എൻജിനീയര്‍മാരും മറ്റും ഹാന്‍ഡ്സെറ്റിനെ വിളിക്കുന്നത് 'വിന്നര്‍' അല്ലെങ്കില്‍ വിജയി എന്നാണത്രേ. തുറക്കുമ്പോള്‍ 7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാകാനും ആവശ്യമില്ലാത്തപ്പോള്‍ ഒരു സാധാരണ സ്മാര്‍ട് ഫോണിന്റെ വലുപ്പത്തിലേക്കു മടക്കാനുമുള്ള ശേഷിയാണ് സാംസങ്ങിന്റെ 'വിജയി'ക്കുള്ളത്. ഈ ഫോണിനെ ഒരു പുതിയ പ്രോഡക്ട് കാറ്റഗറി ആയി കാണാന്‍ കഴിയുമെന്നാണ് പറയുന്നത്. സ്മാര്‍ട് ഫോണിനും ടാബിനും ഇടയിലുള്ള ഒരു പാലം. സാംസങ്ങിന്റെ ഫോണ്‍ ശ്രേണിയില്‍, ഗ്യാലക്‌സി S സീരിസിനും നോട്ട് സീരിസിനും മുകളിലായിരിക്കും പുതിയ ഫോണിന്റെ സ്ഥാനം. മടക്കാവുന്ന ഫോണ്‍ എന്നു പറഞ്ഞാല്‍ വെറും തട്ടിപ്പായിരിക്കില്ലേ എന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, അതൊന്നുമല്ല, ഇപ്പോള്‍ മടുത്തു തുടങ്ങിയ പരമ്പരാഗത ഹാന്‍ഡ്‌സെറ്റ് നിര്‍മാണ രീതിയെക്കാള്‍ സാംസങ്ങിന്റെ പുതിയ ഘടന പുതുമകള്‍ കൊണ്ടുവരുമെന്നു പറയുന്നവരുമുണ്ട്.

ഗ്യാലക്‌സി X എന്നായിരിക്കാം ഇതിന്റെ പേര്. ഫോണിന് 1850 ഡോളര്‍ വരെ വിലയിട്ടേക്കുമെന്നും കേള്‍ക്കുന്നു. (ഇന്ത്യൻ വിപണിയിൽ ഒന്നര ലക്ഷം രൂപയ്ക്കു മുകളില്‍ പ്രതീക്ഷിക്കാം.) തുറക്കുമ്പോള്‍ വിരിഞ്ഞു വരുന്ന പ്രധാന സ്‌ക്രീന്‍ കൂടാതെ, മടക്കുമ്പോള്‍ ഒരു വശത്ത് ഒരു സ്‌ക്രീന്‍ ആകുമെന്നും മറുവശത്ത് ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നു എന്നുമാണ് സൂചന. സ്‌ക്രീന്‍ ടെക്‌നോളജിയിലും മറ്റും മുന്നിലുള്ള സാംസങ് ഒരു മികച്ച പ്രോഡക്ട് തന്നെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. മടക്കാവുന്ന ഫോണ്‍ സാംസങ്ങിന്റെ കൊറിയന്‍ എതിരാളി എല്‍ജിയും നിര്‍മിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. മടക്കാവുന്ന ഡിസ്‌പ്ലെ അവരും നിര്‍മിച്ചു കഴിഞ്ഞു. എല്‍ജിയുടെ മടക്കാവുന്ന ഡിസ്‌പ്ലെ ഉപയോഗിച്ച്, ആപ്പിളും അത്തരമൊരു ഫോണ്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA