sections
MORE

വാവെയ് യുഎസ് ഐഫോണിനെ കീഴടക്കി, ആഘോഷിച്ച് ചൈന

iphone-x-vs-huawei-p20-pro
SHARE

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ആപ്പിളിനെ പിന്തള്ളി ചൈനീസ് ഹാൻഡ്സെറ്റ് നിര്‍മ്മാതാക്കളായ വാവെയ് രണ്ടാം സ്ഥാനതെത്തി. ഏകദേശം 54 ദശലക്ഷം ഫോണുകളാണ് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ‌ നാൽപ്പതു ശതമാനത്തിന്‍റെ വർധനവാണ് വിപണനത്തിന്‍റെ കാര്യത്തിൽ ചൈനീസ് കമ്പനി സ്വന്തമാക്കിയത്. 

എഴുപതു ദശലക്ഷത്തിലേറെ ഫോണുകൾ വിറ്റ സാംസങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പത്തു ശതമാനം ഇടിവാണ് സാംസങിന് വിപണത്തിൽ സംഭവിച്ചിട്ടുള്ളത്. വാവെയ് കമ്പനിയുടെ മുന്നേറ്റത്തെ ചൈനീസ് മാധ്യമങ്ങൾ വൻ ആഘോഷമാക്കി. ഇത് ആദ്യമായാണ് ഫോൺ വിൽപ്പനയിൽ ചൈനീസ് കമ്പനി രണ്ടാം സ്ഥാനത്തെത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ വിപണിയായ യുഎസിൽ കാര്യമായ സ്വാധീനം ചെലുത്താതെയാണ് വാവെയ് ആഗോള വിപണിയിൽ കുതിച്ചു ചാട്ടം നടത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. സുരക്ഷ സംബന്ധമായ ആശങ്കകളാണ് യുഎസിൽ പിടിമുറുക്കുന്നതിൽ വാവെയ്ക്ക് തടസമാകുന്നത്. ചൈന സർക്കാർ വിവരശേഖരണത്തിന് ഉപയോഗിച്ചേക്കുമെന്ന ആശങ്കയാണ് ഔദ്യോഗികമായി ഉയർന്നിട്ടുള്ളത്. എന്നാൽ തങ്ങളുടെ ഫോണുകൾ ഒരു തരത്തിലുള്ള സുരക്ഷ ഭീഷണിയും ഉയർത്തുന്നതല്ലെന്ന നിലപാടിലാണ് വാവെയ്. ഏഷ്യ – പസഫിക് മേഖലയിൽ വിലകുറഞ്ഞ സ്മാർട് ഫോണുകളുമായാണ് കമ്പനി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്.

സ്മാർട് ഫോൺ മേഖലയിൽ മുന്നേറുമ്പോഴും ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് കനത്ത വെല്ലുവിളിയാണ് വാവെയ് അഭിമുഖീകരിക്കുന്നത്. വാവെയുടെ ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കുന്നതുയർന്ന സുരക്ഷ പ്രശ്നം ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും അടുത്തിടെ ഉയർത്തിയിരുന്നു. 5ജി സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ തന്നെ കരുത്തു കാട്ടാൻ ഒരുങ്ങുന്ന വാവെയ്ക്ക് കടുത്ത ഭീഷണിയാണ് സുരക്ഷയിലുള്ള ഈ ആശങ്ക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA