sections
MORE

‘സ്വർണ ഐഫോണ്‍’ അവതരണം 12ന്; വില, ഫീച്ചറുകൾ അറിയാം

IPHONE-XS
SHARE

കഴിഞ്ഞ വര്‍ഷത്തെ പോലെ കൊട്ടിഘോഷിക്കല്‍ ഇല്ലാതെയാണെങ്കിലും 2018 ഐഫോണ്‍ അവതരണ തിയതി അടുക്കുകയാണ്. ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി കമ്പനിയുടെ ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാനമായ ദിവസമാണ് ഐഫോണ്‍ അവതരണ ദിനം. അവതരണം സെപ്റ്റംബര്‍ 12 നു നടക്കുമെന്നറിയിച്ച് കമ്പനി ക്ഷണക്കത്തുകള്‍ അയച്ചു. ക്ഷണക്കത്തില്‍ സ്വര്‍ണ നിറത്തിലും, ചെമ്പിന്റെ നിറത്തിലുമുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് പുതിയ ഐഫോണുകള്‍ക്ക് ഈ നിറങ്ങളിലുള്ള വേരിയന്റുകള്‍ ഉണ്ടാകുമെന്നതി‌ന്റെ സൂചനയാണെന്നു ചിലര്‍ വായിച്ചെടുക്കുന്നു. സ്വര്‍ണ നിറത്തിലുള്ള ഒരു ഫോണ്‍ ഉണ്ടാകുമെന്നു തന്നെയാണ് കരുതുന്നത്.

ഈ ദിവസം ഐഫോണുകളെ കൂടാതെ മറ്റു ചില ഉപകരണങ്ങളും അനാവരണം ചെയ്‌തേക്കുമെന്നും കേള്‍ക്കുന്നു. ആപ്പിള്‍ വാച്ച് ഉറപ്പായും ഉണ്ടാകുമെന്നു പറയുന്നു. കഴിഞ്ഞ ദിവസം 9to5Ma c വെബ്‌സൈറ്റ് രണ്ട് ഐഫോണ്‍ മോഡലുകളുടെയും ആപ്പിള്‍ വാച്ചിന്റെയും ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ, ഐപാഡ് പ്രോ, വില കുറഞ്ഞ മാക്ബുക്ക് എന്നിവയും കണ്ടേക്കാം.

കുപ്പര്‍ട്ടീനൊയില്‍ പണിതിട്ടുള്ള ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍, മൂന്ന് ഐഫോണുകള്‍ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നും ഐഫോണ്‍ വില്‍പ്പനയിലൂടെയാണ് നേടുന്നത്. ഐഫോണ്‍ Xന്റെ പിന്‍ഗാമികളായി രണ്ട് ഓലെഡ് സ്‌ക്രീനുള്ള മോഡലുകളും, ഒരു എല്‍സിഡി സ്‌ക്രീനുള്ള മോഡലും. മൂന്നു മോഡലുകള്‍ക്കും ഫെയ്‌സ്‌ഐഡി കണ്ടേക്കുമെങ്കിലും എല്‍സിഡി സ്‌ക്രീനുള്ള മോഡലിന് ഇരട്ട പിന്‍ ക്യാമറ സിസ്റ്റം ഉണ്ടാവണമെന്നില്ല.

കഴിഞ്ഞ വര്‍ഷം വരെ തുടര്‍ന്ന രീതിക്ക് മാറ്റം വരുത്തുകയാണ് ആപ്പിള്‍ ഈ വര്‍ഷം. രണ്ടു പ്രീമിയം മോഡലുകളും ഒരു വില കുറഞ്ഞ മോഡലുമെന്ന പുതിയ ബിസിനസ് തന്ത്രം പരീക്ഷിക്കാനാണ് കമ്പനി ഈ വര്‍ഷം ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ Xന്റെ വലുപ്പമുള്ള (5.8-ഇഞ്ച്) ഒരു മോഡലും 6.5-ഇഞ്ച് വലുപ്പമുള്ള മോഡലും. (വലുപ്പക്കൂടുതലുള്ള മോഡലിനു പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ ഐഫോണ്‍ Xs, X പ്ലസ് എന്നിവയാണ്.) ഈ മോഡലുകളിലെങ്കിലും വട്ടത്തിലുള്ള ഹോം ബട്ടണും, ഫിംഗര്‍പ്രിന്റ് സ്‌കാനറും പഴങ്കഥയാകുന്നതു പോലെ, 3D ടച്ചും ഉണ്ടായേക്കില്ലെന്നും പറയുന്നു. (ആന്‍ഡ്രോയിഡ് അനുകര്‍ത്താക്കള്‍ക്ക് എളുപ്പത്തില്‍ പകര്‍ത്താനാകാതിരുന്ന 3D ടച്ചിന് എന്തിനാണ് ആപ്പിള്‍ അന്ത്യചുംബനം നല്‍കുന്നതെന്ന് അറിയില്ല. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ കാര്യമായി ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് കമ്പനിയെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്.)

വാച്ച് സീരിസ്

വാച്ച് സീരിസ് 4 എന്നായിരിക്കും ഈ വര്‍ഷത്തെ ആപ്പിള്‍ വാച്ചുകളെ വിളിക്കുകയെന്നു കരുതുന്നു. മുന്‍വര്‍ഷങ്ങളിലെ മോഡലുകളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു മുഖമാണ് ഈ വര്‍ഷം ഉണ്ടാകുക എന്നാണ് പുറത്തു വന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഐഫോണുകളെ പോലെ വാച്ചിനും ബെസല്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രകടമായ ഡിസൈന്‍ മാറ്റം. കൂടുതല്‍ വലിയ ഡിസ്‌പ്ലെ കഴിഞ്ഞ വര്‍ഷത്തെയത്ര വലുപ്പത്തില്‍ കിട്ടുമെന്നതാണ് ആപ്പിള്‍ വാച്ച് പ്രേമികളെ ഉത്സാഹഭരിതരാക്കാവുന്ന ഒരു വാര്‍ത്ത.

ചില പ്രവചനങ്ങള്‍

ഈ വര്‍ഷത്തെ മോഡലുകള്‍ ഐഫോണ്‍ X/8/8പ്ലസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്യാകര്‍ഷകമായേക്കില്ല. എന്നാല്‍ ഐഫോണ്‍ 7/7 പ്ലസ് മുതല്‍ പിന്നിലേക്കുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് താൽപര്യജനകമായ പല ഫീച്ചറുകളും കണ്ടേക്കാം.

ഐഫോണ്‍ മോഡലുകളും, ആപ്പിള്‍ വാച്ചും പുറത്തിറക്കിയേക്കുമെങ്കിലും, ഐപാഡ് പ്രോ, മാക്ബുക്ക് തുടങ്ങിയവ മറ്റൊരവസരത്തിലായിരിക്കും പുറത്തിറക്കുക. ഐപാഡുകള്‍ക്ക് ശക്തമായ ഒരു ഗ്രാഫിക്‌സ് പ്രൊസസറും, ബെസല്‍ കുറച്ച സ്‌ക്രീനും, ഫെയ്‌സ് ഐഡിയും പ്രതീക്ഷിക്കുന്നു. ഐഫോണ്‍ Xs ന്റെ തുടക്ക വില 1200, 1300 ഡോളര്‍ വരെ ആയിരിക്കാം.

ഐഫോണിന് ഈ വര്‍ഷം വലിയ വളര്‍ച്ചയുണ്ടായേക്കില്ല. 0.5 മുതല്‍ 5 ശതമാനം വരെ വളര്‍ച്ചയെ ഉണ്ടാകൂ. സര്‍വീസുകളില്‍ നിന്നും ആപ്പ് വില്‍പനയില്‍ നിന്നുമായിരിക്കും ആപ്പിള്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA